Advertisement

എന്തുകൊണ്ട് മെന്‍സ്ട്രുവല്‍ കപ്പ്?; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

September 7, 2018
Google News 4 minutes Read
menstrual cup

ഒരുകാലത്ത് സമൂഹം മുഴുവന്‍ അശുദ്ധമായി കണ്ട, പരസ്യമായി സംസാരിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ ഒരു വിഷയമായിരുന്നു ആര്‍ത്തവം. സ്ത്രീകളിലെ മെന്‍സസ് ടൈമിനെ മതങ്ങളടക്കം അശുദ്ധമായി പ്രതിനിധാനം ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഏറെക്കുറെയൊക്കെ ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എങ്കിലും ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ സംബന്ധിച്ച് ഏറ്റവും വിഷമമേറിയ ഒരു കാലഘട്ടമാണ് ആര്‍ത്തവ ദിവസങ്ങള്‍. മെന്‍സസ് ദിവസങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ പോലും അവള്‍ അസ്വസ്ഥയായിരിക്കും. ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു യുവതി മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്.

ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചപ്പോള്‍ തനിക്ക് അനുഭവപ്പെട്ട ഗുണങ്ങള്‍ നസ്രി നമ്പ്രം എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഗുണങ്ങളെ പറ്റിയും അത് സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെ പറ്റിയുമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് സംസാരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“എനിക്ക് ആണായാൽ മതിയായിരുന്നു എന്ന് ഞാൻ സീരിയസ് ആയി എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് എൻ്റെ മെൻസസ് ടൈമിൽ ആണ്. ഏറെകുറേ ഇങ്ങനൊരു വിഷയം നമ്മുടെ സ്വകാര്യ സംസാരങ്ങളിൽ മാത്രം ഇടം പിടിച്ച ഒന്നായിരുന്നു. ജീവിതത്തിൽ ഒരോ പെൺകുട്ടിയുടേയും ഭാഗമായി മാറേണ്ട നാപ്കിൻ വളരെ കഷ്ടപ്പെട്ട് ലേഡീസ് മാത്രം ഉള്ള കടയിൽ നിന്നോ അല്ലെങ്കിൽ അത്യാവശ്യം പ്രായക്കൂടുതൽ ഉള്ള, അനാവശ്യ കമന്റ്‌ വരില്ല എന്നുറപ്പുള്ള പരിചിതരുടെ കടയിൽ നിന്നോ മാത്രംവാങ്ങി കൊണ്ട് പോകുന്നതിന്റെ ഗതികേട് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അപ്രതീക്ഷിതമായി ആവശ്യം വരുന്ന സാഹചര്യങ്ങളിൽ തനിയെ പുറത്ത് പോയി വാങ്ങാൻ കഴിയാതെയും, ഒപ്പം ഉള്ളത് ആൺകുട്ടികൾ(സ്വന്തം സഹോദരൻ ആയാലും) ആയതിനാൽ മറ്റൊരാളെ പകരം കടയിൽ പറഞ്ഞയക്കാൻ കഴിയാതെയും ഒരുപാട് ബുദ്ധിമുട്ടിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെ പറഞ്ഞാലും ആ പീരിയഡ് ടൈം എന്നെ സംബന്ധിച്ച് വളരെയധികം ശാരീരിക അസ്വസ്ഥതകളും, മാനസിക പിരിമുറുക്കങ്ങളും നിറഞ്ഞ കാലഘട്ടം തന്നെയായിരുന്നു.

അതിന്റെ ഒന്നാമത്തെ കാരണം ആയി എനിക്ക് തോന്നിയത് നേരെ പറഞ്ഞാൽ ഈ “വെച്ച് കെട്ടൽ” തന്നെ. രണ്ടാം ദിവസത്തെ ഓവർ ഫ്ലോ കാരണം എവിടെ ഇരുന്നാലും സേഫ് അല്ലെന്നുള്ള ഫീലിംഗ്, ബസ്സിൽ കയറിയാൽ ആരെങ്കിലും ഒഴിഞ്ഞ സീറ്റ്‌ ചൂണ്ടിക്കാണിച്ചു തന്നാലും ഇരിക്കാൻ ഉള്ള ഭയം, ലീക്ക് ആയോ എന്ന ബലമായ സംശയം കാരണം ആൾക്കൂട്ടത്തിനിടയിൽ പോലും സ്വയം മറന്നുള്ള ഡ്രെസ്സിന്റെ ബാക്ക് ഭാഗത്തേക്കുള്ള പിന്തിരിഞ്ഞു നോട്ടം, എല്ലാത്തിനും പുറമേ ഒരു നനഞ്ഞ പ്ലാസ്റ്റിക് വെച്ച് കെട്ടിയ ഫീലിംഗ് പോലെ ബ്ലഡ്‌ കലർന്ന നാപ്കിൻ വെച്ചുള്ള നടത്തം, ഉള്ളിൽ ഉള്ള irritation പുറത്തു കാണിക്കാതെ സാധാരണയിൽ സാധാരണ ദിനമായി ചുറ്റുമുള്ളവർക്ക് മുമ്പിൽ പെരുമാറാൻ ഉള്ള പെടാപ്പാട്..!!

ഈ നാപ്കിൻ എന്ന പദം തന്നെ വളരെ
പരസ്യമായി ഒട്ടും ചമ്മൽ ഇല്ലാതെ എനിക്ക് 
പൊതുവിൽ സംസാരിക്കാൻ ധൈര്യം കൈവന്നത് ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷമാണ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നാപ്കിൻ പാഡ് കൂടി ഉൾപ്പെടുത്തണം എന്ന് തുടങ്ങി അതിന്റെ ബ്രാൻഡ് നെയിം വിത്ത്‌ സൈസ് ഡീറ്റെയിൽസ് ഉൾപ്പടെ ആൺപെൺ വ്യത്യാസം നോക്കാതെ പറഞ്ഞ് കാര്യം ധരിപ്പിക്കേണ്ടി വന്നു. കാരണം അത് ഒരു പെണ്ണിനോട് എത്രമാത്രം അവശ്യ വസ്തുവാണെന്നും, മറ്റ്‌ വഴികൾ എല്ലാം ദുസ്സഹമായ അത്തരം സാഹചര്യത്തിൽ അതിന്റെ ആവശ്യം എത്രത്തോളം വലുതാണെന്നും മനസ്സിലാക്കാൻ, അത് അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കാൻ നമ്മൾ തന്നെ വേണം എന്നും ആത്മാർഥമായി തിരിച്ചറിയാനും പ്രവർത്തികമാക്കാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. പഴയ കാലത്തെ അപേക്ഷിച്ച് നാപ്കിൻ ഒരു ആധുനിക സംവിധാനം തന്നെ ആണ്. (പറഞ്ഞ് ശീലം കൊണ്ട് എല്ലാവരും പൊതുവിൽ നാപ്കിൻ അല്ലെങ്കിൽ pad എന്ന് വിശേഷിപ്പിക്കാറില്ല. Stayfree എന്ന ബ്രാൻഡ് നെയിം ആയാണ് ഈ ഉൽപ്പന്നം അറിയപ്പെടുന്നത് തന്നെ). കോട്ടൺ തുണികൾ ഉപയോഗിച്ചു ശീലിച്ചവർക്ക് ഇത് ഒരു വലിയ സംവിധാനം ആയി തോന്നിയേക്കാം. എന്നിരുന്നാലും അത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ചെറുതല്ല. ഒരു വഴിക്ക് പെട്ട് പോയാൽ ചേഞ്ച്‌ ചെയ്യണമെങ്കിൽ പുതിയതൊന്നു കയ്യിൽ കരുതണം, അതിനേക്കാൾ പ്രയാസം ഉപയോഗിച്ചത് എവിടെ കളയണം എന്നുള്ളതാണ്. മുഴുവൻ കോട്ടൺ അല്ലാത്തത് കൊണ്ട് ബാക്കി വരുന്ന പ്ലാസ്റ്റിക് വേസ്റ്റ് സ്വന്തം വീട് അല്ലാത്ത ഒരിടത്തു എത്തിപ്പെടുമ്പോൾ എവിടെ കളയും എന്നുള്ളത് വല്ലാത്ത ആകുലതയാണ്. താത്കാലിക രക്ഷപ്പെടലെന്നോണം ക്ലോസെറ്റിൽ കളഞ്ഞു പൈപ്പ് ബ്ലോക്ക്‌ ആക്കിയവരും കുറവല്ല. ഇനി ഇതൊക്കെ comfort ആയാലും അത് വഴി infection പോലുള്ള പ്രശ്നങ്ങൾ ഉള്ളവരും നമ്മുടെ ഇടയിൽ ധരാളം. പിന്നെ വേറെ വഴിയൊന്നും തത്കാലം ഇല്ലാത്തത് കൊണ്ട് ഉപയോഗിക്കുന്നു എന്നേ ഉള്ളൂ. ഈ ബുദ്ധിമുട്ടെങ്ങാനും ആകെ പറയാൻ കഴിയുന്ന സ്വന്തം ഭർത്താവിനോടെങ്ങാനും പറഞ്ഞാൽ “ഓഹ് ഇതൊക്കെ നിനക്ക് മാത്രം ഉള്ളതല്ലേ… ലോകത്തു വേറെ ആർക്കും മെൻസസ് ആകാറില്ല” എന്ന ഭാവം ആയിരിക്കും പ്രതികരണത്തിൽ മുഴുവൻ.

ആ ഒരാഴ്ചക്കാലത്തെ ബുദ്ധിമുട്ടിനു ഇത്രേം കാലത്തെ എക്സ്പീരിയൻസ് ഉണ്ടായിട്ടും പ്രെഗ്നന്റ്സി സമയം എനിക്ക് ഏറ്റവും സൗകര്യം തോന്നിയത് ഈ ഒരൊറ്റ കാര്യത്തിനായിരുന്നു.”മെൻസസ് ആവില്ലല്ലോ ന്ന് “. പ്രസവിച്ചു 40 ദിവസം കഴിഞ്ഞു കുറച്ച് കാലത്തേക്ക് കൂടി എനിക്ക് ആ ആനുകൂല്യം കിട്ടിയിട്ടുണ്ട്. അങ്ങനെ അല്ലാത്തവരും ഉണ്ട്. ഈ വലിയ പ്രായത്തിലും ഉമ്മയോട് ഞാൻ ചോദിച്ച ഒരു മണ്ടത്തരം ആണ് “ഉമ്മാ…പ്രസവം നിർത്തിയാൽ മെൻസസ് നിൽക്കുമോ” എന്ന്. 
50 കഴിയുമ്പോൾ ഗർഭപാത്രം തനിയെ നിർത്തിക്കോളും എന്നും അതല്ലെങ്കിൽ ഗർഭപാത്രം തന്നെ ഓപ്പറേഷൻ ചെയ്ത് പുറത്ത് കളയാതെ വേറെ വഴി ഇല്ലാന്നും ഉമ്മ പറഞ്ഞപ്പോൾ “കുറച്ച് വയസ്സായിപ്പോയാലും സാരില്ല” ഇതൊന്നു നിന്ന് കിട്ടിയാൽ മതി എന്ന് ആഗ്രഹിച്ച ഒരാളാണ് ഞാൻ. ഈ discomfort കാരണം മെൻസസ് ടൈമിൽ എനിക്ക് മറ്റുള്ളവർക്ക് നേരെ പെട്ടെന്ന് ദേഷ്യം വരാറുണ്ട്. അത് വേറൊന്നും കൊണ്ടല്ല ആ സമയത്തെ മാനസിക പിരിമുറുക്കം തീർക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ടാണ്.

അങ്ങനൊരു ജീവിതഭാരവും പേറി “വേറെ രക്ഷയില്ല” എന്ന് സ്വയം വിശ്വസിപ്പിച്ചു മാസത്തിൽ രണ്ട് വലിയ stayfree പാക്ക് തീർക്കുന്ന എനിക്ക് മുമ്പിൽ വലിയൊരു സൊല്യൂഷൻ ആയി menstrual cup കടന്നു വന്നപ്പോൾ ഉപയോഗിച്ച് comfort ആണെങ്കിൽ എൻ്റെ സൗഹൃദങ്ങൾക്കിടയിൽ പങ്ക് വെക്കണം എന്നും, എന്നെ പോലെ നിങ്ങൾക്കും ഇത് ഉപകാരപ്പെടണം എന്നും തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്‌. പറയാതെ ആരും അറിയില്ലെന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ആദ്യം ഇത്രയും വിവരിക്കേണ്ടി വന്നത്.അല്ലെങ്കിൽ പറയുന്ന എൻ്റെ ശരിയായ ഉദ്ദേശ്യത്തെ മനസ്സിലാക്കാതെ ഈ പോസ്റ്റ്‌ പുച്ഛിച്ചു തള്ളിയേക്കാം. അതൊരു മുൻകരുതൽ അല്ല. വായിക്കുന്നവർ ആണായാലും പെണ്ണായാലും തീർച്ചയായും അറിഞ്ഞിരിക്കണം എന്ന നിർബന്ധം ആണ്. കാരണം ഓരോരുത്തരുടെയും ജനനത്തിന് പിന്നിലും ഉള്ള ഉമ്മ കടന്നു പോയ ഈ അവസ്ഥ കൂടി കാരണമാണ്.

ഇനി Menstrual കപ്പ്‌ ഉപയോഗിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട ഗുണങ്ങൾ പങ്കുവെക്കാം,

ബ്ലഡ്‌ ലീക്ക് ഇല്ല, അതവിടെ വെച്ചതിന്റെ പേരിൽ irritations അല്ലെങ്കിൽ ഒരധിക ബുദ്ധിമുട്ടോ ഇല്ല. യാത്രയിലും, രാത്രി ഉറക്കത്തിലും വളരെ comfort ഫീൽ ചെയ്തു. കൈകാര്യം ചെയ്യാൻ എളുപ്പം, വേസ്റ്റ് വരുന്നില്ല, ദൂരെ എവിടെ ആയാലും ക്ലീൻ ചെയ്തു re-use ചെയ്യാൻ എളുപ്പം, എല്ലാത്തിനും പുറമേ ഈ ഒരൊറ്റ കപ്പ്‌ 10 വർഷം വരെ ഉപയോഗിക്കാം. 250 രൂപ മുതൽ ആണ് വില. ക്വാളിറ്റി കൂടുന്നതിനു അനുസരിച്ചു വിലയിൽ മാറ്റം ഉണ്ട്. വൃത്തിയായി ഉപയോഗിക്കേണ്ടതിനാലും, ശരീരത്തിൽ ഒട്ടിച്ചേർന്നു കിടക്കേണ്ടതിനാലും കിട്ടാവുന്നതിൽ നല്ലത് തന്നെ വാങ്ങി ഉപയോഗിക്കുക. ഓൺലൈൻ വഴി ബുക്ക്‌ ചെയ്യാവുന്നതാണ്. നിലവിൽ ഇത് ഉപയോഗിച്ച ഒരാൾ എന്ന നിലയിലും, ഇതുവരെ നാപ്കിൻ ഉപയോഗിച്ച് അതിന്റെതായ ബുദ്ധിമുട്ടുകൾ അനുഭവിച്ചതിനാലും menstrual cup ന്റെ പോരായ്‌മ എന്ന് പറയാൻ എനിക്ക് ഇപ്പോൾ ഒന്നും തന്നെ ഇല്ല. എനിക്ക് വളരെ സേഫ് ആയും, comfort ആയും മാത്രമാണ് ഫീൽ ചെയ്തത്.

കൂടുതൽ ഡീറ്റൈൽസും ഉപയോഗിക്കേണ്ട രീതിയും അടങ്ങുന്ന youtube ലിങ്ക് താഴെ ചേർക്കുന്നു. അറിയുക ഒപ്പം പങ്ക് വെക്കുക. പ്രയോജനപ്പെടുത്തുക.

Please open Link.Then learn and share ur all angels…?

https://youtu.be/6h-a6qVMj70

ഇത് വെറും ചെറിയ കാലയളവിൽ ഉള്ള ഒരു പ്രതിഭാസം അല്ല എന്നുള്ളത് ആദ്യം മനസിലാക്കുക. ഒരു പെൺ ജീവിതത്തിന്റെ നല്ലൊരു ഭാഗത്തോടൊപ്പം ചേർത്ത് കെട്ടിയ ഒന്നാണ് ആർത്തവം. ആ കാലയളവിൽ അവളെ ചേർത്ത് പിടിക്കണം. അവൾ അമ്മയാണ്, പെങ്ങളാണ്, വരും തലമുറയുടെ സ്പന്ദനം അവളിൽ ആണ് കുടികൊള്ളുന്നത്. അവൾ അതിന്റെ സ്വകാര്യ കാവൽകാരി കൂടിയാണ്. Respect her…”

നസ്രി നമ്പ്രം 
05/09/2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here