Advertisement

സ്വീഡിഷ് മുന്നേറ്റത്തിന് ഇംഗ്ലണ്ട് വിലങ്ങുതടിയാകുമോ? ക്രൊയേഷ്യയ്ക്ക് മുന്നില്‍ ആതിഥേയര്‍ വീഴുമോ?

July 7, 2018
Google News 1 minute Read

ഫ്രാന്‍സും ബല്‍ജിയവും ആദ്യ സെമി ഫൈനലില്‍ ഏറ്റമുട്ടും. ഇനി ലോകം കാത്തിരിക്കുന്നത് രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ആരൊക്കെ പോരടിക്കുമെന്നാണ്? ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വീഡന്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ റഷ്യയാണ് ക്രൊയേഷ്യയുടെ വെല്ലുവിളി. ഈ മത്സരങ്ങളിലെ വിജയികള്‍ സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കും.

ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കുമാണ് മേല്‍കൈ. എന്നാല്‍, അട്ടിമറി സാധ്യതകള്‍ തള്ളികളയാന്‍ സാധിക്കില്ലെന്നതാണ് റഷ്യന്‍ ലോകകപ്പ് നല്‍കുന്ന പാഠം. ഹാരി കെയ്‌നാണ് ഇംഗ്ലീഷ് നിരയുടെ തുറുപ്പുചീട്ട്. ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് കെയ്ന്‍. 1990 ന് ശേഷമുള്ള ആദ്യ സെമി ബര്‍ത്താണ് ഇംഗ്ലണ്ട് ഇന്ന് ലക്ഷ്യം വെക്കുന്നത്. പ്രതിരോധിച്ചു കളിക്കുകയായിരിക്കും സ്വീഡന്റെ ലക്ഷ്യം. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ ചെറുത്ത് മത്സരം ഗോള്‍ രഹിതമാക്കിയാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡന് മേല്‍കൈ ലഭിക്കും. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നവരാണ് സ്വീഡന്‍.

മോഡ്രിച്ച്, റാക്കിടിച്ച്, റെബിച്ച് തുടങ്ങിയവരുടെ കരുത്തിലാണ് ക്രൊയേഷ്യ കളത്തിലിറങ്ങുക. ആതിഥേയരാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ആക്രമിച്ച് കളിക്കുന്നതില്‍ ക്രൊയേഷ്യ ഒരുപടി മുന്നിലാണ്. എന്നാല്‍, പ്രതിരോധത്തിലൂന്നിയ ചുവടുകളായിരിക്കും റഷ്യയുടേത്. നഷ്ടപ്പെടാനൊന്നുമില്ലാതെയാണ് റഷ്യ കളത്തിലിറങ്ങുക. സ്വന്തം രാജ്യത്തെ അവര്‍ ഇതിനോടകം തന്നെ തൃപ്തിപ്പെടുത്തി കഴിഞ്ഞു. ഇനിയുള്ളതെല്ലാം അവര്‍ക്ക് ബോണസാണ്. അതിനാല്‍ കളം നിറഞ്ഞ് കളിക്കാന്‍ റഷ്യയ്ക്ക് സാധിക്കും.

രാത്രി 7.30നാണ് ഇംഗ്ലണ്ട് – സ്വീഡൻ പോരാട്ടം. അവസാന ക്വാർട്ടർ പോരാട്ടത്തില്‍ രാത്രി 11:30ന് ക്രൊയേഷ്യ ആതിഥേയരായ റഷ്യയുമായി പോരടിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here