Advertisement

എന്താണ് ഇന്നലെ നിലയ്ക്കലിൽ സംഭവിച്ചത്; അക്രമികൾ ബന്ദിയാക്കിയ 24റിപ്പോർട്ടർ നിഖിൽ പ്രമേഷ് പറയുന്നു

October 18, 2018
Google News 1 minute Read
nikhil premesh

ഇന്നലെ വൈകിട്ട് 24ന്റെ വാർത്താ സംഘത്തെ നിലയ്ക്കൽ വച്ച് അക്രമി സംഘം ക്രൂരമായി മർദ്ദിക്കുകയും ബന്ദിയാക്കുകയും െചയ്തിരുന്നു. റിപ്പോർട്ടർ നിഖിൽ പ്രമേഷ്, ക്യാമറമാൻ സ്വാതി കൃഷ്ണൻ, ഡ്രൈവർ കൃഷ്ണ കുമാർ എന്നിവരെയാണ് അക്രമി സംഘം ബന്ദികളാക്കിയത്.   വാർത്താ സംഘം സഞ്ചരിച്ചിരുന്ന കാറും അക്രമി സംഘം അടിച്ച് തകർത്തു. ക്യ‌‌ാമറ  നിലത്ത്  അടിച്ച് പൊട്ടിച്ചു. മൊബൈൽ കൈക്കലാക്കി ദൂരേക്ക് എറിഞ്ഞു. തുടർന്ന് കുറുവടികളുമായി എത്തിയ സംഘം അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മാത്രം ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു ഇന്നലെ നിലയ്ക്കലിലെന്ന് 24റിപ്പോർട്ടർ നിഖിൽ പ്രമേഷ് പറയുന്നു.  എന്താണ് ഇന്നലെ സംഭവിച്ചത്?  അക്രമികളുടെ കയ്യിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട  നിഖിൽ പ്രമേഷ് പറയുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി നിലയ്ക്കൽ,പമ്പ,എരുമേലി എന്നിവിടങ്ങളിലായുണ്ട് ഞാനും സ്വാതിയും കൃഷ്ണകുമാറും. .. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാം മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത് കവർ ചെയ്യാനാണ് എത്തിയത്.   മിനിഞ്ഞാന്ന് മുതൽ അതിഭീകരമായിരുന്നു കാഴ്ചകൾ.   ഇടവിട്ട് ഇടവിട്ട് അങ്ങിങ്ങ് സംഘർഷം… മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം.. തെറിവിളി.. അപമാനിയ്ക്കൽ.. അങ്ങനെ…

ചെറുതെങ്കിലും, എന്റെ മാധ്യമ പ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ വയലൻസ് സമരമാണ് അവിടെ കണ്ടത്… രാവിലെ മുതൽ വനിതാ മാധ്യമ പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് കയ്യേറ്റം… പിന്നെ തെറിവിളിച്ചുള്ള അപമാനിക്കൽ...

വൈകീട്ടോടെ  പ്രവർത്തകർ മനപൂർവ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. ഇതെല്ലാം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് ഞങ്ങൾ തിരിച്ചപ്പോഴാണ് അക്രമി സംഘം കാറ് തടഞ്ഞത്.  നിലയ്ക്കലിൽ നിന്ന് 2കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാകും.   ഇരുമുടികെട്ടോ, തോൾസഞ്ചിയോ ഒന്നും ഇല്ലാത്ത ഒരു സംഘം വണ്ടിയ്ക്ക് കുറുകെ കയറി നിന്നു. ഇവരുടെ കയ്യിൽ വലിയവടികളും പെട്രോൾ ബോംബും ഉണ്ടായിരുന്നു.  വണ്ടി നിറുത്തിയതിന് പിന്നാലെ ഓടിയെത്തിയ സംഘം വണ്ടി തകർത്തു.  ആദ്യ ഉപയോഗത്തിനായി പുറത്ത് കൊണ്ടുവന്ന ക്യാമറയും ട്രൈപോഡും ബാഗും എല്ലാം ഓരോന്നായി തകർത്തു. .. ക്യാമറാമാൻ സ്വാതിയുടെയും സാരഥി കൃഷ്ണകുമാറിന്റെയും ഫോണുകൾ ദൂരെക്കളഞ്ഞു…. പവർ ബാങ്കുകൾ.. നെറ്റ് സെറ്റർ.. മൈക്ക്… എല്ലാം പോയി..

മാധ്യമ പ്രവർത്തകർക്ക് സ്വന്തം കുഞ്ഞിനെ പോലെ പ്രീയപ്പെട്ടതാണ് ക്യാമറ.. എടുക്കുമ്പോഴും വയ്ക്കുമ്പോഴും ആ വാത്സല്യം ഞങ്ങൾ കാണിയ്ക്കും… ഉപയോഗിച്ച് കൊതിപോലും തീർന്നിട്ടില്ലാത്ത പുത്തൻ ക്യാമറ ടാർ നിരത്തിൽ അടിച്ച് പൊട്ടിക്കുമ്പോൾ, ഞാൻ ക്യാമറമാൻ സ്വാതിയുടെ നിസ്സഹായമായ കണ്ണുകളെ കാണുകയായിരുന്നു..

പിന്നെ അടി, നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമോ ഒന്നും കുഞ്ഞുനാൾ മുതലേ ഇല്ലാതിരുന്നതു കൊണ്ട്, കൈവണ്ണമുള്ള, വലിയ വടികൊണ്ടുള്ള സംഘട്ടനമൊക്കെ ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു… ആദ്യ അടി കാലിന് താഴെ മുട്ടിനോട് ചേർന്നായിരുന്നു..
പിന്നെ വയറിന് താഴെയും. മുഖത്തും വയറിലുമെല്ലാം പിന്നെയും പിന്നെയും അടി വീണു.  അടികൊണ്ട് അവശരായിട്ടും ഞങ്ങളെ വിടാൻ അവർ തയ്യാറായില്ല, എല്ലാം നഷ്ടമായ ഞങ്ങൾ അവിടെ നിന്ന് പോകാൻ തയ്യാറാകില്ലെന്ന് മനസിലായതോടെ ഇവർ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ജീവൻ കിട്ടിയില്ലേ ഇനി പൊക്കോ എന്ന് നിർദേശം, വേണമെങ്കിൽ താഴെ വരെ എസ്കോർട്ട് തരാമെന്ന വാഗ്ദാനവും.. കൂട്ടത്തിൽ ഒരാൾ രാഖി തന്ന് കയ്യിൽ കെട്ടിക്കോളാൻ പറഞ്ഞു. പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണത്രേ…

മടങ്ങും മുൻപ് ഒരു ചോദ്യം കൂടി ചോദിച്ചു  “നിങ്ങൾ ഏഷ്യാനെറ്റ് അല്ലല്ലേ എന്ന്…”ഞങ്ങളുടെ സഹപ്രവർത്തകരായ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകരെ ആയിരുന്നത്രേ അവർക്ക് വേണ്ടത്…

 

ഇതൊക്കെ കാണുമ്പഴും കേൾക്കുമ്പോഴും വീട്ടിലിരുന്ന് ടീവി കാണുന്ന വലീയൊരു വിഭാഗം പറയും ” ആ.. ഓര്ക്ക് ഇത് കിട്ടണംന്ന്..”
ഇങ്ങനെ തല്ലിച്ചതയ്ക്ക്കണമെന്ന് വിധിയെഴുതാൻ മാത്രം ഞങ്ങളെന്ത് തെറ്റാണ് ചെയ്തതെന്ന് മാത്രമറിയില്ല….
ഒന്നേ പറയാനുള്ളു… മനുഷ്യരാണ് ഞങ്ങളും.. നിലയ്ക്കലേക്ക് തിരികെ പോകാൻ തന്നെയായിരുന്നു തീരുമാനം, പക്ഷേ എന്റെ സ്ഥാപനം സ്നേഹപൂർവ്വം വിലക്കിയതുകൊണ്ട് മടങ്ങുന്നു.. നിഖിൽ പറയുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here