Advertisement

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

September 27, 2018
Google News 4 minutes Read
pinarayi

നവകേരളത്തിന് പദ്ധതിയൊരുങ്ങുന്നു

പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക്, എ.ഡി.ബി, മറ്റ് ഉഭയകക്ഷി ഫണ്ടിംഗ് ഏജന്‍സികള്‍, ആഭ്യന്തര-ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതിനെല്ലാം കൂടി 15,882 കോടി രൂപയുടെ ചെലവിനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കൂടി കണക്കാക്കാനും ആ മേഖലകളില്‍ പുനര്‍നിര്‍മ്മാണത്തിന് വിഭവസമാഹരണത്തിനുളള സാധ്യത പരിശോധിക്കാനും തീരുമാനിച്ചു.

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ധനസമാഹരണത്തിന് ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്, മറ്റു ഉഭയകക്ഷി ഏജന്‍സികള്‍ എന്നിവയില്‍നിന്ന് വായ്പ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ അറിയിപ്പിനെത്തുടര്‍ന്ന് ലോകബാങ്ക്- എ.ഡി.ബി സംഘം സെപ്റ്റംബര്‍ 12 മുതല്‍ 20 വരെ സംസ്ഥാനത്ത് റാപ്പിഡ് ഡാമേജ് അസസ്മെന്‍റ് & നീഡ് അനാലിസിസ് (RDNA) നടത്തുകയുണ്ടായി. RDNA  യുടെ കരട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലോകബാങ്ക്-എ.ഡി.ബി സംഘം ഒക്ടോബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കുന്നതാണ്.

ലോകബാങ്ക്-എ.ഡി.ബി സംഘത്തിന്‍റെ RDNA  പ്രകാരം പ്രധാന മേഖലകള്‍ക്കുണ്ടായ നഷ്ടം 25,050 കോടി രൂപയാണ്. എന്നാല്‍, വ്യവസായം, കച്ചവടം തുടങ്ങിയ മേഖലകളിലെ നഷ്ടം ലോകബാങ്ക്-എ.ഡി.ബി റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് കാണുന്നത്. അതുപോലെ, ഉപജീവന മാര്‍ഗങ്ങള്‍, തൊഴില്‍ തുടങ്ങിയ മേഖലയിലെ നഷ്ടവും ഉയര്‍ന്നതായിരിക്കും. ഉപജീവന മാര്‍ഗങ്ങളേക്കാള്‍ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച കണക്കുകളിലാണ് ലോകബാങ്ക്-എ.ഡി.ബി സംഘം കൂടുതല്‍ ശ്രദ്ധിച്ചത്. ഉപജീവന മാര്‍ഗങ്ങള്‍ സംബന്ധിച്ച നഷ്ടം, ദുരന്തംമൂലമുണ്ടായ സാമൂഹിക ആഘാതങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ നടത്തുന്ന പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്‍റ് (PDNA) വഴി വിശദമായി ലഭിക്കുമെന്ന് കരുതുന്നു. തീരദേശ പരിപാലനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും RDNA പ്രകാരം ലഭിച്ച കണക്കുകളേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.

ക്രൗഡ് ഫണ്ടിങ്ങില്‍ നിന്നും സി.എം.ഡി.ആര്‍.എഫില്‍ നിന്നും ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെയും വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയവരുടെയും പുനരധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകള്‍ നിര്‍മ്മിക്കുന്നതിനും വിനിയോഗിക്കും. സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള തുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനത്തിന് സഹായം നല്‍കുന്നതിനും ഉപയോഗിക്കും. ഇതിനു പുറമെ, പ്രളയം ബാധിച്ച ആളുകള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനും, റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിക്കും എന്‍.ഡി.ആര്‍.എഫ്/എസ്.ഡി.ആര്‍.എഫില്‍ നിന്നുള്ള ഫണ്ട് അതിന്‍റെ മാര്‍ഗരേഖ പ്രകാരം വിനിയോഗിക്കുന്നതാണ്.

എന്‍.ഡി.ആര്‍.എഫില്‍ നിന്ന് എസ്.ഡി.ആര്‍.എഫിലേക്ക് ലഭിക്കുന്ന 2000-2500 കോടി രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള ഏകദേശം 2500 കോടി രൂപയും ക്രൗഡ് ഫണ്ടിംഗ് മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ലഭിക്കുന്ന 1000 കോടി രൂപയും വീടുകളുടെ നിര്‍മ്മാണത്തിനും ആളുകളുടെ പുനരവധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കും വിളകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും നഷ്ടത്തിന് സഹായം നല്‍കുന്നതിനും റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നന്നാക്കുന്നതിനും വിനിയോഗിക്കുന്നതാണ്.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം, കുടുംബശ്രീ മുതലായവ ഉള്‍പ്പെടുന്ന ഉപജീവന മാര്‍ഗത്തിനായുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍നിന്നും എസ്.ഡി.ആര്‍.എഫില്‍ നിന്നും കണ്ടെത്തുന്നതാണ്.

പുനരധിവാസ-ആസ്തി പുനരുദ്ധാരണ (Rehabilitation and Restoration) പ്രവര്‍ത്തനങ്ങള്‍ പല തലങ്ങളിലായി പുരോഗമിച്ചു വരികയാണ്. ഇക്കാര്യം മന്ത്രിസഭായോഗം വിലയിരുത്തി. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നവകേരള നിര്‍മ്മാണത്തിലേക്കു നയിക്കുകയും ചെയ്യുന്നതിനുള്ള വിവിധ മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.

1.    നടന്നുവരുന്ന പുനരധിവാസ-ആസ്തി പുനരുദ്ധാരണ (Rehabilitation and Restoration)പ്രവര്‍ത്തനങ്ങളുടെ സുഗമമായ പുരോഗതിയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് സമയബന്ധിത തീരുമാനങ്ങളെടുക്കുന്നതിനും പൊതുവായ മേല്‍നോട്ടം വഹിക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2.    നവകേരളനിര്‍മ്മാണത്തിനായുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്, വിവിധ വികസന മേഖലകളില്‍ കഴിവും അനുഭവസമ്പത്തു മാര്‍ജ്ജിച്ചവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി രൂപീകരിക്കും. നൂതന സാങ്കേതികവിദ്യാ മേഖലകളിലെ വിദഗ്ദ്ധരുടെയും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുടെയും സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തും.

3.    ഉപജീവനോപാധി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനാകുന്നവിധം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ പുനഃസംഘാടനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പത്തുദിവസത്തിനകം തയ്യാറാക്കാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.  ഈ പ്രവര്‍ത്തനത്തിന്‍റെ ഏകോപനചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.

4.    റേഷന്‍ മുന്‍ഗണനാപട്ടികയിലുള്ളവര്‍, NREGA പദ്ധതിയുടെ ജോബ്കാര്‍ഡുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, അഗതികള്‍, സ്ത്രീകേന്ദ്രീകൃത കുടുംബങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് തുടര്‍ച്ചയായ ശ്രദ്ധ നല്‍കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമാകുന്ന വിധം അരിയും പലവ്യഞ്ജനങ്ങളുമൊക്കെ അടങ്ങുന്ന ഉപജീവനകിറ്റ് ഡിസംബര്‍ മാസം വരെ ലഭ്യമാക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

5.    NREGA പദ്ധതിയില്‍ തൊഴിലുറപ്പു ജോബ് കാര്‍ഡുള്ള ദുരിത ബാധിതര്‍ക്ക് അധിക തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഒക്ടോബര്‍ ഒന്നിനു മുമ്പായി പ്രശ്നങ്ങള്‍ പരിഹരിച്ച് തൊഴില്‍ ലഭ്യത ഉറപ്പാക്കാനുമായി  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

6.    ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ടവരില്‍ സമൂഹത്തിന്‍റെ സംരക്ഷണം അനുപേക്ഷണീയമായവര്‍ക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജിന് രൂപം നല്‍കുന്നതിന് നവംബര്‍ 1, 2 തീയതികളില്‍ ഒരു ‘Livelihood Conference’  സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. ഇതിന്‍റെ സംഘാടനത്തിനും ഉപജീവന വികസന പാക്കേജ് രൂപീകരണത്തിനും അതു നടപ്പാക്കുന്നതിനാവശ്യമായ വിഭവ ലഭ്യത പദ്ധതിവിഹിതമായി കണ്ടെത്തുന്നതിനുമുള്ള ചുമതല സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍വ്വഹിക്കുന്നതാണ്.

7.    പരിസ്ഥിതിക്ക്  ആഘാതമേല്‍പ്പിക്കാതെ  കല്ലും മണലും തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തുക ദുഷ്കരമാണ്.  നഷ്ടപ്പെട്ട ആസ്തികളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികളില്‍ തുടങ്ങി ഇനിയുള്ള നിര്‍മ്മിതികളിലൊക്കെ ഇത്തരം വിഭവങ്ങള്‍ വളരെ കുറവുമാത്രം മതിയാകുന്ന നൂതന പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിക്കുന്നതിനുള്ള നിര്‍വ്വഹണ ചട്ടക്കൂട് തയ്യാറാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനം സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പൊതുമരാമത്തു വകുപ്പു സെക്രട്ടറിയും LIFE മിഷന്‍ സി.ഇ.ഒയും അടങ്ങുന്ന സെക്രട്ടറിതല സമിതിക്ക് ചുമതല നല്‍കുന്നതാണ്.

8.    സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളായ ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം, കൂടംകുളം വൈദ്യുതി വിതരണ ശൃംഖല (ഇടമണ്‍-കൊച്ചി), സിറ്റി ഗ്യാസ് പ്രോജക്ട് തുടങ്ങിയവയുടെ പ്രവര്‍ത്തനം പ്രളയം കാരണം നിര്‍ത്തിവയ്ക്കപ്പെട്ടിരുന്നു. ഇവ പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും നടപടികളും ഒക്ടോബര്‍ ഒന്നിനു മുമ്പായി സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

9.    ചില പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രാദേശികവികസന ഫണ്ടില്‍ നിന്നും ഒരു കോടിരൂപ വീതം കേരള പുനര്‍നിര്‍മ്മാണത്തിനായി ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ എംപിമാര്‍ ഇതിനു തയ്യാറാകാനും സാധ്യതയുണ്ട്. ഇത് ഏറ്റവും ഫലപ്രദമായും വേഗത്തിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനായി എല്ലാ വകുപ്പുകളും MPLADS ചട്ടങ്ങള്‍ക്ക് അനുസൃതമായി ഏറ്റെടുക്കാന്‍ കഴിയുന്ന പുനര്‍നിര്‍മ്മാണ പദ്ധതികള്‍ കണ്ടെത്തി അവയ്ക്ക് നിര്‍വ്വഹണയോഗ്യമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.

10.    ലോകബാങ്കിന്‍റെയും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കിന്‍റെയും സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ത്വരിത നാശനഷ്ട വിശകലന-പുനര്‍നിര്‍മ്മാണാവശ്യ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അവരുടെ സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി ഫണ്ട് ഉപയോഗിച്ച്  ഏറ്റെടുത്തു നടത്താനാകുന്ന വിവിധ പ്രോജക്ടുകള്‍ ഓരോ വകുപ്പും തയ്യാറാക്കും. മേല്‍പ്പറഞ്ഞവിധം നിര്‍വ്വഹണയോഗ്യമായ പ്രോജക്ടുകള്‍  രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്നതിന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കും ഇതിന്‍റെ ഏകോപനചുമതല വഹിക്കുക.

11.    കോര്‍പ്പറേറ്റ് കമ്പനികളുടെ സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി ഫണ്ട്, ക്രൗഡ് ഫണ്ടിങ്, സ്പോണ്‍സര്‍ഷിപ്പുകള്‍ തുടങ്ങിയവയിലൂടെ നവകേരളനിര്‍മ്മിതിക്കുള്ള വിഭവസമാഹരണം നടത്തുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നിര്‍വ്വഹിക്കുന്നത് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

12.    എലിപ്പനിയടക്കം വിവിധ വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യതയുണ്ടായെങ്കിലും അതു വളരെ നല്ലരീതിയില്‍ തന്നെ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു നടന്നുവരുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ആരോഗ്യ മേഖലാ പ്രവര്‍ത്തനങ്ങളും ചിട്ടയായി മുന്നോട്ടു കൊണ്ടുപോവുകയും അതോടൊപ്പം ഈ രണ്ടു മേഖലകളിലും ഭാവിയിലേക്കുള്ള നല്ല ശീലങ്ങളും സംവിധാനങ്ങളും നടപ്പിലാക്കുകയും ആവശ്യമാണ്. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ നേതൃത്വവും മേല്‍നോട്ടവും യഥാക്രമം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍വ്വഹിക്കും.

13.    പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും ആവശ്യമായി വരുന്ന ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

14.    പ്രളയക്കെടുതിയെ തുടര്‍ന്ന്  വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തുന്നതിനും ആ മേഖലയിലെ പുനര്‍നിര്‍മ്മാണത്തിന് പുതിയ പദ്ധതികള്‍ക്ക്  രൂപം നല്‍കാനുമായി പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരെയും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

15.    പ്രളയദുരന്തത്തില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളുടെ വീണ്ടെടുപ്പും രേഖകളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

16.    പ്രളയദുരന്തവും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും പുനര്‍നിര്‍മ്മാണത്തിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും പ്രത്യേകമായി ഡോക്യുമെന്‍റ് ചെയ്ത് അവയ്ക്ക് ആവശ്യമായ പ്രചരണം നല്‍കുവാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനായി മുന്നോട്ടുവന്നിട്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സൗജന്യ സേവനം ആവശ്യമായ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതാണ്.

കാര്‍ഷിക-ക്ഷീര കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം

സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റി അംഗീകരിച്ച നിബന്ധനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് മൊറട്ടോറിയം പ്രഖ്യാപിക്കുക.

കാലവര്‍ഷക്കെടുതിയുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചിലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതി വിഹിതത്തില്‍ 20 ശതമാനം വരെ കുറവ് വരുത്താനും മുന്‍ഗണനാ ക്രമീകരണം നടത്താനും തീരുമാനിച്ചു.

കോളേജ്-സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിഹിതത്തില്‍ യാതൊരു കുറവും വരുത്തുന്നതല്ല. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം എന്നിവ ഒഴികെ ഉള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ കേന്ദ്രാവിഷ്കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

ക്ഷീരസംഘങ്ങളെ ശാക്തീകരിക്കാന്‍ ഓര്‍ഡിനന്‍സ്

കേരളത്തിലെ ക്ഷീരസംഘങ്ങളെ ആനന്ദ് മാതൃകയില്‍ ശാക്തീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കരട് ബില്‍ അംഗീകരിച്ചു. ഈ ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാര്‍

സംസ്ഥാനത്തെ ബാക്കിയുളള 268 പോലീസ് സ്റ്റേഷനുകളില്‍ കൂടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. 196 പോലീസ് സ്റ്റേഷനുകളില്‍ ഇതിനകം തന്നെ എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാരെ നിയമിച്ചിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാര്‍ നിയമിതരാകും.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച.ഒ.മാരായി നിയമിച്ചുകൊണ്ടുളള പരിഷ്കാരം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കുറ്റന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരയി നിയമിക്കുന്നത്. പ്രസ്തുത പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ ചുമതല എടുക്കുന്നതുവരെ നിവലിലുളള സബ് ഇന്‍സ്പെക്ടര്‍ പദവിയിലുളള എസ്.എച്ച്.ഒ തസ്തിക തുടരുന്നതാണ്.

അഡീഷണല്‍ എസ്.പി. 

സംസ്ഥാനത്തെ നിലവിലുളള 17 ഡി.വൈ.എസ്.പി (ഭരണവിഭാഗം) തസ്തികകള്‍ അഡീഷണല്‍ എസ്.പി. എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. ഏറ്റവും സീനിയറായ ഹയര്‍ഗ്രേഡ് ഡി.വൈ.എസ്.പി.മാര്‍ക്കാണ് അഡീഷണല്‍ എസ്.പി തസ്തിക നല്‍കുക. എന്നാല്‍ അഡീഷണല്‍ എസ്.പി. പ്രൊമോഷന്‍ തസ്തികയായിരിക്കില്ല.

നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കും

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കേസ് അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ഡി.കെ. ജയിന്‍ സമിതിയിലേക്ക് സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു. കേസിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുളള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തുന്നതാണ്.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ ജോലിയും

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനിച്ചു. ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് ഇരുപത് ലക്ഷം രൂപയും വെള്ളിക്ക് പതിനഞ്ച് ലക്ഷം രൂപയും വെങ്കലത്തിന് പത്തു ലക്ഷം രൂപയും പാരിതോഷികം നല്‍കും. മെഡല്‍ നേടിയവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്നുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതാണ്. ഏഷ്യന്‍ ഗെയിംസില്‍ പത്ത് മലയാളി താരങ്ങളാണ് മെഡലുകള്‍ നേടിയത്.

നിയമനം

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാനായി റിട്ട. വിജിലന്‍സ് ട്രിബ്യൂണല്‍ പി. സുരേഷിനെ നിയമിക്കാന്‍ തീരുമാനിച്ചു.

ഫയര്‍ഫോഴ്സില്‍ സ്ത്രീ പ്രാതിനിധ്യം

അഗ്നിരക്ഷാസേവന വകുപ്പില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഗ്നിശമന സേനയില്‍ സ്ത്രീകളെ നിയമിക്കുന്നത് ആദ്യമാണ്.

തിരുവനന്തപുരം റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് 54 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് ഈ തീരുമാനം.

നികുതി (ഇ) വകുപ്പ് വിഭജിക്കുന്നതിന് ഒരു സെക്ഷന്‍ ഓഫീസര്‍, മൂന്ന് അസിസ്റ്റന്‍റ്, ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികകള്‍ സൃഷ്ടിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്സ് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് 24 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ നയം അംഗീകരിച്ചു

സംസ്ഥാനത്തിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ നയം മന്ത്രിസഭ അംഗീകരിച്ചു. വാഹനഗതാഗതം വലിയ പരിധിവരെ ഇപ്പോള്‍ ഫോസില്‍ ഇന്ധനം ആശ്രയിച്ചുളളതാണ്. അത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യവിപത്തും കണക്കിലെടുത്താണ് പുതിയ നയം അംഗീകരിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനും പടിപടിയായി ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് നയത്തിന്‍റെ ലക്ഷ്യം. ആറായിരത്തിലധികം ബസ്സുകളുളള കെ.എസ്.ആര്‍.ടി.സി പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഓട്ടോറിക്ഷ പോലുളള വാഹനങ്ങള്‍ ഇലക്ട്രിക് മോട്ടോറുകളിലേക്ക് മാറുമ്പോള്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

ശമ്പളപരിഷ്കരണം 

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള ലോകായുക്തക്ക് നല്‍കിവരുന്ന വാര്‍ഷിക പെന്‍ഷന്‍ 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായും ഉപലോകായുക്തക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 40,000 രൂപയില്‍ നിന്ന് 1,12,500 രൂപയായും  വര്‍ദ്ധിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു.

തടവുകാര്‍ക്ക് ശിക്ഷാഇളവിന് ശുപാര്‍ശ

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജډവാര്‍ഷികത്തോടനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. നല്ലനടപ്പുകാരായ തടവുകാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നല്‍കി വിടുതല്‍ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സംസ്ഥാന-ജില്ലാ ബെനവലന്‍റ് ഫണ്ടില്‍നിന്ന് നല്‍കിവരുന്ന ധനസഹായങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യസൈനിക്ബോര്‍ഡിന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here