Advertisement

രാവിലെ അറസ്റ്റിലായ അക്രമികളില്‍ ഭക്തന്മാരുടെ വേഷം ധരിച്ച മദ്യപാനികളും; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്: ഇ.പി ജയരാജന്‍

October 17, 2018
Google News 1 minute Read
ep jayarajan

ഭക്തന്മാരുടെ വേഷം ധരിച്ച് അക്രമം നടത്താന്‍ ആര്‍.എസ്.എസ്, ബിജെപി അനുകൂലികള്‍ സന്നിധാനത്തേക്ക് എത്തുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍.

ശബരിമലയിലേക്ക് പോകുന്നവര്‍ക്ക് നേരെ കല്ലെറിയുകയും അവരെ വഴിയില്‍ തടയുകയും ചെയ്തത് യത്ഥാര്‍ഥ ഭക്തന്മാരല്ല. ആര്‍.എസ്.എസ്-ബിജെപി സംഘമാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക അക്രമമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഹീനമായ പ്രവൃത്തിയാണ് നിലയ്ക്കലിലും പമ്പയിലും ഉണ്ടായിരിക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ വിലക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ് ക്രിമിനലുകളാണ് ഇത്തരം നീച പ്രവൃത്തികള്‍ക്ക് പിന്നിലുള്ളതെന്നും മന്ത്രി ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി വിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോടതി വിധി അനുസരിച്ച് ശബരിമലയിലേക്ക് വരുന്ന എല്ലാ ഭക്തര്‍ക്കും സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനിടയിലാണ് സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. അക്രമം അവിച്ചുവിടാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. അവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അതില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി പറഞ്ഞു.

വിശ്വാസികളെ തടഞ്ഞുനിര്‍ത്തുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍ അംഗീകരിക്കില്ല. വിശ്വാസികളുടെ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. സംഘപരിവാറിന്റെ അജണ്ടയ്‌ക്കെതിരെ വിശ്വാസികള്‍ അണിനിരക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ ക്രിമിനലുകള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയ ബിജെപിയും സംഘപരിവാറും ഇപ്പോള്‍ വിശുദ്ധന്മാരായി ചമയുകയാണ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും ക്രമസമാധാനം പാലിക്കപ്പെടുന്നതിന് വേണ്ടിയും പോലീസ് ആക്ട് പ്രകാരം പത്തനംതിട്ടയിലെ നാലിടങ്ങളില്‍ പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അക്രമം നടത്തിയ പലരെയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ മദ്യപാനികളും ക്രിമിനല്‍ സ്വഭാവമുള്ളവരുമായ പലരുമുണ്ട്. അവര്‍ ഭക്തരുടെ വേഷമണിഞ്ഞ് അക്രമം നടത്തുകയാണെന്നും അത് അനുവദിക്കില്ലെന്നും പറഞ്ഞ മന്ത്രി വിശ്വാസത്തോടെ മല കയറാന്‍ എത്തുന്ന എല്ലാ ഭക്തന്മാര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here