മരണത്തിലും രാഷ്ട്രീയ വൈരം മറക്കാതെ അണ്ണാ ഡി.എം.കെ

പി.പി ജെയിംസ്

മരണത്തില്‍ രാഷ്ട്രീയ വൈരം മറക്കണമെന്ന സാമാന്യതത്വം തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ മറന്നു. മറീനാ ബീച്ചില്‍ അണ്ണാ ദുരൈയുടെ സമാധിക്കു സമീപം കരുണാനിധിക്ക് അന്ത്യവിശ്രമം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍, അണ്ണാ ഡിഎംകെ സര്‍ക്കാറിന് അത് കനത്ത തിരിച്ചടിയായത് സ്വാഭാവികം.

കലൈഞ്ജറുടെ വിയോഗത്തില്‍ സഹതാപ തരംഗത്തോടൊപ്പം ഹൈക്കോടതി വിധി ഡി.എം.കെയുടെ രാഷ്ട്രീയ നേട്ടവുമായി. ദുഃഖത്തിനിടയിലും ആശ്വാസമാകുന്ന വിജയം. അടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. അണ്ണാ ദുരൈയുടെ പാരമ്പര്യം അവകാശപ്പെട്ട് ഇനി ഡിഎംകെക്ക് പ്രചാരണത്തിനിറങ്ങാം.

ബിജെപിയും കേന്ദ്ര സര്‍ക്കാറും ഈ വിവാദത്തില്‍ തന്ത്രപരമായ മൗനം പാലിച്ചപ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഡി.എം.കെക്കൊപ്പമായിരുന്നു. ഹൈക്കോടതി വിധി വന്നതോടെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആരോപണവുമായി വന്നത് തമിഴ്‌നാട്ടിലെ പൊതുവികാരം കണക്കിലെടുത്തിട്ടാവണം.

 

കരുണാനിധിക്ക് ശേഷം വന്ന എം.ജി.ആറിനും ജയലളിതയ്ക്കും മറീന ബീച്ചില്‍ സമാധി അനുവദിക്കുകയും കലൈഞ്ജറെ തഴയുകയും ചെയ്തതാണ് ഹൈക്കോടതി ഗൗരവമായി കണ്ടത്. ഇത് മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നവും ലഹളയും ഹൈക്കോടതി മുന്നില്‍ കണ്ടു. മറീന ബീച്ചില്‍ സമാധി അനുവദിക്കുന്നതിനെതിരെ കേസ് കൊടുത്തവര്‍ പിന്‍വലിക്കാന്‍ തയ്യാറായതും ഹൈക്കോടതി വിധിയെ സ്വാധീനിച്ചുകാണണം.

ഇതൊക്കെ പറയുമ്പോഴും , മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരുണാനിധി എടുത്ത നിലപാട് ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കാമരാജ് അന്തരിച്ചപ്പോള്‍, മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിന് കരുണാനിധി അനുമതി നല്‍കിയില്ല. മരിക്കുമ്പോള്‍ കാമരാജ് മുഖ്യമന്ത്രി പദത്തില്‍ ഇല്ലായിരുന്നെന്നാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ കരുണാനിധി വാദിച്ചത്. ഇന്ന് കരുണാനിധിയും അധികാരകസേരയിലല്ല. എന്നാല്‍, കാമരാജിന് നിഷേധിക്കപ്പെട്ടത് കരുണാനിധിക്ക് ലഭിച്ചിരിക്കുകയാണ്…അതും, ഹൈക്കോടതിയുടെ കാരുണ്യം കൊണ്ട് മാത്രം!!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top