Advertisement

കാനറികളുടെ ചിറകരിഞ്ഞ് കറുത്ത കുതിരകള്‍ സെമിയിലേക്ക്; ബ്രസീല്‍ പൊരുതി വീണു (2-1)

July 7, 2018
Google News 16 minutes Read

ആദ്യമൊന്ന് പതറിയെങ്കിലും അവസാനം വരെ തിരിച്ചടിക്കാന്‍ ശ്രമിച്ച ബ്രസീലിന്റെ പോരാട്ടവീര്യത്തിന് സല്യൂട്ട്!! വീറും വാശിയുമേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ബല്‍ജിയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി സമ്മതിച്ച് ബ്രസീല്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ആദ്യ പകുതിയില്‍ ബല്‍ജിയം സ്വന്തമാക്കിയ രണ്ട് ഗോളുകള്‍ക്ക് ഒരൊറ്റ ഗോള്‍ മാത്രമാണ് ബ്രസീല്‍ മറുപടിയായി നല്‍കിയത്. മത്സരത്തിന്റെ ആദ്യാവസാനം ബോള്‍ പൊസഷനിലും ആക്രമണത്തിലും ബ്രസീല്‍ മികച്ചു നിന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് കാനറികളുടെ സാംബാ താളത്തിന് തിരിച്ചടിയായി. ബല്‍ജിയത്തിന് സെമി ഫൈനലില്‍ ഫ്രാന്‍സാണ് എതിരാളികള്‍.

ആദ്യ പകുതിയിലുടനീളം നേരിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു. മികച്ച മുന്നേറ്റമാണ് ബ്രസീല്‍ ആദ്യ മിനിറ്റ് മുതല്‍ നടത്തിയത്. ആക്രമിച്ച് കളിക്കുന്നതിലായിരുന്നു ബ്രസീലിന്റെ ശ്രദ്ധ. പന്ത് കൈവശം വെക്കുന്നതിലും മുന്നേറുന്നതിലും കൂടുതല്‍ മികവ് പുലര്‍ത്തിയത് ബ്രസീലായിരുന്നു. എന്നാല്‍, കൗണ്ടര്‍ അറ്റാക്കുകളിലായിരുന്നു ബല്‍ജിയത്തിന്റെ ശ്രദ്ധ. ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെ ലക്ഷ്യത്തിലെത്തിക്കാമെന്നായിരുന്നു ബല്‍ജിയത്തിന്റെ ശ്രദ്ധ. ആക്രമണവും പ്രത്യാക്രമണവുമായി കളി മുന്നോട്ട് നീങ്ങുന്നതിനിടെ ഓണ്‍ ഗോള്‍ ബ്രസീലിനെ ചതിച്ചു.

13-ാം മിനിറ്റിലായിരുന്നു ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ചാട്‌ലിയുടെ കോര്‍ണര്‍ കിക്ക് തടയാന്‍ ചാടിയ ഫെര്‍ണാഡിന്യോയുടെ ഷോല്‍ഡറില്‍ തട്ടി പന്ത് ബ്രസീലിന്റെ ഗോള്‍ പോസ്റ്റിലേക്ക്. ബ്രസീലിന്റെ വകയായി ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍ പിറന്നു.

ആദ്യ മിനിറ്റ് മുതല്‍ കളം നിറഞ്ഞ് ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ബല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. ബ്രസീല്‍ മികച്ച മുന്നേറ്റം നടത്തുമ്പോഴും ബല്‍ജിയം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലക്ഷ്യത്തിലെത്തുന്ന കാഴ്ചയാണ് ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ കണ്ടത്‌. ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍ സെല്‍ഫ് ഗോളിലൂടെയാണ് പിറന്നതെങ്കില്‍ രണ്ടാം ഗോള്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കറുത്ത കുതിരകള്‍ നേടിയത്. ഡിബ്രൂയിനെയാണ് രണ്ടാം ഗോള്‍ ബല്‍ജിയത്തിന് വേണ്ടി നേടിയത്. റഷ്യന്‍ ലോകകപ്പിലെ 150-ാം ഗോളാണ് ഡിബ്രൂയിനെയിലൂടെ പിറന്നത്. ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ ബ്രസീല്‍ രണ്ട് ഗോളിന് പിന്നില്‍.

രണ്ട് ഗോളുകള്‍ വഴങ്ങിയ ബ്രസീല്‍ പ്രതിരോധത്തിലായെങ്കിലും കളിക്കളത്തില്‍ ആധിപത്യം തുടരുകയായിരുന്നു കാനറികള്‍. മികച്ച മുന്നേറ്റങ്ങളിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഭൂരിഭാഗം സമയവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. ഒരു ഗോള്‍ സ്വന്തമാക്കാന്‍ ആക്രമിച്ച് കളിക്കുകയായിരുന്നു കാനറികള്‍. ബല്‍ജിയം പ്രതിരോധം ശക്തിപ്പെടുത്തി ബ്രസീലിന്റെ മുന്നേറ്റത്തെ ചെറുത്തുനിന്നു. എന്നാല്‍, മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ബ്രസീല്‍ ആദ്യ ഗോള്‍ കണ്ടെത്തി. റെനറ്റോ അഗസ്റ്റോയായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. കുട്ടീന്യോ നല്‍കിയ പാസ് മികച്ച ഹെഡ്ഡറിലൂടെ ബല്‍ജിയത്തിന്റെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു റെനറ്റോ അഗസ്റ്റോ.

ആദ്യ ഗോള്‍ സ്വന്തമാക്കിയതോടെ ബ്രസീലിന്റെ പോരാട്ടവീര്യം വര്‍ധിച്ചു. നെയ്മര്‍ പലതവണ മികച്ച മുന്നേറ്റങ്ങളിലൂടെ പന്തുമായി ബല്‍ജിയത്തിന്റെ പോസ്റ്റിലേക്ക് പാഞ്ഞെത്തി. എന്നാല്‍, ബല്‍ജിയം ഗോളി കുലുക്കമില്ലാതെ നിന്നു. കളിയിലുടെനീളം ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായത് ബല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ തന്നെ. അവസാന മിനിറ്റിലേക്ക് മത്സരം നീങ്ങിയപ്പോള്‍ മുന്നേറ്റനിരയില്‍ നിന്ന് രണ്ട് കളിക്കാരെ പിന്‍വലിച്ച് ബല്‍ജിയം പ്രതിരോധത്തെ കൂടുതല്‍ ശക്തമാക്കി. ബല്‍ജിയത്തിന്റെ പ്രതിരോധവും സമയത്തിന്റെ സമ്മര്‍ദ്ദവും ബ്രസീലിന് വിനയായി.

സമനില ഗോള്‍ കണ്ടെത്താന്‍ കഴിയാതെ കാനറികള്‍ നട്ടംതിരിഞ്ഞു നില്‍ക്കുമ്പോള്‍ കസാനില്‍ ലോംഗ് വിസില്‍…ആര്‍ക്കുമുന്നിലും താഴ്ന്നു കൊടുക്കാതെ മുന്നേറി വന്ന കാനറികളുടെ ചിറകരിഞ്ഞ് ബല്‍ജിയത്തിന്റെ കറുത്ത കുതിരകള്‍ വിജയഘോഷം മുഴക്കി സെമി ഫൈനലിലേക്ക്. കോടിക്കണക്കിന് ആരാധകരെ ലോകകപ്പ് കൊണ്ട് തൃപ്തിപ്പെടുത്താന്‍ കഴിയാതെ നെയ്മറും സംഘവും നാട്ടിലേക്ക്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here