Advertisement

സന്യാസത്തിന്റെ ആവൃതിയില്‍ അഭയം തേടിയുള്ള ലൂസിയുടെ വൃണങ്ങള്‍ ഉണങ്ങിയിട്ടില്ല: സിന്ധു ജോയ്

January 11, 2019
Google News 1 minute Read

സിസ്റ്റര്‍ ലൂസി കളപ്പുരയെ വിമര്‍ശിച്ച് സിന്ധു ജോയ്. സിസ്റ്റര്‍ ലൂസി കത്തോലിക്കാസഭയെ ആവോളം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്ന് സിന്ധു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് സിന്ധു രംഗത്തെത്തിയിരിക്കുന്നത്. താന്‍ അംഗമായ സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരിയാണ് ലൂസിയെന്ന് സിന്ധു വിമര്‍ശിച്ചു. സിസ്റ്റര്‍ ലൂസിക്ക് മാന്യതയുണ്ടെങ്കില്‍ സന്യാസ വസ്ത്രം ഊരിവച്ചു പുറത്തുവരണമെന്നും സന്യാസിനീ മഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനു നേരെ കൊഞ്ഞനം കുത്തുന്നത് അല്പത്തമാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Read Also: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുമാരി (സിസ്റ്റർ) ലൂസിയോട് പറയാനുള്ളത്…
————————————————————————
ഇന്നലെ കേരളത്തിലെ വാർത്താ ചാനലുകളിൽ ചൂടുപിടിച്ച ചർച്ചകൾ കണ്ടു.വയനാട് ജില്ലയിൽ നിന്നുള്ള ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ ലൂസി കളപ്പുരയെ മുഖ്യാതിഥിയാക്കിയ സായാഹ്‌ന ചർച്ചകൾ. സ്വാഭാവികമായും കത്തോലിക്കാ സഭയെ ആവോളം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു ആ വിചാരണ. സ്വന്തം മതവിശാസത്തിനുവേണ്ടി പലതും വിട്ടുപേക്ഷിച്ചുപോന്ന ഒരാളെന്ന നിലയിൽ അതെന്നെ വല്ലാതെ നോവിച്ചുവെന്നു പറയാതെ വയ്യ! 

വയനാട് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ് കുമാരി (സിസ്റ്റർ) ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാൻ സ്വന്തം കാറുള്ള അപൂർവം കത്തോലിക്കാ സന്യാസിനികളിൽ ഒരാൾ! കഴിഞ്ഞ പത്തുവർഷത്തിലേറെയായി താൻ അംഗമായിരിക്കുന്ന സന്യാസിനീ സഭയിൽ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരി. 

കുമാരി (സിസ്റ്റർ) ലൂസിയോട് പറയാനുള്ളത് ഇവയാണ്. ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷന്റെ അന്തഃസത്ത എന്താണെന്ന് മനസിലാക്കേണ്ടിയിരുന്നു അവർ. ഇറ്റലിയിലെ അസ്സീസിയുടെ തെരുവുകളിൽ ദാരിദ്ര്യത്തിന്റെ ചാക്കുവസ്ത്രമണിഞ്ഞു നടന്ന ഫ്രാൻസിസ് എന്ന സന്യാസി; അവന്റെ ദാരിദ്ര്യത്തിന്റെ വിശുദ്ധിയെറിഞ്ഞു പ്രഭുമന്ദിരം വിട്ടിറങ്ങിയ ക്ലാര എന്ന പെൺകുട്ടി. ഈ ഫ്രാൻസിസിന്റെയും ക്ളാരയുടെയും സുകൃത പുണ്യങ്ങളാണ് എഫ് സി സി എന്ന സന്യാസിനീ സഭയുടെ ആന്തരിക സത്ത. “അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം” എന്നീ മൂന്നു വ്രതങ്ങൾ അൾത്താരയുടെ മുന്നിൽ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിയാണ് ഒരു സ്ത്രീ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷനിൽ അംഗമാകുന്നത്. നാലുവർഷത്തിലേറെ നീളുന്ന പരിശീലനപ്രക്രിയയുടെ അവസാനമാണ് അത്. അതും കഴിഞ്ഞു ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതേ വ്രതങ്ങൾ ഏറ്റുചൊല്ലി വീണ്ടും ‘നിത്യവൃത വാഗ്‌ദാനം”. അപ്പോഴാണ് കത്തോലിക്കാ സഭയിൽ ഒരു ഒരു സ്ത്രീ പൂർണമായും സന്യാസിനി ആകുന്നത്. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും സന്യാസത്തിൽ നിന്ന് പുറത്തുവരാമെന്നു സാരം. 

കുമാരി (സിസ്റ്റർ) ലൂസി കളപ്പുരയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ സ്വാതന്ത്ര്യവും അവർക്കുണ്ട്. എന്നാൽ, സന്യാസത്തിന്റെ ആവൃതിയിൽ അതിനു പരിമിതികളുണ്ട്; അതാണ് സന്യാസത്തിന്റെ കാതൽ!

ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളിലും ഇപ്പോൾ സ്ത്രീകൾക്ക് കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സേവനം ചെയ്യാം. അതിനുവേണ്ടി അവർ ഒരു പരിശീലനപദ്ധതിയിലൂടെ കടന്നുപോകണം. സൈന്യത്തിന്റെ യൂണിഫോം ധരിക്കണം. സേനയിലെ അച്ചടക്കം പാലിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉറപ്പായും അവർ അച്ചടക്കനടപടിക്ക് വിധേയമാകും; ഒടുവിൽ പുറത്തുപോകും. കേരള പോലീസിലുമുണ്ട് വനിതകൾ. അവർക്കും ഈ നിയമങ്ങൾ ബാധകമാണ്. എന്തിന്, ഒരു ആശുപത്രിയിൽ ജോലിചെയ്‌യുന്ന നേഴ്‌സും ഡോക്ടറുമൊക്കെ ഇത്തരം നിയമങ്ങൾ പാലിച്ചേ ഒക്കൂ. ഇതാണ്, ഒരു സന്യാസസഭയിലും നടക്കുന്നത്. ആ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ.
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിൽ ഇങ്ങനെയൊരു പരാമർശമുണ്ട്: “മുറിവേറ്റ മൃഗത്തെ സൂക്ഷിക്കണം; അതാണ് ഏറ്റവും അപകടകാരി”. 

ക്ഷതം രണ്ടു തരമുണ്ട്. ഉള്ളില്‍ ഉണങ്ങാതെ കിടന്ന്, വളര്‍ന്ന്, പിന്നെ ഉണങ്ങാത്ത മുറിവായി നീറിക്കിടക്കുന്ന, വിഷം വമിക്കുന്ന ക്ഷതം. മറ്റൊന്ന് ക്രിസ്തുവിന്റെ മുറിവു പോലെ രക്ഷാകരമായ ക്ഷതം. അവര്‍ ചെയ്തത് എന്തെന്ന് അവര്‍ അറിയുന്നില്ല എന്ന് മനസ്സിലാക്കി അവരുടെ വീഴ്ചകളോട് ക്ഷമിക്കുന്ന യേശുവിന്റെ ക്ഷതം. അത് ഉണങ്ങിപ്പോവുകയും ക്ഷമയുടെയും സൗഖ്യത്തിന്റെയും നീരുവ ആകുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുമുറിവുകളോട് ചേര്‍ത്തു വയ്ക്കുന്ന എല്ലാ മുറിവുകളും സൗഖ്യം പകരുന്ന ക്ഷതങ്ങളായി മാറുന്നു!

കുമാരി ലൂസി കളപ്പുരയുടെ ആന്തരികക്ഷതങ്ങൾ അങ്ങനെ ഉണങ്ങിയിട്ടില്ലെന്നു സാരം. കൗമാരപ്രായത്തിൽ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയിൽ അഭയം തേടിയ ലൂസിയുടെ വൃണങ്ങൾ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്‌തവം.

കുമാരി ലൂസി കളപ്പുരയോട് അപേക്ഷിക്കാനുള്ളത് ഇതാണ്. മാന്യതയുണ്ടെങ്കിൽ സന്യാസവസ്ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത് അല്പത്തമാണ്!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here