ഭൗമാന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നത് 7000 ടണ്ണിലധികം മാലിന്യം

ഉപഗ്രഹങ്ങള്‍ക്കും, വിക്ഷേപണ വാഹനങ്ങള്‍ക്കും ഭീഷണിയായി ഭൗമാന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നത് 7000 ടണ്ണിലധികം മാലിന്യങ്ങൾ. ഈ മാലിന്യങ്ങള്‍ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ച് കൂടുതല്‍ കഷണങ്ങളായി ചിതറിത്തെറിക്കുന്നത് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ശൂന്യാകാശത്തില്‍ 300 കിലോമീറ്റര്‍ ദൂരത്തിലേക്ക് വരെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്.

ഉപഗ്രഹങ്ങളില്‍ നിന്ന് വേര്‍പ്പെടുന്ന ഭാഗങ്ങളും മറ്റ് ഉപകരണങ്ങളുമാണ് ഈ മാലിന്യങ്ങളുടെ കൂട്ടത്തിലുള്ളത്.ഇവ നീക്കം ചെയ്തില്ലെങ്കില്‍ ഭാവിയിലെ എല്ലാ പ്രോജക്ടുകള്‍ക്കും ഭീഷണിയാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വാദം. ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഗവേഷണം നടത്തിവരികയാണ് ശാസ്ത്രലോകം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബ്രിട്ടന്‍ ഒരു പ്രത്യേക സാറ്റലൈറ്റ് വഴി ഭൂമിയില്‍നിന്ന് 300 കി.മീറ്റര്‍ ഉയരെ അന്തരീക്ഷത്തില്‍ ഒരു വിശാലമായ വല സ്ഥാപിച്ചിരിക്കുകയാണ്. ഈ വലയില്‍ കുടുങ്ങുന്ന മാലിന്യവും പാഴ്‌വസ്തുക്കളും മറ്റൊരു സാറ്റലൈറ്റ് വഴി ഭൂമിയുടെ ഭൗമ മേഖലയില്‍നിന്ന് ദൂരെ ശൂന്യാകാശത്തേക്ക് തള്ളുകയാണ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന വലയില്‍ പാഴ്‌വസ്തുക്കള്‍ കുടുങ്ങുന്നുണ്ടെന്നും പ്രതീക്ഷിച്ച തരത്തിലാണ് അതിന്റെ പ്രവര്‍ത്തനമെന്നും ബ്രിട്ടനിലെ ‘സുരേ സ്‌പേസ് സെന്റര്‍’ അവകാശപ്പെടുന്നുണ്ട്.ഇപ്പോഴത്തെ ഈ പരീക്ഷണം വിജയിച്ചാല്‍ ക്യാമറകളോട് കൂടിയ മറ്റൊരു വിശാലമായ വലകൂടി അന്തരീക്ഷത്തില്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞര്‍. അടുത്തവര്‍ഷം ആദ്യത്തോടെ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ അന്തരീക്ഷ മാലിന്യനിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ശാസ്ത്രലോകം.

Loading...
Top