Advertisement

സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ കെട്ടുകെട്ടിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

September 24, 2018
Google News 1 minute Read

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചതിന് പിന്നാലെ സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ അനായാസം കീഴടക്കി ഇന്ത്യ ഫൈനലില്‍. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ 237 എന്ന സ്‌കോര്‍ 39.3 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുക്കെട്ട് തകര്‍ക്കാന്‍ പാകിസ്ഥാന് കഴിയാതെ വന്നതോടെ മത്സരം ഏകപക്ഷീയമായി. സ്‌കോര്‍ബോര്‍ഡില്‍ 210 റണ്‍സ് ആയപ്പേഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 100 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ റണ്ണൗട്ട് ആകുകയായിരുന്നു. ഏകദിന കരിയറിലെ 15-ാം സെഞ്ച്വറിയാണ് പാകിസ്ഥാനെതിരെ ധവാന്‍ സ്വന്തമാക്കിയത്.

ധവാന്‍ പുറത്തായപ്പോഴും നായകന്‍ രോഹിത് ക്രീസിലുണ്ടായിരുന്നു. അമ്പാട്ടി റായിഡുവിനൊപ്പം ചേര്‍ന്ന് രോഹിത് ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 111 ല്‍ എത്തിയുരുന്നു. തന്റെ ഏകദിന കരിയറിലെ 19-ാം സെഞ്ച്വറിയാണ് രോഹിത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. മൂന്നാമനായി ഇറങ്ങിയ അമ്പാട്ടി റായിഡു 12 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അതേസമയം, ബാറ്റിംഗ് ദുഷ്‌കരമെന്ന് തോന്നിപ്പിക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടമാക്കിയാണ് 237 റണ്‍സ് സ്വന്തമാക്കിയത്. വെറ്ററന്‍ താരം ശുഐബ് മാലിക് 90 പന്തില്‍ നിന്ന് 78 റണ്‍സ് സ്വന്തമാക്കി പാകിസ്ഥാന്റെ ടോപ് സ്‌കോററായി. സര്‍ഫ്രാസ് അഹമ്മദ് 44 റണ്‍സും നേടി. മറ്റുള്ളവര്‍ ഭേദപ്പെട്ട റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ബൗളേഴ്‌സിന് മുന്നില്‍ പരാജയം സമ്മതിച്ചു. ബുംറ, ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയതാണ് പാകിസ്ഥാന്റെ ഇന്നിംഗ്‌സിന്റെ വേഗത കുറച്ചത്.

ഈ വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here