Advertisement

എടത്തല മര്‍ദ്ദനം; കുറ്റക്കാരായ പോലീസുകാരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി

June 6, 2018
Google News 0 minutes Read

എടത്തലയില്‍ യുവാവിനെ ആക്രമിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യംപിലേക്ക് സ്ഥലം മാറ്റി. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തേ കേസ് എടുത്തിരുന്നു. എടത്തല സ്വദേശി ഉസ്മാനാണ് ഇന്നലെ പോലീസ് മര്‍ദ്ദനത്തിന് ഇരയായത്. വിഷയത്തില്‍, ആലുവ റൂറല്‍ എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ആലുവയില്‍ വെച്ച് ഇന്നലെ വൈകീട്ടാണ് ഉസ്മാന്‍ എന്ന യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ ബൈക്കും പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വാക്കേറ്റം കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. താടിയെല്ലിന് സാരമായ പരിക്കേറ്റതിനാല്‍ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

പോലീസുകാര്‍ മഫ്തിയിലായത് കൊണ്ട് നാട്ടുകാര്‍ ഗുണ്ടകളാണെന്നാണ് കരുതിയത്. ഉസ്മാനെ കാറില്‍ കയറ്റി കൊണ്ട് പോയതോടെ ഗുണ്ടാ സംഘം കടത്തിക്കൊണ്ട് പോയതെന്നാണ് നാട്ടുകാര്‍ കരുതിയത്. ഇക്കാര്യം അറിയിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ എടത്തല പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസുകാര്‍ തന്നെയാണ് ഉസ്മാനെ കൊണ്ട് വന്നതെന്ന് അറിഞ്ഞത്. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാത്രി എട്ട് മണിയോടെയാണ് പോലീസ് ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഉസ്മാന് താടിയെല്ലിന് സാരമായ പരിക്കുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here