Advertisement

മീടൂ; തുറന്നുപറച്ചിലുകളുടെ വിപ്ലവത്തിന് ഒരു വയസ്സ്

October 15, 2018
Google News 1 minute Read

ലോകത്തെ തന്നെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയിന് ഇന്ന് ഒരു വയസ്സ് തികയുന്നു. സമൂഹ മാധ്യമങ്ങളിലും സോഷ്യല്‍ ഫോറങ്ങളിലും ഇപ്പോഴത്തെ ചര്‍ച്ചാവിഷയം മീ ടൂ ക്യാമ്പെയിനാണ്. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ക്യാമ്പെയിൻ ഇന്ത്യയിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളും ചെറുതല്ല. രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പിടിച്ചുലച്ച നിരവധി തുറന്നുപറച്ചിലുകൾക്ക് മീ ടൂ കാരണമായി. എന്നാല്‍ ഇതിനെ എതിര്‍ത്തും പിന്തുണച്ചും ഏറെ പേരാണ് രംഗത്തെത്തിയത്.

2006ല്‍ സോഷ്യല്‍ ആക്റ്റിവിസ്റ്റും കമ്മ്യൂണിറ്റി ഓര്‍ഗനൈസറുമായ തരാന ബ്യൂര്‍ക്കെയാണ് ‘മീ ടൂ’ എന്ന പദപ്രയോഗം മൈ സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കില്‍ പരിചയപ്പെടുത്തിയത്. ‘സഹാനുഭൂതിയിലൂടെ ശാക്തീകരണം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ‘മീ ടൂ’ എന്ന ശൈലി ‘മൈ സ്‌പെയ്‌സ്’ എന്ന സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചത്. എന്നാല്‍ മീ ടൂ പിന്നീട് ഹാഷ്ടാഗോടുകൂടി ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ലാണ്.

2017 ഒക്ടോബര്‍ 15നാണ് ഹോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് മീ ടൂ എന്ന ഹാഷ് ടാഗോടു കൂടിയ ലൈംഗിക ചൂഷണ വെളിപ്പെടുത്തലുമായി നടി അലിസ്സ മിലാനോ രംഗത്തെത്തിയത്. ഇതോടെ മീ ടൂവിന്റെ ചുവടുപിടിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നു പറച്ചിലുമായി മീ ടൂ ഹാഷ് ടാഗുകള്‍ പ്രചരിക്കുകയായിരുന്നു.

മീ ടൂ വെളിപ്പെടുത്തലുകള്‍ ഏറെ പിടിച്ചുലച്ചത് ലോക സിനിമ മേഖലയെയാണെങ്കിലും പിന്നീട് രാഷ്ട്രീയ, മാധ്യമ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നത്. ബോളിവുഡ് നടന്‍ നാനാ പടേക്കറിന് നേരെ തുറന്നു പറച്ചിലുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയതോടെ കങ്കണ റാവുത്ത് അടക്കം നിരവധി ബോളിവുഡ് നടിമാരാണ് പിന്തുണയുമായി രംഗത്തെത്തിയത്. തൊട്ടു പിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബിഗ്ബിക്കെതിരെ തുറന്നുപറച്ചിലുമായി പ്രമുഖ ബോളിവുഡ് ഹെയര്‍സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനി രംഗത്തെത്തി. പിന്നീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതിയതോടെ മീ ടൂ ഇന്ത്യയില്‍ ശക്തിയായി അലയടിച്ചു. മോളിവുഡില്‍ നിന്നുമടക്കം മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.അടുത്തിടെ വനിതാ ശിശുക്ഷേമ മന്ത്രാലയം മീ ടൂ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇത്തരത്തില്‍ മീ ടൂ തുറന്നു പറച്ചിലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയാല്‍ സാംസ്‌ക്കാരിക മാധ്യമ രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേരുടെ പുറം ചട്ടയായിരിക്കും അഴിഞ്ഞ് വീഴാന്‍ പോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here