Advertisement

ഭീമ കൊറേഗാവ് ആക്രമണം; ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍

February 2, 2019
Google News 0 minutes Read

പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍. മുംബൈ ഛത്രപതി ശിവശി വിമാനത്താവളത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 3.30 ന് ആനന്ദ് അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍. പൂനെ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കികൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

ഭീമ കൊറേഗാവ് ആക്രമണവുമായി ബന്ധപ്പെട്ട് ആനന്ദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആനന്ദിനെ പൂനെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആനന്ദിന്റെ അഭിഭാഷകന്‍ രോഹന്‍ നഹാര്‍ പറയുന്നു. ജനുവരി 14 ന് സുപ്രീംകോടതി 4 ആഴ്ചത്തേക്കാണ് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നുത്. ഫെബ്രുവരി 11 വരെ ആനന്ദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് നിലനില്‍ക്കെ പൂനെ പൊലീസിന്റെ നടപടി തെറ്റാണെന്നും രോഹന്‍ പറഞ്ഞു.

2018 ജനുവരി 1 ന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ശോമ സെന്‍, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാദ്‌ലിങ് എന്നീ ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തിരുന്നു. 2018 ജൂണിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ വരവര റാവു, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here