സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു; ഹര്‍ജി മാറ്റി, ചെന്നൈയില്‍ വന്‍ പ്രതിഷേധം

karunanidhi in critical condition

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ച രാവിലെ 8 മണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ഡിഎംകെയുടെ വാദം പൂര്‍ത്തിയായി. മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശിന്റെ വസതിയില്‍ രാത്രി 11.30 ഓടെ കേസ് പരിഗണിച്ചു. എന്നാല്‍, ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ കോടതി പിരിഞ്ഞു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍. ഹര്‍ജി മാറ്റിവച്ചതായി അറിഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ അക്രമാസക്‌തരായി. കരുണാനിധിയുടെ വീടിന് മുന്നില്‍ പോലീസ് ലാത്തി വീശി. ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവച്ചതോടെ കരുണാനിധിയുടെ ഭൗതികശരീരം ഗോപാലപുരത്തെ വസതിയില്‍ നിന്ന് സിഐറ്റി കോളനിയിലേക്ക് കൊണ്ടുപോയി. ചെന്നൈയില്‍ വിവിധയിടങ്ങളിലായി ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top