അധികാരത്തിലെത്തി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളും: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുമെന്ന ഉറപ്പും രാഹുല്‍ ജനങ്ങള്‍ക്ക് നല്‍കി. മന്ദ്‌സോറില്‍ കര്‍ഷക സമരത്തിനു നേരെയുണ്ടായ വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇപ്പോൾ കോർപ്പറേറ്റുകളുടെ കളിത്തോഴനാണെന്ന് രാഹുൽ പരിഹസിച്ചു. മെഹുൽ ചോക്സി, നീരവ് മോദി എന്നിവരൊക്കെയായി മോദിക്ക് ഭായി-ഭായി ബന്ധമാണുള്ളതെന്ന് പറഞ്ഞ രാഹുൽ 30,000കോടി രൂപയൊക്കെ ഒരു മുൻകരുതലുമില്ലാതെ ഇവരെപ്പോലുള്ള കോർപ്പറേറ്റുകൾക്ക് നൽകാൻ മോദിക്കു മാത്രമേ കഴിയൂ എന്നും പറഞ്ഞു.മോദിയുടെ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ വിഷയമേ അല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ബിജെപിയും ആർഎസ്എസുമെല്ലാം ചേർന്ന് ഒരു സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിത്തകർത്തുവെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ വിദ്യാഭ്യാസ ആരോഗ്യമേഖലകളെ സ്വകാര്യവത്കരിക്കുന്നതിന് തന്‍റെ പാർട്ടി ഒരിക്കലും കൂട്ട് നിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.

Loading...
Top