Advertisement

പീഡനത്തിനായി പ്രത്യേക പ്രാര്‍ത്ഥന; ബിഷപ്പിന്റെ ശല്യം സഹിക്കാതെ സഭാവസ്ത്രം ഉപേക്ഷിച്ചത് 18പേര്‍!

September 24, 2018
Google News 1 minute Read
remand

ജലന്ധര്‍ രൂപതയുടെ ബിഷപ്പായി ചുമതല ഏറ്റതിന് ശേഷം കന്യാസ്ത്രീകള്‍ക്കായി ബിഷപ്പ് നടപ്പിലാക്കിയ പുതിയ പ്രാര്‍ത്ഥനാ രീതി കന്യാസ്ത്രീകളെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നുവെന്ന് പോലീസ്.  ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരം.

2013ഓഗസ്റ്റ് നാലിനാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. അതിന് ശേഷമാണ് ‘എ ഡേ ഓഫ് പ്രയര്‍ വിത്ത് ഷെപ്പേര്‍ഡ്’ എന്ന പേരില്‍ പുതിയ പ്രാര്‍ത്ഥനാ രീതി നടപ്പാക്കുന്നത്. 2014 ജൂണ്‍ മാസത്തിലാണ് ഇത് ബിഷപ്പ് ആവിഷ്കരിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് പാസ്റ്ററല്‍ സെന്ററിലാണ് ഈ പ്രാര്‍ത്ഥന. അന്നും ശനിയാഴ്ച പകലും രാത്രിയും കഴിഞ്ഞ് ഞായറാഴ്ചയാണ് ബിഷപ്പ് മടങ്ങിപ്പോയിരുന്നത്. രാത്രി ഒമ്പത് മുതല്‍ പത്ത് മണി വരെയാണ് പ്രാര്‍ത്ഥനയുടെ സമയം ക്രമീകരിച്ചിരുന്നത്. കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് ബിഷപ്പിരിക്കുന്ന മുറിയില്‍ എത്തി അവരുടെ സ്വകാര്യ സങ്കടങ്ങള്‍ വെളിപ്പെടുത്തുവാനും പ്രാര്‍ത്ഥനയുടെ ഭാഗമായി സൗകര്യം ഒരുക്കിയിരുന്നു. ആദ്യം കന്യാസ്ത്രീകള്‍ പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് കന്യാസ്ത്രീകള്‍ തന്നെ വിമുഖത കാണിച്ചതിനാല്‍ പ്രാര്‍ത്ഥന നിറുത്തി. ബിഷപ്പിന് ചേരാത്ത രീതിയിലുള്ള പെരുമാറ്റം കൊണ്ടാണ് കന്യാസ്ത്രീകള്‍ ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാഞ്ഞതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പ്രാര്‍ത്ഥന ഒഴിവാക്കുന്നത്.
bishop
ബിഷപ്പ് സ്ഥാനമേറ്റതിന് ശേഷം പതിനെട്ടോളം കന്യാസ്ത്രീകള്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇത് ബിഷപ്പിന്റെ മോശം സ്വഭാവം കൊണ്ടാണെന്നും പോലീസ് പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച ദിവസങ്ങളില്‍ ബിഷപ്പ് കോണ്‍വെന്റില്‍ എത്തിയിരുന്നതായും, താമസിച്ചതായും ബോധ്യപ്പെട്ടെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.

ജലന്ധര്‍ രൂപതയുടെ കീഴില്‍ കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പരിയാരത്തും, പറവൂരിലും, കോട്ടയം ജില്ലയില്‍ കുറവിലങ്ങാടുമായി മൂന്ന് കന്യാസ്ത്രീ മഠങ്ങള്‍ ഉണ്ടെങ്കിലും പരിയാരത്തെ മഠത്തില്‍ ഒരിക്കല്‍ പോലും ബിഷപ്പ് താമസിച്ചിട്ടില്ല. പറവൂരിലെ മഠത്തില്‍ ഒരു തവണ താമസിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ സ്വന്തം വീടുകളും, കണ്ണൂരിലും കുറവിലങ്ങാട്ടും ബിഷപ്പിന്റെ പദവിയ്ക്ക് അനുയോജ്യമായ താമസ സൗകര്യത്തോട് കൂടിയ ബിഷപ്പ് ഹൗസുകളും, പള്ളിമേടയും ഉണ്ടായിട്ടും ബിഷപ്പ് മൂന്ന് കന്യാസ്ത്രീകള്‍ മാത്രം താമസിക്കുന്നതും ആള്‍വാസം കുറഞ്ഞതുമായ മഠത്തില്‍ രാത്രികാലങ്ങളില്‍ താമസിച്ചത് കൃത്യം ചെയ്യുന്നതിന് വേണ്ടിയാണെന്നാണ് പോലീസ് ആരോപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here