Advertisement

‘ശബരിമലയില്‍ ശാസ്താവോ അയ്യപ്പനോ?’; രണ്ട് വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് വാരികയായ കേസരിയില്‍ വന്ന മുഖപ്രസംഗം ചര്‍ച്ചയാകുന്നു

October 12, 2018
Google News 1 minute Read

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ രണ്ട് വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് വാരികയായ കേസരിയില്‍ വന്ന മുഖപ്രസംഗം ചര്‍ച്ചയാകുന്നു.

ശബരിമലയിലുള്ളത്‌ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ പ്രതിഷ്ഠയാണെന്ന് സുപ്രീം കോടതി വിധിയെ  പ്രതികൂലിച്ചവര്‍ പറയുമ്പോള്‍ രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയാണ് അവിടെയുള്ളതെന്നും അതിനാല്‍ തന്നെ ശാസ്താവ് സ്ത്രീ വിരുദ്ധനല്ലെന്നുമാണ് യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

വിധി വന്ന ആദ്യ ദിവസങ്ങളില്‍ വിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസും മറ്റ് ആര്‍.എസ്.എസ് അനുകൂല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പിന്നീട് പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ആര്‍.എസ്.എസിലെ സമുന്നത നേതാക്കള്‍ പോലും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരാണ്. എന്നാല്‍, പിന്നീടങ്ങോട്ട് ചില രാഷ്ട്രീയ നേട്ടങ്ങളെ മുന്‍നിര്‍ത്തി വിധിക്കെതിരെ ഇതേ ആളുകള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് വാരികയായ കേസരിയിലെ മുഖപ്രസംഗം ശ്രദ്ധിക്കപ്പെടുന്നത്.

ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള അന്നത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് ഈ മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ശാസ്താവിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഈ മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മകരവിളക്കിന് ധര്‍മ്മശാസ്ത വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ ശാസ്താവിന്റെ പത്‌നിമാരായ പൂര്‍ണ്ണ, പുഷ്‌ക്കല രൂപങ്ങള്‍ കൂടി ഉള്ള കാര്യം ഇതില്‍ പറയുന്നു. ധര്‍മ്മശാസ്താവ് കടുത്ത സ്ത്രീവിരോധി ആയിരുന്നെങ്കില്‍ തിരുവാഭരണങ്ങളില്‍ പൂര്‍ണ്ണയും പുഷ്‌ക്കലയുമൊന്നും വരുമായിരുന്നില്ല എന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ ശാസ്താവില്‍ ലയിച്ചതാണെന്നും ശാസ്താവിന് രണ്ട് പത്‌നിമാരുണ്ടെന്നും വ്യക്തമാക്കുന്നതാണ് കേസരിയിലെ മുഖപ്രസംഗം.

ഇക്കാര്യങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുന്‍പുള്ള മുഖപ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2016 ഡിസംബര്‍ രണ്ടിന് എഴുതിയ മുഖപ്രസംഗമാണിത്.

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

“ശബരിമലപോലെ ഇത്രയേറെ സവിശേഷതകള്‍ ഉള്ള ഒരു ആരാധനാലയം ലോകത്തുണ്ടെന്നു തോന്നുന്നില്ല. ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസരീതികളിലും എല്ലാം ശബരിമലയ്ക്ക് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചില പ്രത്യേകതകളുണ്ട്. ഇന്നത് ലോകപ്രസിദ്ധമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. ശബരിമലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രശസ്തിയിലും പ്രസക്തിയിലും അസൂയപൂണ്ട ചില ദുഷ്ടശക്തികള്‍ ഈ ആരാധനാലയത്തെ എങ്ങിനെയും തകര്‍ക്കണം എന്ന ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അറിഞ്ഞോ അറിയാതെയോ അത്തരക്കാരുടെ കൈകളിലെ ആയുധമായി മാറുന്നത് ക്ഷേത്രഭരണവുമായി ഏറെ അടുത്തുനില്‍ക്കുന്നവര്‍ തന്നെയാണ് എന്നതാണ് ദൗര്‍ഭാഗ്യം.

അതാതു കാലത്ത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഇഷ്ടക്കാരോ സ്വന്തക്കാരോ ഒക്കെയാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്ന പേരില്‍ ക്ഷേത്രഭരണത്തിലേക്ക് കടന്നുവരാറ്. പൊതുവെ ക്ഷേത്രകാര്യങ്ങളില്‍ പിടിപാടില്ലാത്ത നിരീശ്വരവാദികള്‍ വരെ ക്ഷേത്രഭരണത്തിനു മുന്നിട്ടിറങ്ങുന്നതിന്റെ പ്രശ്‌നങ്ങള്‍ പേറേണ്ടിവരുന്നത് ശബരിമലപോലുള്ള മഹാക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളെ വിവാദകേന്ദ്രമാക്കി അപകീര്‍ത്തിപ്പെടുത്തുന്നത് ഇത്തരക്കാരാണ്. പ്രയാര്‍ഗോപാലകൃഷ്ണനെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കോണ്‍ഗ്രസിന്റെ നിയുക്തി ആണെങ്കിലും ഈശ്വരവിശ്വാസിയും ക്ഷേത്ര പുരോഗതിയില്‍ താത്പര്യമുള്ളയാളുമായിട്ടാണ് തോന്നിയിട്ടുള്ളത്. പക്ഷെ ശബരിമലപോലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മഹാക്ഷേത്രത്തെ വിവാദകേന്ദ്രമാക്കി മാറ്റുന്നതില്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹവും പങ്കാളിയാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മണ്ഡലകാലമാരംഭിച്ചപ്പോള്‍ തന്നെ ക്ഷേത്രത്തിന്റെ പേരുമാറ്റവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നില്‍ക്കുന്ന ഒരു മഹാക്ഷേത്രത്തിന്റെ പേരുമാറ്റുക എന്നു പറഞ്ഞാല്‍ മൂര്‍ത്തീ ഭേദം വരുത്തുന്നതു പോലുള്ള പ്രവര്‍ത്തനമാണ്. മൂന്നുവര്‍ഷത്തെ ഭരണാധികാരം മാത്രമുള്ള ദേവസ്വംബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ശബരിമലക്ഷേത്രത്തിന്റെ പേരുമാറ്റാന്‍ ആരാണ് അധികാരം കൊടുത്തത്? ഒന്നുകില്‍ വിവാദമുണ്ടാക്കി ജനശ്രദ്ധയില്‍ നില്‍ക്കുവാനുള്ള ആരുടെയൊക്കെയോ താത്പര്യമാണ് അതിന്റെ പിന്നില്‍. അല്ലെങ്കില്‍ ശബരിമലയെ തകര്‍ക്കാനും വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമായി കാലങ്ങളായി ശ്രമിക്കുന്ന കുത്സിതശക്തികളുടെ കൈകളില്‍ ദേവസ്വം ബോര്‍ഡും പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍.

ഇനി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേരുമാറ്റി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കുന്നതിലെ യുക്തി പരിശോധിക്കാം. കേരളത്തിലെ മലയോരങ്ങളില്‍ ശാസ്താവും കടലോരങ്ങളില്‍ കാളിയും രക്ഷാമൂര്‍ത്തികളായി പ്രതിഷ്ഠകൊള്ളുന്നു എന്നതാണ് പരമ്പരാഗതവിശ്വാസം. അതിപ്രാചീന ദേവതകളാണ് ധര്‍മ്മശാസ്താവും കാളിയുമെന്ന് സാരം. ഈ ധര്‍മ്മശാസ്താ പ്രതിഷ്ഠയിലേക്ക് പന്തളം രാജകുമാരനായിരുന്ന മണികണ്ഠന്‍ നിത്യബ്രഹ്മചാരി വ്രതധാരിയായി ലയിച്ചുചേര്‍ന്നു എന്നാണ് വിശ്വാസം. മണികണ്ഠനെ അയ്യപ്പന്‍ എന്നും വിളിച്ചു പോരുന്നു. ധര്‍മ്മശാസ്താ എന്ന നാമവും അയ്യപ്പന്‍ എന്ന നാമവും അതിപ്രാചീനങ്ങളാണ് എന്നാണ് ഭാഷാപണ്ഡിതന്മാര്‍ പറയുന്നത്. ധര്‍മ്മശാസ്താവ് എന്ന പ്രതിഷ്ഠയിലേക്ക് മണികണ്ഠന്‍ എന്ന അയ്യപ്പ ചൈതന്യം ലയിച്ചുചേരുമ്പോള്‍ ധര്‍മ്മശാസ്താവിന്റെ പേര് അസ്തമിക്കുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. പുഴ കടലില്‍ ചേര്‍ന്നാല്‍ പിന്നെ ബാക്കി ഉള്ളത് കടല്‍മാത്രമാണ് എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. ശാസ്താവ് എന്ന പുരാതനമായ മൂര്‍ത്തീ ധാമത്തിലേക്ക് പന്തളം രാജകുമാരനായ മണികണ്ഠന്റെ ചൈതന്യം വന്നുചേരുകയാണുണ്ടായതെന്നാണല്ലോ ഐതീഹ്യം. അപ്പോള്‍ നിലനിര്‍ത്തേണ്ടത് പരമ്പരാഗതമായ നാമം തന്നെയാണ്. ഇനി ഏറെ രസകരമായ മറ്റൊരു വസ്തുത ധര്‍മ്മശാസ്താവ്  എന്ന മൂര്‍ത്തിയും അയ്യപ്പന്‍ എന്ന മൂര്‍ത്തിയും രണ്ടല്ല എന്നതാണ്. ആര്യഭാഷയില്‍ ധര്‍മ്മശാസ്താവ് എന്നും പ്രാദേശിക തമിഴില്‍ അയ്യപ്പന്‍ എന്നും വിളിക്കപ്പെടുന്നത് ഒരേ ചൈതന്യത്തെ തന്നെയാണ്. ധര്‍മ്മശാസ്താവിനെ ശ്രീഭൂതനാഥന്‍ എന്നും വിളിക്കാറുണ്ട്. ഭൂതനാഥന്‍ എ ന്നാല്‍ പഞ്ചഭൂതങ്ങളുടെയും നാഥന്‍ എന്നര്‍ത്ഥം. എന്നുപറഞ്ഞാല്‍ സമസ്ത സൃഷ്ടികളുടെയും നാഥന്‍. അയ്യപ്പന്‍ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ചിന്തിക്കുമ്പോള്‍ അഞ്ചിന്റെ അപ്പന്‍ എന്ന് ഭാഷാപണ്ഡിതര്‍ പറയുന്നുണ്ട്. അഞ്ചിന്റെ അപ്പന്‍ എന്നാല്‍ പഞ്ചഭൂതങ്ങളുടെയും അപ്പന്‍ അഥവാ ഉടയോന്‍ എന്നുവരുന്നു. ഭൂതനാഥനായ ശാസ്താവും അയ്യപ്പനും രണ്ടല്ല എന്ന് ഇതില്‍ നിന്നും തെളിയുന്നു. പിന്നെ എന്തിന് നിലവിലുള്ള ധര്‍മ്മശാസ്താക്ഷേത്രം എന്ന പേരുമാറ്റുന്നു എന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് നല്‍കുന്ന മറുപടിയാണ് ഏറെ വിചിത്രം.

1950-ല്‍ ശബരിമലക്ഷേത്രം തീയിട്ട് വിഗ്രഹം അടിച്ചുടച്ചതിനുശേഷം നടന്ന പ്രതിഷ്ഠ ധര്‍മ്മശാസ്താവിന്റേതല്ല, അയ്യപ്പന്റേത് ആണത്രെ. അങ്ങിനെ എങ്കില്‍ അന്നു പ്രതിഷ്ഠചെയ്ത അയ്യപ്പന്റെ ധ്യാനശ്ലോകവും മൂലമന്ത്രവും ഒക്കെ പറയാന്‍ ദേവസ്വം അധികൃതര്‍ തയ്യാറാവണം. അവര്‍ക്കതിനു കഴിയില്ല. കാരണം കുഴിക്കാട്ട് പച്ചയടക്കമുള്ള ഒരു തന്ത്രഗ്രന്ഥത്തിലും അയ്യപ്പന്റെ ധ്യാനവും മൂലമന്ത്രവും പരാമര്‍ശിക്കുന്നില്ല. പരാമര്‍ശിക്കപ്പെടുന്നത് ധര്‍മ്മശാസ്താവിന്റെ മൂലമന്ത്രവും ധ്യാനവുമാണ്. അപ്പോള്‍ ശബരിമലക്ഷേത്രത്തിന്റെ പേരുമാറ്റാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരധികാരവുമില്ലെന്നു സിദ്ധിക്കുന്നു. മഹിഷിവധം നിര്‍വഹിച്ച പന്തള രാജകുമാരനില്‍ ജനങ്ങള്‍ തങ്ങളുടെ രക്ഷകനെ ദര്‍ശിച്ചതുകൊണ്ട് രക്ഷാകരമൂര്‍ത്തിയും പ്രാദേശിക ദേവതയുമായ അയ്യപ്പചൈതന്യം അദ്ദേഹത്തില്‍ ജനങ്ങള്‍ കണ്ടിട്ടുണ്ടാവാം. തമിഴകത്ത് അയ്യനാര്‍ എന്ന പേരിലുള്ള ദേവത തന്നെയല്ലെ കേരളത്തില്‍ അയ്യപ്പനായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ധര്‍മ്മശാസ്താ സങ്കല്പത്തിന്റെ അത്രതന്നെയോ അതിലേറെയോ പുരാതനമാണ് അയ്യപ്പ സങ്കല്പവും. തത്വത്തില്‍ ഇവര്‍ അഭിന്നരുമാണ്. പക്ഷെ പ്രാചീനമായ ഈ സങ്കേതത്തിന്റെ പേരുമാറ്റുക എന്ന കാര്യം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല.

അതിപുരാതനമായ ഒരു ക്ഷേത്രസങ്കേതത്തിന്റെ പേരുമാറ്റുക എന്നത് ധ്യാനസങ്കല്പത്തേയും വിശ്വാസികളുടെ വികാരത്തേയും ഒക്കെ ബാധിക്കുന്നതാണ്. ക്ഷേത്രസംബന്ധമായ അവസാനവാക്ക് പറയേണ്ട തന്ത്രിയോ, താന്ത്രിക ആചാര്യന്മാരോ, ദൈവജ്ഞരോ ഒക്കെ ചേര്‍ന്നെടുക്കേണ്ട തീരുമാനം രാഷ്ട്രീയക്കാര്‍ മാത്രമായ ഭരണക്കാര്‍ നടത്തുന്നതില്‍ അനൗചിത്യമുണ്ട്. നാളെ ഇവര്‍ ശബരിമല എന്ന പേരുമാറ്റിയേക്കാം. ശബരി എന്ന സ്ത്രീയുടെ പേരില്‍ അയ്യപ്പന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന യുക്തി ചിലപ്പോള്‍ പൊന്തിവന്നേക്കാം. മകരവിളക്കിന് ധര്‍മ്മശാസ്താവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ ശാസ്താവിന്റെ പത്‌നിമാരായ പൂര്‍ണ്ണ, പുഷ്‌ക്കല രൂപങ്ങള്‍ കൂടി ഉണ്ട് എന്നും നാം മനസ്സിലാക്കണം. ധര്‍മ്മശാസ്താവ് കടുത്ത സ്ത്രീവിരോധി ആയിരുന്നെങ്കില്‍ തിരുവാഭരണങ്ങളില്‍ പൂര്‍ണ്ണയും പുഷ്‌ക്കലയുമൊന്നും വരുമായിരുന്നില്ല. പക്ഷെ ഇത്തരം കാര്യങ്ങളില്‍ അവസാന വാക്ക് പറയേണ്ടത് പ്രതിഷ്ഠ നടത്തിയ തന്ത്രിയാണ്. കാരണം ധ്യാനവും ക്ഷേത്രത്തിന്റെ നിത്യനിദാനകാര്യങ്ങളായ പടിത്തരവും വരെ നിശ്ചയിക്കാന്‍ തന്ത്രിക്കാണ് അധികാരം. അതുകൊണ്ട് ശബരിമലയിലെ ശ്രീധര്‍മ്മശാസ്താവിന്റെ പേര് ദേവസ്വംബോര്‍ഡിന് ഒരു ഉത്തരവിലൂടെ മാറ്റാന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ശബരിമലയെ ഒരു സര്‍ക്കാര്‍ ഓഫീസായി കാണരുതെന്നു മാത്രം പറയട്ടെ.”

ലിങ്ക്:

http://www.kesariweekly.com/article/695

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here