അടാട്ട് ബാങ്ക് അഴിമതി; അനിൽ അക്കരയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം

തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അടാട്ട് ബാങ്കിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടും, തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച ആരോപണത്തിൽ ബാങ്ക് പ്രസിഡന്റായിരുന്ന എം.വി.രാജേന്ദ്രൻ, അനിൽ അക്കര എംഎൽഎ എന്നിവർക്കെതിരെ അന്വേഷണമുണ്ടാകും. മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ ബാലകൃഷ്ണന്റെ മരുമകനാണ് എം.വി.രാജേന്ദ്രൻ. സംഘത്തിന്റെ അംഗത്വ രജിസ്ട്രാറിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തുക, അർഹതയില്ലാത്തവർക്ക് വലിയ സംഖ്യ വായ്പ അനുവദിച്ചു നൽകുക, ബാധ്യതാ രജിസ്റ്ററിൽ ക്രമക്കേടുകൾ നടത്തുക, കൃത്രിമരേഖകൾ ഉണ്ടാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതായാണ് ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്.
കൂടുതൽ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും ആയത് സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ മാനേജിംഗ് ഡയറക്ടറോട് നിർദ്ദേശിച്ചുവെങ്കിലും അപ്രകാരമുള്ള യാതൊരുവിധ രേഖകളും സംഘത്തിൽ സൂക്ഷിച്ചു വരുന്നില്ല എന്ന് രേഖാമൂലം മാനേജിംഗ് ഡയറക്ടർ എഴുതി നൽകുകയുണ്ടായതായി ജോയിന്റ് രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.
അനർഹർക്ക് കൃത്രിമ മാർഗ്ഗങ്ങളിലൂടെ അംഗത്വം നൽകി വായ്പയും മറ്റാനുകൂല്യങ്ങളും നൽകിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വിൽപനയിലും വായ്പ നൽകിയതിലും വലിയ തോതിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംഘത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രവർത്തനങ്ങളാണ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തിയിട്ടുള്ളത്. സംഘത്തിന്റെ പ്രസിഡന്റ് എം.വി.രാജേന്ദ്രൻ അദ്ദേഹം തന്നെ ചെയർമാനായ ഒരു സ്വകാര്യ കമ്പനിക്ക് 15 കോടി രൂപ യാതൊരുവിധ നിയമ പിൻബലമില്ലായും തിരിച്ചുപിടിക്കത്തക്ക ജാമ്യവസ്തുക്കളില്ലാതെയും വായ്പ അനുവദിച്ചത് വിജിലൻസ് അന്വേഷിക്കും. മാവേലിക്കര താലൂക്ക് സർവ്വീസ് സഹകരണ ബാങ്ക്, തൃശ്ശൂർ ജില്ലയിലെ തന്നെ പുത്തൂർ സർവ്വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിൽ നടന്നതിന് സമാനമായ തട്ടിപ്പ് അടാട്ടും നടന്നെന്നാണ് പരാതി.
Vigilance enquiry| Adatt bank| Anil Akkara| Cooperative Bank|