ഓഖി ചുഴലിക്കാറ്റ്; മരിച്ചവര്‍ 28, കണ്ടെത്താനുള്ളത് 96 പേരെ

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കണ്ടെത്താനുള്ളത് 96പേരെയാണെന്ന് അധികൃതര്‍. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതല്ലെന്നാണ് മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കുന്നത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28ആയി. ഇന്നലെ കൊല്ലത്ത് മൂന്നും തിരുവനന്തപുരത്ത് എട്ട് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ച് ബോട്ടുകളില്‍ കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് ഈ മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്. ജീര്‍ണ്ണിച്ച നിലയിലുള്ള ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
രക്ഷപ്പെടുത്തിയ 63 പേരെ തുടര്‍ചികിത്സകള്‍ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1122 വീടുകള്‍ ഭാഗികമായും 74 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധജില്ലകളില്‍ 37 ദുരിതാശ്വാസക്യാമ്പുകളിലായി 1597 കുടുംബങ്ങളിലെ 6581 പേര്‍ കഴിയുന്നുണ്ട്. 747.86 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് ഞായറാഴ്ചത്തെ കണക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here