മാണിയോട് കോടിയേരിക്ക് പറയാനുള്ളത്‌!!

 

ബിജെപിക്കും കോൺഗ്രസിനും എതിരായ നിലപാടാണ് കെ.എം.മാണിയും കേരളാ കോൺഗ്രസും സ്വീകരിക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം. ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയ ‘മാണി ഇനി എങ്ങോട്ട്’ എന്ന ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേരളകോൺഗ്രസ് ഇനി എങ്ങോട്ട് എന്ന നിർണായക തീരുമാനത്തിന് വേദിയാകുന്ന ചരൽക്കുന്ന് ക്യാമ്പിന് തൊച്ചുമുമ്പാണ് കോടിയേരിയുടെ സന്ദേശം എന്നത് ശ്രദ്ധേയമാണ്. ബിജെപിയിലേക്ക് എത്തിയാൽ വെള്ളാപ്പള്ളി നടേശന്റെ പുതിയ പാർട്ടിയുടെ അവസ്ഥയാകും ഉണ്ടാകുകയെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്.

കോൺഗ്രസിനോട് കലഹിച്ചും കോൺഗ്രസിന്റെ ഭരണനയങ്ങളിൽ വിയോജിച്ചും കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും രൂപം കൊണ്ട പാർട്ടിയാണ് കേരളാ കോൺഗ്രസ്. ആ രാഷ്ട്രീയപാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന തീരുമാനം കൈക്കൊണ്ടാൽ അത് അർഥവത്താകും. ഈ കക്ഷി പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന കർഷക വിഭാഗങ്ങളോട് കോൺഗ്രസും അതിന്റെ 10 വർഷത്തെ കേന്ദ്രഭരണവും ഇപ്പോഴത്തെ മോദിഭരണവും ദ്രോഹം കാട്ടുന്നു. അതു തുറന്നുകാട്ടി അതിനെതിരായി പോരാടുന്ന നിലപാടാണ് മാണി സ്വീകരിക്കേണ്ടത്. അതിന് പകരം ആർഎസ്എസ് നയിക്കുന്ന കേന്ദ്രസർക്കാരിൻരെ ഔദാര്യം പറ്റി കാവിപക്ഷത്തേക്ക് ചേക്കാറാനുള്ള പാതയിലാണ് മാണിയും കുടുംബവുമെങ്കിൽ അത് തികച്ചും ആത്മഹത്യാപരമാകുമെന്നും കോടിയേരി ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top