Advertisement

സ്വീഡിഷ് മുന്നേറ്റത്തിന് ‘റെഡ്’ കാര്‍ഡ് ; ഇംഗ്ലണ്ട് സെമിയില്‍ (2-0)

July 7, 2018
Google News 16 minutes Read

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. 1990 ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി സെമി കണ്ടത്.

ആദ്യ മിനിറ്റുകളില്‍ ഇംഗ്ലണ്ട് വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ചില ഒറ്റപ്പെട്ട അവസരങ്ങളില്‍ സ്വീഡന്‍ മുന്നേറ്റം നടത്തി. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുകയാണ് ആദ്യ മിനിറ്റുകളില്‍ സ്വീഡന്‍ ചെയ്തിരുന്നത്. ലോംഗ് റേഞ്ചര്‍ ഷോട്ടുകളിലൂടെ ഇംഗ്ലീഷ് താരങ്ങള്‍ സ്വീഡനെ പരീക്ഷിക്കുന്നു. എന്നാല്‍, സ്വീഡിഷ് പ്രതിരോധത്തില്‍ തട്ടി ഗോള്‍ സാധ്യതകള്‍ അകലുന്നു. ആദ്യ പകുതിയിലെ ബോള്‍ പൊസഷനില്‍ ഇംഗ്ലണ്ട് മികച്ചു നിന്നു. രണ്ട് വിങുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം മുന്നേറ്റവും.

ആദ്യ മിനിറ്റുകളിലെ പാളിപ്പോയ മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സ്വീഡന്റെ പ്രതിരോധ മതില്‍ പൊളിച്ചു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഹാരി മാഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയത്. സ്വീഡിഷ് പ്രതിരോധത്തെ പൊളിച്ച് ഉജ്ജ്വലമായ ഒരു ഹെഡര്‍ ഗോളാണ് മാഗ്വയര്‍ സ്വന്തമാക്കിയത്. മാഗ്വയറിന്റെ ആദ്യ ലോകകപ്പ് ഗോളാണ് ഈ മത്സരത്തില്‍ പിറന്നത്.

രണ്ടാം പകുതിയിലും ഇംഗ്ലണ്ട് ആധിപത്യം തുടര്‍ന്നു. സ്വീഡിഷ് മുന്നേറ്റങ്ങള്‍ ശുഷ്‌കമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എങ്കിലും ഇംഗ്ലണ്ടിനെ പ്രതിരോധിക്കുന്നതില്‍ സ്വീഡിഷ് നിര വിജയിച്ചു. ഗോള്‍ നേടാന്‍ സാധിക്കാതെ ഇംഗ്ലണ്ടിന്റെ മുന്നേറ്റനിര കഷ്ടപ്പെട്ടു. ഒടുവില്‍ സ്വീഡന്റെ പ്രതിരോധത്തെ കബളിപ്പിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ പിറന്നു. ആദ്യ ഗോള്‍ പോലെ തന്നെ മറ്റൊരു ഹെഡര്‍ ഗോളായിരുന്നു ഇത്തവണയും പിറന്നത്.

മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഡെലെ അലിയുടെ ഹെഡറിലൂടെയാണ് രണ്ടാം ഗോള്‍ പിറന്നത്. സ്വീഡിഷ് ബോക്‌സിനുള്ളിലേക്ക് ഇംഗ്ലണ്ട് കൂട്ടത്തോടെ നടത്തിയ ആക്രമണത്തിനൊടുവിലാണ് ഡെലെ അലി ക്ലോസ് റേഞ്ചര്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്.

രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷവും ഇംഗ്ലണ്ട് ആക്രമിച്ച് കളിക്കുകയാണ് ചെയ്തത്. അവസാന മിനിറ്റുകളില്‍ ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സ്വീഡന് സാധിക്കാതെ വന്നതോടെ പരാജയം സമ്മതിക്കേണ്ടി വന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഹാരി കെയ്‌ന്റെ നേതൃത്വത്തില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here