Advertisement

ലീഡറുമായി ചേര്‍ന്ന് രാഷ്ട്രീയത്തില്‍; പിന്നെ പിണങ്ങി

December 11, 2018
Google News 1 minute Read

പി.പി.ജെ

സി.എന്‍ ബാലകൃഷ്ണന്‍ ഓര്‍മ്മയായി

തൃശൂരിലെ സീതാറാം മില്ലില്‍ തൊഴിലാളിയായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് അന്ന് ചായക്കട നടത്തിയിരുന്ന നാണു എഴുത്തശ്ശനുമായി തീവ്ര സ്‌നേഹബന്ധമായിരുന്നു. ആ സൗഹൃദമാണ് സി.എന്‍ ബാലകൃഷ്ണന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിച്ചത്. നാണു എഴുത്തശ്ശന്റെ മകന്‍ വിവാഹം ചെയ്തത് സി.എന്നിന്റെ മകളെയാണ്. കെ. കരുണാകരന്റെ സന്തതസഹചാരിയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വളര്‍ന്നതും പിന്നീട് കോണ്‍ഗ്രസുമായി ഇടഞ്ഞ ലീഡറുമായി സി.എന്‍ പിണങ്ങിയതും ചരിത്രം.

ചെറുപ്പത്തില്‍ തൃശൂരിലെ പുഴയ്ക്കല്‍ പാടത്ത് തോര്‍ത്തുമുണ്ടുകൊണ്ട് പരല്‍ മീനിനെ പിടിക്കാറുണ്ട് എന്ന് സി.എന്‍ പാതിതമാശയായി പറയുമായിരുന്നു. അധികാര രാഷ്ട്രീയത്തിലും അണികളെ പിടിക്കാന്‍ ആ കൗശലം തുടര്‍ന്നു. കൂടെ നില്‍ക്കുന്നവരെ കൈവിട്ട് സഹായിക്കുകയും എതിര്‍ക്കുന്നവരുമായി അങ്കം വെട്ടുകയും ചെയ്യുന്ന ലീഡര്‍ ശൈലി സി.എന്നിനുമുണ്ടായിരുന്നു. എക്കാലത്തും ഐ ഗ്രൂപ്പുകാരനായിരുന്നു. എന്നാല്‍, തന്റെ സഹായം തേടി എത്തുന്നവരെ മനസുനിറഞ്ഞ് സഹായിക്കുന്ന സ്വഭാവക്കാരനുമായിരുന്നു സി.എന്‍.

ഡിസിസി ട്രഷററായി ജില്ലാ രാഷ്ട്രീയത്തില്‍ എത്തിയ സി.എന്‍ പിന്നീട് രണ്ട് ഘട്ടങ്ങളിലായി 16വര്‍ഷം ഡിസിസി പ്രസിഡന്റും പിന്നീട് സഹകരണ മന്ത്രിയുമായി. ഭാരത് സേവക് സമാജത്തിന്റെ പ്രവര്‍ത്തകനും ഗ്രന്ഥശാലയുടെ സജീവ പ്രചാരകനുമായിരുന്നു. ഖാദി പ്രസ്ഥാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായതും. എന്നും ഖാദി ധരിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തി. സ്വാതന്ത്ര്യസമര സേനാനി വിആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ സ്ഥാപിച്ച ഖാദി അസോസിയേഷനിലൂടെ ശക്തനായി സംസ്ഥാനത്ത് ഖാദി ഫെഡറേഷന്റെ പ്രസിഡന്റായി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ‘മൂത്താശ്ശാരി’ എന്ന പേരു തന്നെ സി.എന്നിനുണ്ട്. കെപിസിസി ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനും, ഡിസിസി ആസ്ഥാനമായ കെ കരുണാകര മന്ദിരവും പടുത്തുയര്‍ത്തിയതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ട്. സംസ്ഥാനത്ത് സഹകരണ ബാങ്കിന്റെ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും മുമ്പില്‍ നിന്നു. സപ്തതി സ്മാരകമായി മുതുവറയില്‍ സ്വന്തം പേരിലും സ്മാരക മന്ദിരം ഉയര്‍ത്തി.

സി.എന്‍ വിടവാങ്ങുമ്പോള്‍ കെ. കരുണാകരന്റെ ശൈലിയില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് മണ്‍മറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here