Advertisement

നീലക്കുറിഞ്ഞി വസന്തം കാണാന്‍ പ്രളയം തകര്‍ത്ത പാതയിലൂടെ…

September 4, 2018
Google News 0 minutes Read
neelakurainji

പ്രളയം തകര്‍ത്തെറിഞ്ഞതെല്ലാം പഴയപടിയാകുകയാണ്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന ജില്ല ഇടുക്കിയാണ്. ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം ഇടുക്കി പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇനി വീണ്ടെടുക്കലിന്റെ നാളുകളാണ്. റോഡുകളും പാലങ്ങളും അടക്കം വലിയ നാശനഷ്ടമാണ് ജില്ലയുടെ പലയിടത്തും. നഷ്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ വേദനയായി അവശേഷിക്കുന്നത് മൂന്നാറിലെ കുറിഞ്ഞി വസന്തം തന്നെ.

12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞി വസന്തത്തിന് തുടക്കമായി. മൂന്നാറില്‍ നിന്നും ഇരവികുളത്തേക്കുള്ള റോഡില്‍ പാലം തകര്‍ന്നുകിടക്കുന്നതിനാല്‍ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചേരുക വളരെ പ്രയാസമാണ്. ഏകദേശം 12 കിലോമീറ്ററോളം കാട്ടിലൂടെയും തേയില തോട്ടങ്ങളിലൂടെയും സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലരും ഇരവികുളത്തേക്ക് എത്തിയത്. തകര്‍ന്നു കിടക്കുന്ന പാലം വഴി വാഹനങ്ങള്‍ പോകാത്തതാണ് യാത്ര ഇത്ര ദുര്‍ഘടമാക്കുന്നത്. അതേസമയം, കാല്‍നടയായി പാലം കടക്കാന്‍ സാധിക്കും. അങ്ങനെ പാലം കടന്നാല്‍ പാലത്തിന് അപ്പുറത്ത് നിന്ന് ഇരവികുളത്തേക്ക് പോകാന്‍ ജീപ്പ്, ഓട്ടോ സൗകര്യം ലഭ്യമാണ്. 2280 പേരെയാണ് ഒരു ദിവസം പ്രവേശിപ്പിക്കുക. ഇരവികുളം ദേശീയ ഉദ്യാനത്തിലും വട്ടവട പരിസരങ്ങളിലുമായാണ് ഇപ്പോള്‍ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.

നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളും ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രത്യേകതയാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ നീലക്കുറിഞ്ഞി വസന്തം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ പറയുന്നത്.

പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (സ്‌ട്രോബിലാന്തസ് കുന്തിയാനി). 12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലഘട്ടത്തിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയും ഇല്ലാത്ത പൂവാണ് നീലക്കുറിഞ്ഞി. എന്നാല്‍, സീസണില്‍ ഒരു പ്രദേശം മുഴുവന്‍ ഇവ പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ കണ്ണിനും മനസിനും കുളിരേകും. മഞ്ഞു കണങ്ങളില്‍ തട്ടി ഇളം കാറ്റേറ്റ് അവ നിരനിരയായി നില്‍ക്കുന്നത് കാണുമ്പോള്‍ ഇത് തന്നെയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് തോന്നിപ്പോകും. വരയാടിന്‍ പറ്റങ്ങള്‍ പാറമുകളിലൂടെ ഓടിമറയുന്നതും രാജമലയിലെ അപൂര്‍വ്വ കാഴ്ചയാണ്. 1838 ലാണ് നീലക്കുറിഞ്ഞി ആദ്യമായി കണ്ടെത്തുന്നത്. 2006 മുതല്‍ കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കിയിട്ടുണ്ട്.

ചിത്രങ്ങള്‍: ജെഫ്രി ജെയ്‌സണ്‍ തരകന്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here