സ്വകാര്യ ആശുപത്രികൾക്ക് ഒരേ ചികിത്സാ ഫീസ് ; എങ്കിൽ അത് ചരിത്രം ആകും സാർ

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കാൻ സർക്കാർ പരിപാടി ഇടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം പ്രസ്താവിച്ചത്. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ഒരേ ചികിത്സക്ക് വിവിധ ആശുപത്രികളില്‍ തോന്നിയപോലെ ഫീസ് ഈടാക്കുന്ന സമ്പ്രദായമാണ് ഇപ്പോഴുള്ളതെന്നും ഇതിന് നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗം പ്രവർത്തിയായാൽ അത് കേരളത്തിന്റെ ചരിത്രമാകും.
ആരോഗ്യരംഗത്തെ സമഗ്രവികസനത്തിനായി 394 കോടി രൂപ
ആരോഗ്യരംഗത്ത് നവീനമായ പദ്ധതികള്‍ നടപ്പിലാക്കും. സമ്പൂര്‍ണവും സാര്‍വത്രികവുമായ രോഗപ്രതിരോധത്തിലൂന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ. എസ്. ഐ. ആനുകൂല്യം ലഭിക്കുന്ന രോഗികള്‍ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എല്ലാവിധ ചികിത്സാ സൗകര്യവും ലഭ്യമാക്കും. ഇതിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വിട്ടു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. പാവപ്പെട്ട രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നകാര്യം പരിഗണിക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
ആരോഗ്യരംഗത്തെ സമഗ്രവികസനത്തിനായി 394 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 121 കോടി രൂപ മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായും 22 കോടി രൂപ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കായും 59 കോടി രൂപ ആര്‍ സി സിക്കും 29 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിനുമായിട്ടാണ് നീക്കിവച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here