Advertisement

‘ശബരിമലയില്‍ ഓര്‍ഡിനന്‍സ് വേണ്ട, അയോധ്യയില്‍ ഓര്‍ഡിനന്‍സ് വേണം’; അര്‍.എസ്.എസ് വ്യക്തമാക്കുന്നത് രാഷ്ട്രിയ ഇരട്ടത്താപ്പ്

October 18, 2018
Google News 1 minute Read

ആര്‍.രാധാക്യഷ്ണന്‍

ഡല്‍ഹി: ശബരിമല, അയോധ്യ വിഷയങ്ങളിലെ ആര്‍.എസ്.എസിന്റെ നിലപാടുമായ് ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകളില്‍ പൂര്‍ണ്ണ വ്യക്തതയാണ് ആര്‍.എസ്.എസ് സര്‍സംഘചാലക് ഇന്ന് വരുത്തിയത്. അതില്‍ എറ്റവും പ്രധാനം അയോധ്യ വിഷയത്തില്‍ രാഷ്ട്രിയം പാടില്ലെന്ന് നിര്‍ദ്ദേശിച്ച മോഹന്‍ ഭാഗവത് ശബരിമല വിഷയത്തില്‍ രാഷ്ട്രിയ ഇടപെടല്‍ വേണ്ടെന്ന് പറയാന്‍ തയ്യാറായില്ല എന്നതാണ്. അയോധ്യയില്‍ എല്ലാ രാഷ്ട്രിയ താത്പര്യങ്ങളും മാറ്റി വച്ച് ഉടന്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിയ്ക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയിലെ യുവതി പ്രവേശന വിധിയ്ക്ക് എതിരായി ഓര്‍ഡിനന്‍സ് വേണം എന്ന നിര്‍ദ്ദേശം ആര്‍.എസ്.എസ് സര്‍സംഘചാലക് മുന്നോട്ട് വയ്ക്കാന്‍ തയ്യാറായില്ല. പകരം ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധം ഇനി ശക്തമാക്കണമെന്ന് സൂചിപ്പിച്ച് പിന്തുണ പ്രഖ്യാപിക്കുകയാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ചെയ്തത്.

അയോധ്യ വിഷയം കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ട ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ ഭരിയ്ക്കുന്നത് ബി.ജെ.പിയാണ്. അതുകൊണ്ട് തന്നെ അയോധ്യാ വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയാല്‍ അതിനെതിരെ നടപടി സ്വീകരിയ്‌ക്കേണ്ടത് യു.പി യിലെ ബി.ജെ.പി സര്‍ക്കാരാകും. മുന്‍പ് കല്യാണ്‍സിംഗിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ സംഘപരിവാറിന് ലഭിച്ചത് രാഷ്ട്രിയ തിരിച്ചടി ആയിരുന്നു. അതുകൊണ്ട് തന്നെ തെരുവിലിറങ്ങാതെ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ആര്‍.എസ്.എസ് ലക്ഷ്യം. ഇതിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ സാങ്കേതികമായ നിരവധി പ്രശനങ്ങള്‍ ഉണ്ടാകും എന്ന അറിവും ആര്‍.എസ്.എസ്സിനുണ്ട്. അതുകൊണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കരിനെ കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ലക്ഷ്യത്തിലേയ്ക്ക് സുരക്ഷിത പാത ഒരുക്കാനാണ് ആര്‍.എസ്.എസ് തീരുമാനം.

എന്നാല്‍ ശബരിമല വിഷയത്തില്‍ നേര്‍ വിപരീതമാണ് സാഹചര്യങ്ങള്‍. ഇവിടെ സംസ്ഥാനം ഭരണം സി.പി.എമ്മാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ചുവട് ഉറപ്പിയ്ക്കാന്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാക്കുകയാണ് നല്ലതെന്ന് ആര്‍.എസ്.എസ് കരുതുന്നു. ഇതാണ് ആര്‍.എസ്.എസ് സര്‍സംഘചാലക് ഇന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് അധ്യക്ഷന്‍ വിജയദശമി പ്രഭാഷണത്തില്‍ മുഖ്യ സ്ഥാനം നല്‍കിയത് സ്ത്രികളുടെ സ്വാതന്ത്രത്തെ കുറിച്ചും അതിന് മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ നിയമപരമായി പുനപരിശോധിക്കപ്പെടേണ്ടത് സമ്പന്ധിച്ചും ആയിരുന്നു. എന്നാല്‍ ഇത്തവണ ഇക്കാര്യങ്ങള്‍ സംമ്പന്ധിച്ച് അദ്ദേഹം അവലംബിച്ചത് തന്ത്രപരമായ മൗനം ആണ്. സ്ത്രീ- പുരുഷ സമത്വം നല്ലതാണെന്ന് മാത്രം പറഞ്ഞ മോഹന്‍ ഭഗവത് അതിന് യുവതി പ്രവേശനം പോലുള്ള വിധികള്‍ ഉണ്ടാകുന്നത് നേട്ടമാകില്ലെന്നും നിരീക്ഷിച്ചു. അതായത്, ക്യത്യമായ രാഷ്ട്രിയ അജണ്ടയോടെയാണ് സംഘപരിവാര്‍ യുവതി പ്രവേശന വിഷയത്തില്‍ ഒരോ ചുവടും മുന്നോട്ട് വയ്ക്കുന്നത് എന്ന് വ്യക്തമാക്കുന്നു മോഹന്‍ ഭാഗവതിന്റെ ഇന്നത്തെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here