Advertisement

ഒടിയനിലെ വരികൾക്ക് പിന്നിലെ പെൺമുഖം

December 23, 2018
Google News 1 minute Read

– വീണ.പി

ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമ മനസിൽ കണ്ട അന്ന് മുതൽ, ഒടിയന് പിന്നിലെ സംഘം അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ച അന്ന് മുതൽ ആ സംഘത്തിനൊപ്പം ഒരു പെൺകുട്ടിയുണ്ട്, വരികളിലൂടെ ഒടിയനെ വരച്ചിട്ട ഒരു പെൺകുട്ടി, ഒടിയന്റെ സംവിധായകൻ  ശ്രീകുമാർ മേനോന്റെ മകൾ! ലക്ഷ്മി. ഒടിയനിലെ രണ്ട് ഗാനങ്ങളാണ് ലക്ഷ്മി എഴുതിയത്.

വരികൾ എഴുതിയത് ഒന്നര വർഷം മുന്പ് 
ഒടിയൻ എന്ന കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്തിയ വരികളാണ് ലക്ഷ്മിയുേടതായി നമ്മൾ തിയറ്റിൽ കേട്ടത്. ഒടിയൻ എന്ന കഥാപാത്രം  നേരിടുന്ന  വൈകാരിക മുഹൂർത്തത്തിൽ നമ്മൾ കേട്ട നെഞ്ചിൽ കാളക്കൊളുമ്പ് എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മിയുടെ  സൃഷ്ടിയായിരുന്നു. ശങ്കർ മഹാദേവന്റെ ശബ്ദത്തിലൂടെയാണ് നമ്മളത് കേട്ടത്. എം ജയചന്ദ്രന്റെ സംഗീതം കൂടിയായപ്പോൾ തീയറ്ററിൽ നിന്ന് ഒടിയന്റെ മാനസിക സംഘർഷത്തൊടൊപ്പം അലിഞ്ഞ് ചേരാൻ ആരാധകർക്ക് മറ്റൊന്നും വേണ്ടായിരുന്നു. അത്രമാത്രം ആ സന്ദർഭത്തോട് ഇണങ്ങിച്ചേർന്ന് നിന്നു ആ വരികൾ. മുത്തച്ഛന്‍ കൊച്ചുമകനെ ഒടിവിദ്യ പഠിപ്പിക്കുന്ന സമയത്തെ  ‘മുത്തപ്പന്റെ ഉണ്ണി’ എന്ന ഗാനവും ലക്ഷ്മിയാണ് എഴുതിയത്.

 

കവിതാ പ്രേമം ചെറുപ്പം തൊട്ടേ..
പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആനുകാലികങ്ങളിൽ ലക്ഷ്മിയുടെ  കവിത അച്ചടിച്ച് വന്നിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും പിന്തുണയിൽ ഒരു സിനിമയ്ക്ക് പാട്ടെഴുതിയെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. മലയാളത്തോടും വരികളോടുമുള്ള ലക്ഷ്മിയുടെ പ്രണയത്തിന് അത് ഒരു തടസ്സമായതേയില്ല. വരികൾ മനസിൽ തടഞ്ഞപ്പോഴൊക്കെ അത് പേപ്പറിലേക്ക് ഒഴുകിയെത്തി. ഈ ‘മലയാളം പ്രേമം’  മലയാള ബിരുദത്തിൽ എത്തി നിൽക്കുമ്പോഴാണ് ഒരു നിയോഗം പോലെ ഒടിയനെത്തുന്നത്. അമ്മയും അച്ഛനും ധൈര്യം തന്നതോടെയാണ് ഒടിയനെ വരികളിൽ തളയ്ക്കാൻ തയ്യാറായതെന്ന് ലക്ഷ്മി പറയുന്നു.

ആദ്യം മുത്തപ്പനുണ്ണി..
അച്ഛൻ സിനിമയുടെ വർക്ക് തുടങ്ങിയപ്പോൾ താൻ ഒടിയനിലെ വരികൾക്കൊപ്പമായിരുന്നു. ആദ്യം എഴുതുന്നത് മുത്തപ്പന്റെ  ഉണ്ണി എന്ന ഗാനമാണ്. സത്യത്തിൽ ഈ ഗാനം എഴുതുമ്പോൾ ഞാൻ ചെന്നൈയിലായിരുന്നു.

നാല് വരിയും എട്ട് വരിയും ഒക്കെ എഴുതി ഞാൻ അച്ഛന് അയച്ച് കൊടുക്കും. അച്ഛൻ എനിക്ക് സിനിമയിലെ സന്ദർഭങ്ങൾ വ്യക്തമായി പറഞ്ഞ് തന്നിരുന്നു. പാട്ടിന്റെ മൂഡ് ജയചന്ദ്രൻ സാറും പറഞ്ഞ് തന്നു. അത് കൊണ്ട് വരികൾ എഴുതാൻ എളുപ്പമായി. മുത്തപ്പന്റെ ഉണ്ണി സാധാരണ ഒരു പാട്ട് പോലെ എഴുതാൻ പറഞ്ഞു. ഞാൻ മനസിൽ ഒരു ഈണം ഇട്ടാണ് ആ പാട്ടിന്റെ വരികൾ എഴുതിയത്. അത് ജയചന്ദ്രൻ സാറിന് അയച്ച് കൊടുത്തു. സാറ് ഇട്ട ഈണത്തിന് അനുസരിച്ച് വരികളിൽ അൽപം മാറ്റം വരുത്തുകയാണ് ഉണ്ടായത്. നെഞ്ചില് കാളക്കൊളമ്പ് എഴുതുന്ന സമയത്ത് റഫീക്ക് അഹമ്മദ് സാറും, ജയചന്ദ്രൻ സാറും ഞാനും ഒക്കെ അടുത്തുണ്ടായിരുന്നു. സാറ് ഈണം ഇടുന്നതിന് അനുസരിച്ച് ഞാൻ വരികൾ എഴുതുകയായിരുന്നു.



അച്ഛൻ സംവിധായക വേഷത്തിലെത്തിയപ്പോൾ?

അച്ഛൻ നല്ല ക്രിട്ടിക്ക് ആണ്. ശരിയല്ല എന്ന് കണ്ടാൽ തിരുത്തി എഴുതാൻ പറയും. ഒരുപാട് തവണ രണ്ട് പാട്ടും എന്നെക്കൊണ്ട് മാറ്റിയെഴുതിച്ചിട്ടുണ്ട് അച്ഛൻ. ഓരോ വരിയും എടുത്ത് വായിച്ച്, ഒന്ന് കൂടി ട്രൈ ചെയ്യാൻ പറയും.

ഒടിയൻ തന്ന അനുഭവങ്ങൾ?
രണ്ട് പാട്ടുകൾ എഴുതിയപ്പോഴും കഥാ സന്ദർഭവുമായി ഏറെ യോജിച്ച് പോകുന്ന വരികൾ എനിക്ക് എഴുതാൻ സാധിച്ചു എന്നത് തന്നെയാണ് ഒടിയൻ തന്ന അനുഭവവും അഭിമാനവും.  ഒരു നിമിത്തം പോലെയാണ് ചില വരികൾ എന്രെ മനസിലേക്ക് വന്നത്. നെഞ്ചിലെ കാളക്കൊളുമ്പ് എന്ന പാട്ടിൽ പൊയ്മുഖം കെട്ടി നടന്ന് നേർ മുഖം നമ്പണില്ലിന്ന്  എന്ന വരികൾ ആ സിനിമയിലെ കഥാസന്ദർഭവുമായി ഏറെ യോജിച്ച് നിൽക്കുന്നതാണ്. സിനിമ കണ്ടപ്പോഴാണ് എന്റെ വരികൾ എത്രത്തോളം നീതി പുലർത്തി എന്ന് മനസിലായത്. അത് നൽകിയ സന്തോഷം ചെറുതല്ല. അച്ഛനും ഏറെ സന്തോഷം നൽകിയ വരികളാണത്.  ആ വരികൾ കേട്ടപ്പോൾ തന്നെ അച്ഛന് ഇഷ്ടപ്പെട്ടു. ഇത് മതി എന്ന് അച്ഛൻ തീർത്ത്  പറഞ്ഞു.

മുത്തപ്പന്റെ ഉണ്ണി എന്ന ഗാനത്തിൽ ചങ്കിലെ തീയായി കരിമ്പന കാറ്റ് പോലെ നീ പടരൂ എന്ന വരിയുണ്ട്,  അത് പാലക്കാടാൻ സൗന്ദര്യം വ്യക്തമാക്കുന്ന വരിയാണ്.  മറുപിള്ള എടുത്ത് ചെവിയിൽ വച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് പഴമൊഴി. കന്നിപ്പേറു നോൽക്കുന്ന പെണ്ണ് വേണമെന്ന എന്ന വരികളിലൂടെ അതും പറയാൻ പറ്റി. രണ്ട് പാട്ടിലേയും എനിക്ക് ഏറെ ഇഷ്ടപ്പെട്ട വരികളാണിത്. ഈ വരികൾ കിട്ടിയ സമയമാണ് ഒടിയനോടൊപ്പം കൂടിയപ്പോൾ എനിക്ക് ഏറെ സംതൃപ്തി നല്കിയ നിമിഷങ്ങൾ.

സിനിമ തീയറ്ററിൽ പോയി കണ്ടപ്പോഴുള്ള അനുഭവം

അച്ഛനോടും അമ്മയോടും ഒപ്പം ആദ്യ ദിവസം തന്നെ പോയി കണ്ടു. സ്വന്തം വരികൾ തീയറ്ററിൽ കേട്ടപ്പോഴുള്ള അനുഭവം  വിവരിക്കൻ വാക്കുകളില്ല. ഞാൻ വല്ലാതെ ഇമോഷണലായി പോയി. അച്ഛൻ നന്നായെന്ന്  പറഞ്ഞു. കൂട്ടുകാരും എന്നെ അറിയുന്നവരും എല്ലാം നല്ല അഭിപ്രായം പറഞ്ഞു. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

റഫീക്ക് അഹമ്മദുമായുള്ള അനുഭവം

റഫീക്ക് സാറൊടൊപ്പം ചെവലഴിക്കാൻ പറ്റിയത് എന്റെ വലിയ നേട്ടമാണ്.  സാറിനൊടൊപ്പം ഉണ്ടായിരുന്ന ഇന്ററാക്ഷൻ എന്നെ വലുതായി സ്വാധീനിച്ചിട്ടുണ്ട്. സാറ് പെട്ടെന്ന് അതിമനോഹരമായി എഴുതും. എങ്ങനെ എളിമയായി നിൽക്കാമെന്ന് എന്നെ പഠിപ്പിച്ചു. ഒരു പാട്ട് നല്ലതാണെന്ന് തോന്നുകയാണെങ്കിൽ മറ്റാരെങ്കിലും എഴുതിയ നല്ല പാട്ടുകൾ ഒരു തവണ കേട്ട് നോക്കണം എന്നാണ് സാറ് നൽകിയ ഉപദേശം.

സിനിമയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം?
ഞാൻ സോഷ്യൽ മീഡിയയിൽ വലിയ ആക്ടീവ് അല്ല. സിനിമയ്കക് എതിരെ സൈബർ ആക്രമണം നടക്കുന്നതായി അറിയാം. എന്നാലും അതിന്റെ ആഴം നേരിട്ട് അനുഭവപ്പെട്ടിട്ടില്ല. ഒത്തിരി പേർ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. എന്നാലും അത് ഇതുപോലെ അതിര് വിടുന്പോൾ നല്ല വിഷമം ഉണ്ട്.

ഭാവി?

പുതിയ സിനിമ ഒന്നും വന്നിട്ടില്ല. മലയാള സിനിമയ്ക്ക് സമാന്തരമായി വരികളിലൂടെ സഞ്ചരിക്കണമെന്ന് തന്നെയാണ് മോഹം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here