ഉമ്മൻചാണ്ടിയ്‌ക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ റവന്യൂമന്ത്രി അടൂർ പ്രകാശ് എന്നിവർക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. ഹോപ് പ്ലാന്റേഷന് ഭൂമി പതിച്ചു നൽകിയ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഹോപ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ചു നൽകാൻ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നു. സർക്കാറിന്റെ കാലാവധി തീരാൻ നാളുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു തീരുമാനം. ഇതിൽ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഇപ്പോൾ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മുൻ ലാന്റ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത, തോട്ടം ഉടമകൾ എന്നിവർക്കെതിരെയും വിജിലെൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പീരുമേട് പഞ്ചായത്തിൽ മിച്ചഭൂമിയെന്ന് കണ്ടെത്തിയ 750 ഏക്കറാണ് ഹോപ് പ്ലാന്റേഷന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാർ നിലപാടിനെതിരെ ഇടുക്കി ഡിസിസി നേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ സർക്കാരിന് കത്തുനൽകിയതോടെ ഏപ്രിൽ ആറിന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം പിൻവലിക്കുകയായിരുന്നു.