Advertisement

2018 സാക്ഷ്യം വഹിച്ച നിരവധി സുപ്രധാന മാറ്റങ്ങൾക്ക് തിരിതെളിയിച്ചത് ഈ സ്ത്രീകൾ

December 31, 2018
Google News 1 minute Read

2018 സ്ത്രീകളുടെ വർഷമായിരുന്നു. ‘മീ ടൂ’ മൂവ്‌മെന്റ് , സാനിറ്ററി പാഡുകൾക്ക് ടാക്‌സ് ഒഴിവാക്കാനുള്ള പ്രതിഷേധങ്ങൾ, ഇരുപ്പ് അവകാശം, ശബരിമല സ്ത്രീ പ്രവേശന വിധി, മുത്തലാഖ് ബിൽ തുടങ്ങി നിരവധി പ്രതിഷേധങ്ങൾക്കും സുപ്രധാന വിധികൾക്കും തീരുമാനങ്ങൾക്കുമെല്ലാം 2018 സാക്ഷ്യം വഹിച്ചു. സ്ത്രീകൾ കടന്നുചെല്ലാൻ മടിച്ച പല മേഖലകളിലും സ്ത്രീകൾ സധൈര്യം കടന്നു ചെന്നു എന്നതുകൊണ്ടും കൂടിയാണ് 2018 നെ സ്ത്രീ മുന്നേറ്റത്തിന്റെ വർഷമാക്കുന്നത്.

ഇന്ത്യൻ സ്ത്രീകൾ വിദേശ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ വരെ നിറയുന്ന കാഴ്ച്ചയും നാം ഈ വർഷം കണ്ടു. ബിബിസി അടക്കം നിരവധി അന്തർദേശീയ മാധ്യമങ്ങളിൽ ചർച്ചയായി മാറിയ വിജി പെൺകൂട്ടും അവരുടെ ഇരുപ്പ് സമരവും മലയാളികൾക്ക് അഭിമാനമായി. ബിബിസി തയ്യാറാക്കിയ 2018ൽ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളിൽ ഒരാളായാണ് വിജി വാർത്തകളിൽ ഇടംനേടിയത്. അത്തരത്തിൽ അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയും, തങ്ങളുടെ പ്രവൃത്തി മേഖലയിൽ കഴിവ് തെളിയിച്ചും രാജ്യത്ത് ചർച്ചയായ 20 സ്ത്രീകൾ…ഇവരിൽ ചിലരെ നാം കാണാതെ പോയിട്ടുമുണ്ട്…!

മിഥാലി രാജ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. ഒരു പക്ഷേ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രദ്ധയാകർഷിക്കുന്നത് ഈ വർഷമായിരിക്കും. 2018 ൽ ഏറ്റവും കൂടുതൽ ടി20 റൺസ് സ്വന്തമാക്കിയ താരമാണ് മിഥാലി.

രേഖ

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മത്സ്യബന്ധന വനിത തൊഴിലാളി. സംസ്ഥാനത്തെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിറിന്റെ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. ഈ അടുത്ത് കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രേഖയെ ആദരിച്ചിരുന്നു.

റോഷ്‌നി നാടാർ മൽഹോത്ര

ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ 51 ആം സ്ഥാനത്ത് നിൽക്കുന്നത് ഈ ഇന്ത്യൻ വനിതയാണ്. 8.1 യുഎസ്ഡി മൂല്യം വരുന്ന എച്‌സിഎൽ കമ്പനിയുടെ നിർണ്ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് റോഷ്‌നിയാണ്.

വിജി പെൺകൂട്ട്

തുണിക്കടയിൽ സ്ത്രീ തൊഴിലാളികൾ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്നതിന് എതിരെ സമരം ചെയ്ത് വിജയിപ്പിച്ച്, അവർക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സ്ത്രീ. ബിബിസി തയ്യാറാക്കിയ 2018ൽ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളിൽ ഒരാൾ.

ശോഭന ഭാരതിയ

എച്ച്ടി മീഡിയയുടെ ചെയർഫേഴ്‌സണും മാനേജിങ്ങ് ഡയറക്ടറും. ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടംപിടിച്ച വ്യക്തി.

സ്മൃതി മന്ദാന

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റർമാരിൽ മികച്ച കളിക്കാരിയായി ബിസിസിഐ തെരഞ്ഞെടുത്ത താരം.

ഹിമ ദാസ്

ലോക യു20 ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫൈനലിൽ വിജയം കൈവരിച്ചതോടെയാണ് ‘ധിംഗ് എക്‌സ്പ്രസ്’ എന്ന ഹിമാ ദാസ് വാർത്തകളിൽ ഇടംനേടിയത്.

മീരാഭായ് ചാനു

ഗോൾ കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണ മെഡൽ നേടിക്കൊടുത്ത വ്യക്തി. 48 കിലോഗ്രാം വിഭാഗത്തിലെ വെയ്റ്റ്‌ലിഫ്റ്റിംഗിലാണ് മീരാഭായ് ചാനുവിന്റെ നേട്ടം.

മേരി കോം

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ സ്വന്തമാക്കി പുതു ചരിത്രം രചിച്ചാണ് മേരി കോം ഈ വർഷം തലക്കെട്ടുകളിൽ നിറഞ്ഞത്. ലോക ബോക്‌സിംഗിൽ ആറ് സ്വർണം നേടുന്ന വനിതാ താരമെന്ന റെക്കോർഡിനു പുറമേ ലോക ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണം നേടുന്ന രണ്ടാമത്തെ താരമാണ് മേരി കോം.

മനു ഭാകർ

ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണ മെഡൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരി. 16 കാരിയായി ഈ ഹരിയാന സ്വദേശിനി വനിതകളുടെ 10m എയർ പിസ്റ്റൾ ഇവെന്റിലും മികച്ച നേട്ടമാണ് കൈവരിച്ചത്.

ഹർമൻ പ്രീത് കൗർ

വനിതകളുടെ ടി20 ൽ സെഞ്ചുറി കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം. ടി2- ലോകകപ്പിൽ മികച്ച പ്രകടനമാണ് ഹർമൻ പ്രീത് കാഴ്ച്ചവെച്ചത്.

മനേക ഗുരുസ്വാമി

ഭരണഘടനയിലെ 377 ആം വകുപ്പ് റദ്ദാക്കാൻ പ്രയത്‌നിച്ച അഭിഭാഷക. ഇതോടെ ഇന്ത്യയിൽ സ്വർഗഗരതി നിയമവിധേയമായി. ചരിത്രവിധിയെന്ന് ലോകം വാഴ്ത്തിയ ഈ ദിനത്തിന് പിറകിൽ മനേകയുടെ വർഷങ്ങളുടെ നിയമപോരാട്ടമുണ്ട്.

അവനി ചതുർവേദി, ഭാവനാ കാന്ത്, മോഹനാ സേത്

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റുമാർ. പുരുഷന്മാർ മാത്രം വിഹരിച്ചിരുന്ന ഈ മേഖലയിലേക്കാണ് അവനി ചതുർവേദി, ഭാവനാ കാന്ത്, മോഹനാ സേത് എന്നീ മൂന്ന് ധീരവനിതകൾ കടന്നുചെന്നത്.

പ്രീതി ഹെർമാൻ

change.org ന്റെ മേധാവി. ഒബാമ ഫെല്ലോഷിപ്പ് ലഭിച്ച ഏക ഇന്ത്യൻ. ലോകമെമ്പാടുമുള്ളവരിൽ വെറും 20 പേർക്ക് മാത്രമാണ് ഈ ഫെല്ലോഷിപ്പ് ലഭിക്കുന്നത്.

ദീപിക രജാവത്ത്

രാജ്യത്തെ നടുക്കിയ കത്വ പീഡനക്കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കായി ഹാജരായ അഭിഭാഷക. കേസിൽ ഇരക്കുവേണ്ടി ഹാജരായ ദീപികയ്ക്ക് പ്രതിഭാഗത്തുനിന്നും വധഭീഷണിയടക്കം ഉയർന്നിട്ടും പതറാതെ തളരാതെ ഇരയ്ക്കായി പോരാടിയ ധീരവനിത.

തനുശ്രീ ദത്ത

‘മീ ടൂ’ തുറന്നു പറച്ചിലുകളിലൂടെ ഇന്ത്യയിലെ ലക്ഷോഭലക്ഷം സ്ത്രീകൾക്ക് തങ്ങളുടെ ദുരനുഭവം തുറന്നു പറയാൻ പ്രേരണയായി വനിത.
ബോളിവുഡ് നടൻ നാനാ പടേക്കറിന് നേരെ തുറന്നു പറച്ചിലുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയത്.

പ്രിയങ്ക ചോപ്ര

priyanka chopra hospitalised after accident

ഗായിക, നിർമ്മാതാവ്, യുണിസെഫ് അംബാസിഡർ, നടി..വിശേഷണങ്ങൾ അങ്ങനെ നീളുന്നു. ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ രണ്ടാം തവണയും ഇടംപിടിച്ച വനിത.

ഉഷ കിരൺ

കോബ്ര (കമാൻഡോ ബറ്റാലിയൺ ഫോർ റെസൊല്യൂഷൻ ആക്ഷൻ) ടീമിൽ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ സിആർപിഎഫ് ഓഫീസർ. നക്‌സലുകൾ ഏറ്റവുകൂടുതലുള്ള ഛത്തീസ്ഗറിലെ ബസ്തർ മേഖലയിൽ പ്രവൃത്തിച്ചതോടെയാണ് ഇഷ കോബ്ര ടീമിൽ അംഗമായത്. ഗൊറില്ല യുദ്ധ മുറകളും വനങ്ങളുടെ അകത്തുള്ള ഏറ്റുമുട്ടലുകളും മറ്റും നടത്തുന്നതിന് പ്രഗത്ഭ്യം നേടിയവരാണ് കോബ്രയിലുള്ളത്.

ഗീതാ ഗോപിനാഥ്

ഐഎംഎഫിൽ നിയമനം ലഭിച്ച ആദ്യ വനിതയും രണ്ടാമത്തെ ഇന്ത്യൻ സ്വദേശിയും. നിലവിൽ ഹവാർഡ് യബണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റഡീസ് ആന്റഅ എക്കണോമിക്‌സ് വിഭാഗം ജോൺ സ്വാൻസ്ട്ര പ്രൊഫസർ കൂടിയാണ് ഗീത ഗോപിനാഥ്.

ഫായെ ഡിസൂസ

മിറർ റൗവിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ. കർഷകരുടെ അവകാശം, സ്ത്രീകളുടെ പ്രശ്‌നങ്ങൾ തുടങ്ങി രാജ്യം ചർച്ച ചെയ്യാൻ മടിക്കുന്ന നിരവധി പ്രശ്‌നങ്ങളെ ചർച്ചയാക്കിയ മാധ്യമപ്രവർത്തക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here