Advertisement

‘ചേച്ചി കരയുന്നതു കണ്ടപ്പോള്‍ സഹിക്കാനായില്ല’: പൊന്നമ്മ ബാബു

December 6, 2018
Google News 3 minutes Read
ponnamma bau

നെല്‍വിന്‍ വില്‍സണ്‍

വര്‍ഷങ്ങളായി പരിചയമുള്ള, സ്വന്തം ചേച്ചിയെ പോലെ സ്‌നേഹിക്കുന്ന സേതുലക്ഷ്മിയമ്മ സഹായത്തിന് വേണ്ടി കരയുന്നതു കണ്ടപ്പോള്‍ തനിക്ക് സഹിക്കാനായില്ലെന്ന് നടി പൊന്നമ്മ ബാബു. ഇരു വൃക്കകളും തകരാറിലായ നടി സേതുലക്ഷ്മിയമ്മയുടെ മകന് സ്വന്തം വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് നടി പൊന്നമ്മ ബാബു ’24’ നോട് പങ്കുവെക്കുകയായിരുന്നു.

– ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്‌? 

സേതുലക്ഷ്മിയമ്മയുമായി നിരവധി വര്‍ഷത്തെ ബന്ധമുണ്ട്. ചേച്ചിയുടെ കുടുംബത്തെയും മുന്‍പ് അറിയാം. അങ്ങനെയിരിക്കെയാണ് മകന് വേണ്ടി കൈ കൂപ്പി കരയുന്ന ചേച്ചിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആ സമയത്ത് പ്രത്യേകിച്ചൊന്നും ആലോചിച്ചില്ല. അപ്പോള്‍ തന്നെ ചേച്ചിയെ വിളിച്ച് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ചേച്ചി കരയുന്നതുകണ്ടപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല. അത്രയേറെ അടുപ്പമുണ്ട് ചേച്ചിയുമായി. എവിടെ വച്ച് കണ്ടാലും ചേച്ചി എന്റെ അടുത്തേക്ക് ഓടിവരും, ‘പൊന്നോ’ എന്ന് പറഞ്ഞ് കെട്ടിപിടിക്കും. അത്രയേറെ അടുപ്പമുള്ള ഒരാള്‍ നിരാലംബയായി നില്‍ക്കുന്നതുകണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് ചേച്ചിയെ അറിയിച്ചത്.

മറ്റ് പരിശോധനകള്‍ നടത്തിയോ?

വൃക്ക നല്‍കാനുള്ള സന്നദ്ധത അറിയിച്ചതിന് ശേഷം മറ്റ് കാര്യങ്ങളിലേക്കൊന്നും കടന്നിട്ടില്ല. വൃക്ക ദാനം ചെയ്യാന്‍ സമ്മതമാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞത് വേറെ രണ്ടുമൂന്ന് പേര്‍ അവയവ ദാനത്തിന് സമ്മതമറിയിച്ചിട്ടുണ്ട് എന്നാണ്. അവരുടെ പരിശോധനയും മറ്റും ഇപ്പോള്‍ നടത്തുന്നുണ്ട്. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനത്തിലെത്തുക. അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ചേച്ചിയുടെ മകന് എന്റെ വൃക്ക സ്വീകരിക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് അറിയില്ല. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ പരിശോധനക്ക് ശേഷം മാത്രമേ അവയവം ദാനം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിക്കൂ. അതിനിടയില്‍ ഏറ്റെടുത്ത ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. മുന്‍പ് ഏറ്റെടുത്ത സിനിമകളായതിനാല്‍ ഒഴിഞ്ഞുമാറാനും സാധിക്കില്ല. അതെല്ലാം കഴിഞ്ഞ് പരിശോധന നടത്തി തന്റെ വൃക്ക ദാനം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. എനിക്ക് അവയവം നല്‍കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഞാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം. എന്തിനാണ് മടിച്ചുനില്‍ക്കുന്നത്? നമ്മളെ പോലെ ആരെങ്കിലുമൊക്കെ മുന്നോട്ട് വന്നാലല്ലേ മറ്റുള്ളവര്‍ക്കും പ്രചോദനമാകുക. കൂടുതല്‍ സ്ത്രീകള്‍ ഇങ്ങനെയൊരു നല്ല കാര്യത്തിനായി മുന്നോട്ട് വരണം.

Read More: സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് പൊന്നമ്മ ബാബു

– വാര്‍ത്തയാകാനല്ല!

അവയവം ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതോടെ ഒരുപാട് പേര്‍ വിളിച്ചു. ഒന്നും മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങളല്ല. വലിയ വാര്‍ത്തയാകണമെന്നോ പ്രശസ്തി ലഭിക്കണമെന്നോ ഉദ്ദേശിച്ചല്ല അവയവം ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചതും. ‘എന്റെ മോനെ രക്ഷിക്കണേ…’എന്ന് പറഞ്ഞ് ഒരു അമ്മ കരയുന്നതു കണ്ടപ്പോള്‍ സഹിക്കാനായില്ല. ചേച്ചി കരയുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു; ‘ഇനി കരയണ്ട, ഞാന്‍ തരാം’ എന്ന്. എന്റെ വൃക്ക യോജിച്ചില്ലെങ്കില്‍ തന്നെ ആ മകന് മറ്റാരുടെയെങ്കിലും യോജിക്കണേ എന്നാണ് ഇപ്പോള്‍ പ്രാര്‍ത്ഥന. പരിശോധന നടത്തിയിട്ടൊന്നുമല്ല സമ്മതം അറിയിച്ചത്. ഞാന്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്. മറ്റുള്ളവര്‍ക്കും ഇതൊരു പ്രചോദമാകണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇത് വലിയൊരു വാര്‍ത്തയായൊന്നും അവതരിപ്പിക്കുന്നതില്‍ താല്‍പര്യമില്ല. ആദ്യമേ ഞാന്‍ അത് പറഞ്ഞതാണ്. എന്നാല്‍, എന്നിലൂടെ മറ്റാര്‍ക്കെങ്കിലും ഇതുപോലെ മുന്നോട്ട് വരാനും മറ്റുള്ളവരെ സഹായിക്കാനും പ്രചോദനമാകുമെങ്കില്‍ അത് നല്ല കാര്യമല്ലേ?

– താരസംഘടനയായ ‘അമ്മ’യില്‍ സ്ത്രീകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?

‘അമ്മ’യ്ക്കുള്ളില്‍ നായികമാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല. എത്രയോ വര്‍ഷമായി അമ്മ എന്ന സംഘടന ഇവിടെ ഉണ്ട്. ഞങ്ങള്‍ നടിമാരെല്ലാം സംഘടനയില്‍ സുരക്ഷിതരാണ്. നമുക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സംഘടനയ്ക്കുള്ളിലെ പലരും ഓടിയെത്താറുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കാറുണ്ട്. എത്രയോ നല്ല കാര്യങ്ങളാണ് അമ്മ ചെയ്യുന്നത്. ഒരുപാട് നല്ല കാര്യങ്ങള്‍ ‘അമ്മ’ ചെയ്യുന്നുണ്ട്. എന്നാല്‍, അതൊന്നുമല്ല പുറത്തുവരുന്ന വാര്‍ത്തകള്‍. സംഘടനയിലെ എല്ലാ അംഗങ്ങളെയും അമ്മ സംരക്ഷിക്കും. സംഘടനയ്ക്കുള്ളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കാനും പരിഹാരം കാണാനും സംഘടനയ്ക്കുള്ളില്‍ തന്നെ സംവിധാനങ്ങളുണ്ട്. സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പറയാനും പരിഹരിക്കാനും ഒരു പ്രത്യേക സെല്‍ സംഘടനയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയോട് കൂടി അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here