Advertisement

‘സമ്മതം സമര്‍പ്പയാമി?’; സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ് എംപി

January 21, 2019
Google News 1 minute Read
mb rajesh and surendran

ഗെയില്‍ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പരിഹസിച്ച്‌ എംബി രാജേഷ്‌ എംപി. എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാരിന് ഗെയില്‍  പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നും, പൂര്‍ത്തീകരിച്ചാല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണ് പിണറായി വിജയനെന്ന് അംഗീകരിക്കേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അധികാരത്തിലെത്തി ആയിരം ദിനങ്ങള്‍ക്കുള്ളിൽ ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 2016 മെയ്‌ 31 ന്‌ സുരേന്ദ്രൻ  ഇട്ട ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു.

2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടു സഹിതമാണ് എംബി രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിവസം പൂര്‍ത്തിയാകുന്നതിനുള്ളിലാണെന്നും രാജേഷ് ചൂട്ടിക്കാട്ടി. സുരേന്ദ്രന്റെ ചാലഞ്ച് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും എംപി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി
———————————————-

കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ…സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കൽ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സർക്കാരിന് ലാഭമുണ്ടാകുമെന്നും താൻ പറയുന്നത് സംഭവിച്ചില്ലെങ്കിൽ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓർമ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാൻ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി….?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here