Advertisement

കിഫ്ബി ആശ്രിത ബജറ്റ്

February 2, 2018
Google News 1 minute Read
thomas issac

നിലവിലെ മോശം സാമ്പത്തിക സ്ഥിതിയെന്ന വളയത്തില്‍ നിന്നു കൊണ്ട് ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജററിനെ രണ്ട് ഭാഗങ്ങളെന്ന് പറഞ്ഞാലും തെറ്റില്ല. സംസ്ഥാന ബജറ്റും , കിഫ്ബി ബജറ്റും. കിഫ്ബിയുണ്ടെങ്കിലേ സംസ്ഥാന ബജറ്റ് പ്രായോഗികമാകൂ എന്നൊരു ആശങ്ക ഉളവാക്കുന്നു. എന്നിരുന്നാലും പ്രതിരോധമെന്ന നിലയില്‍ പരമാവധി പരിധി വെച്ചിട്ടുള്ളതിനാല്‍ റിസ്‌ക്ക് ഒഴിവാക്കാന്‍ സഹായിക്കും. ധനക്കമ്മി വലിയ ആശങ്കയല്ലെന്നും അത് മാനേജ് ചെയ്യാമെന്നും പറഞ്ഞിരുന്ന ധനകാര്യ മന്ത്രി കമ്മിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയെന്നതും ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയായി. സാമ്പത്തിക സര്‍വ്വേയില്‍ ധനസ്ഥിതി ആശങ്കാ ജനകമെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയില്‍ വളയത്തില്‍ കൂടി ചാടുകയെന്ന കാര്യമാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. സാമൂഹ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ മറന്നിട്ടില്ല.

KIIFB_Logo_2

നികുതി-ജിഡിപി അനുപാതം സംസ്ഥാനത്ത് കുറയുന്നതില്‍ പല സാമ്പത്തിക വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. സര്‍ക്കാരിനു ലഭിക്കാനുള്ളതില്‍ 30% ത്തോളം വരുമാനം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചെലവുകള്‍ കുറച്ചും നികുതി വരുമാനം കൂട്ടിയുമുളള തന്ത്രമായിരിക്കും ഫലപ്രദമാക്കുക. ഇതിനു തന്നെയാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നതും. എന്നിരുന്നാലും കിഫ്ബി പ്രതീക്ഷയും പ്രവാസി ചിട്ടിയും മങ്ങിയാല്‍ ബജറ്റ് ചെലവ് എങ്ങനെ മാനേജ് ചെയ്യുമെന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്.

ഉപസംഹാരത്തില്‍ ചെലവ് നിയന്ത്രണത്തെപ്പറ്റി അദ്ദേഹം പറയുന്നുണ്ടെങ്കിലും , നിലവിലെ സ്ഥിതിയില്‍ കുറച്ചു കൂടി കര്‍ശന നിയന്ത്രണങ്ങളാകാമായിരുന്നെന്ന് തോന്നി. ജിഎസ്ടി വരുമാനം സുസ്ഥിരമാകുന്നത് വരെ മുണ്ട് മുറുക്കിയുടുക്കാന്‍ നാം തയാറാകേണ്ടിയിരിക്കുന്നു.

തോമസ് ഐസക്കിന്റെ ബജറ്റിനെ ബഹുമുഖ ബജറ്റെന്ന് തന്നെ വിളിക്കാം. ദീര്‍ഘകാല വികസനത്തിന് വേണ്ട ഒരു ആരംഭം കുറിയ്ക്കാന്‍ ഇതിനാവും. യുവജനങ്ങളെയും, ഡിജിറ്റല്‍ പുരോഗതിയെയും മുന്‍ നിര്‍ത്തി ന്യൂ ജന്‍ പദ്ധതികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചര്‍ച്ചകള്‍ വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ നടപ്പാക്കണമെന്നത് സ്വാഗതാര്‍ഹമാണ്. സാങ്കേതിക പുരോഗതിയുടെ നല്ല വശങ്ങള്‍ ചെലവ് ചുരുക്കലിന് ഉപയോഗിക്കാവുന്നതാണ്.

ഭൂനികുതി വര്‍ധനയിലൂടെയും മദ്യത്തിന് നികുതി കൂട്ടുന്നതിലൂടെയും സമാഹരിക്കാവുന്ന തുകയ്ക്ക് പരിമിതിയുണ്ട്. ഇത്രയും ചെലവുകള്‍ താങ്ങാന്‍ ഇത് പര്യാപ്തമാകുമോയെന്നും ചോദ്യമുയരുന്നു.

budgetബജറ്റുകളില്‍ തുടര്‍ച്ചയായി കാണിച്ചു വന്നിരുന്ന ചെലവ് അവതരണത്തിലെ കള്ളത്തരം ഇനി ഉണ്ടാകില്ലെന്ന പ്രഖ്യാപനം കയ്യടി അര്‍ഹിക്കുന്നു. യഥാര്‍ത്ഥ ചെലവ് കാണിക്കാതെ ഗിമ്മിക്കുകളിലൂടെ ചെലവിലെ കെടുകാര്യസ്ഥത ഭംഗിയായി മറച്ചിരുന്ന ശീലം ഒഴിവാക്കുന്നത് നല്ലൊരു തുടക്കമാകും. ഔട്ടലേയിലുപരി പ്രകടനത്തിലൂടെ ബജറ്റിനെ വിലയിരുത്തുന്ന ഒരു ശീലം വരേണ്ടിയിരിക്കുന്നു. വരുമാനം കൂട്ടി മാത്രമല്ല കമ്മി കുറയ്ക്കാനാകുന്നതെന്ന ഒരു സൂചനയും ബജറ്റ് നല്‍കുന്നു. സാമൂഹ്യ സുരക്ഷ,വ്യാവസായിക വികസനം, സ്ത്രീ ശാക്തീകരണം ഇവയൊക്കെ കൃത്യമായി നടക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക വികസനം പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്ന് ധനകാര്യമന്ത്രി തന്നെ സമ്മതിക്കുന്നു. കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയുന്ന തരത്തില്‍ പദ്ധതികള്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ കാര്‍ഷികോദ്ധാരണത്തിന് മികച്ച നടപ്പാക്കല്‍ ആവശ്യമാണ്.

കെഎസ്ആര്‍ടിസിയുടെ ബാധ്യത ഏറ്റെടുക്കാതെ കണ്‍സോര്‍ഷ്യം വായ്പ നല്‍കാനും , പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചുമുള്ള നീക്കം ബുദ്ധിപരമായി. വിശപ്പു രഹിത കേരളം പദ്ധതി,ടൂറിസം മാര്‍ക്കറ്റിന് 90,000 കോടി, അനര്‍ഹരെ ക്ഷേമ പെന്‍ഷനുകളില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ഇവയൊക്കെ നല്ലതു തന്നെ.
FAR_FROMബജറ്റ് വിലയിരുത്താന്‍ കൃത്യം ഒരു വര്‍ഷം വേണം. പദ്ധതികളില്‍ എത്രയെണ്ണം യാഥാര്‍ത്ഥ്യമായി. മറ്റുള്ളവ ഏത് അവസ്ഥയില്‍ ഇവയൊക്കെ പരിശോധിച്ചാല്‍ അടുത്ത വര്‍ഷം മാത്രമേ
ബജറ്റിന് മാര്‍ക്കിടാനാകൂ. ഒരു കാര്യം പറയാതെ വയ്യ. തോമസ് ഐസക്കില്‍ മികച്ച ഒരു അവതാരകന്‍ ഒളിച്ചിരുപ്പുണ്ട്. ബജറ്റ് പോലെ ബോറാകാമായിരുന്ന ഒരു ഡോക്യുമെന്റിനെ കവിതകളുടെയും ഉദ്ധരണികളുടെയും സഹായത്തോടെ വളരെ ആകര്‍ഷകമാക്കിയതിന് ഒരു സ്‌പെഷ്യല്‍ അഭിനന്ദനം അദ്ദേഹം അര്‍ഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here