Advertisement

നിങ്ങളെന്തൊരു ഗോളിയാണ് തിബൂട്ട് !! കാനറികളുടെ ചിറകടി നിശ്ചലമാക്കിയ കാവല്‍ക്കാരന്‍ (വീഡിയോ)

July 7, 2018
Google News 1 minute Read

കസാനില്‍ കാനറികളെ കാത്തിരുന്നത് ഒരു വന്‍ ദുരന്തമായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ മുത്തമിടാന്‍ സാധ്യത കല്‍പ്പിച്ചവരില്‍ ഏറ്റവും മുന്‍പന്‍ ബ്രസീല്‍ തന്നെയായിരുന്നു. എന്നാല്‍, ആ ചിറകടി ക്വാര്‍ട്ടറില്‍ നിശ്ചലമായി. ഉയര്‍ന്ന് പറക്കാന്‍ കഴിയാനാവാത്ത വിധം കാനറികളുടെ ചിറകരിഞ്ഞു ബല്‍ജിയം. ആക്രമിച്ച് കളിച്ചതും പന്തുമായി മൈതാനത്ത് തേരോട്ടം നടത്തിയതും ബ്രസീല്‍ തന്നെ. ആദ്യ രണ്ട് ഗോള്‍ വഴങ്ങിയ ശേഷമുള്ള ബ്രസീല്‍ ആക്രമണം ബല്‍ജിയത്തെ ക്ഷീണിപ്പിച്ചു. രണ്ടാം പകുതിയില്‍ താളം കണ്ടെത്താന്‍ കഴിയാതെ ബല്‍ജിയം പരുങ്ങലിലായി. അത്ര സുന്ദരമായിരുന്നു ബ്രസീലിന്റെ പ്രകടനം. എന്നാല്‍, ഒരു ഗോള്‍ മാത്രം മടക്കി ബ്രസീല്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു.

ബല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയ ഡിബ്രൂയിനെയായിരുന്നു കളിയിലെ താരം. എന്നാല്‍, കാല്‍പന്ത് ആരാധകര്‍ മത്സരത്തിന്റെ താരമായി വാഴ്ത്തിയത് തിബൂട്ട് കോര്‍ട്ട്വാ എന്ന ബല്‍ജിയം കാവല്‍ക്കാരനെയാണ്. ബല്‍ജിയത്തിന് വേണ്ടി 63 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമാണ് 26- കാരനായ തിബൂട്ട് കോര്‍ട്ട്വാ. വിശ്വസ്തനായ കാവല്‍ക്കാരനെന്ന വിശേഷണമാണ് തിബൂട്ടിന് സ്വന്തമായുള്ളത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വിഭിന്നമായാണ് ബ്രസീല്‍ ബല്‍ജിയത്തിനെതിരെ പന്ത് തട്ടിയത്. ആക്രമണത്തിന്റെ കാര്യത്തില്‍ കറുത്ത കുതിരകളേക്കാള്‍ ബഹുദൂരം മുന്‍പിലായിരുന്നു ബ്രസീല്‍. നെയ്മറിലൂടെയും കുട്ടീന്യോയിലൂടെയും എത്ര തവണയാണ് കാനറികള്‍ ബല്‍ജിയം പോസ്റ്റ് ലക്ഷ്യം വെച്ച് പാഞ്ഞെത്തിയത്. എന്നാല്‍, തിബൂട്ട് കുലുക്കമില്ലാതെ നിന്നു.

മത്സരത്തില്‍ ആകെ 9 ഷോട്ടുകളാണ് ബല്‍ജിയം തൊടുത്തുവിട്ടത്. എന്നാല്‍, 27 ഷോട്ടുകളാണ് ബല്‍ജിയത്തിന്റെ പോസ്റ്റിലേക്ക് ബ്രസീല്‍ തൊടുത്തുവിട്ടത്. അതില്‍, 9 എണ്ണം ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളായിരുന്നു. ഇതില്‍ ഗോളായി രൂപാന്തരം പ്രാപിച്ചത് റെനറ്റോ അഗസ്റ്റോയുടെ ഓരൊറ്റ ഷോട്ട് മാത്രം. ഈ കണക്കില്‍ നിന്നും തിബൂട്ട് എന്ന കാവലാള്‍ എങ്ങനെയാണ് ബല്‍ജിയത്തെ കാത്തതെന്ന് വ്യക്തമാണ്. ലോംഗ് വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ നെയ്മറിന്റെ ഒരു ഷോട്ട് ബല്‍ജിയത്തിന്റെ ക്രോസ് ബാറിനെയും തിബൂട്ടിന്റെ കൈകളേയും തൊട്ടുരുമ്മി പോയത് ഫുട്‌ബോള്‍ ആരാധകര്‍ മറന്നുകാണില്ല. കറുത്ത കുതിരകളുടെ കാവല്‍ക്കാരന് ഒരു ബിഗ് സല്യൂട്ട് !!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here