’96-ാം വയസില്‍ 98 മാര്‍ക്ക്’; കാര്‍ത്ത്യായനിയമ്മയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

പ്രായം തളര്‍ത്താത്ത കാര്‍ത്ത്യായനിയമ്മയുടെ മനസ്സിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാക്ഷരതാ മിഷന്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ 96 വയസ്സുകാരി കാര്‍ത്ത്യായനിയമ്മയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്. “ജീവിതം മാറ്റി മറിക്കാന്‍ ഒട്ടും വൈകിയിട്ടില്ല എന്നത് തെളിയിച്ചിരിക്കുകയാണ് കാര്‍ത്ത്യായനിയമ്മ. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ലോകം മാറ്റിമറിക്കാനും ഒട്ടും വൈകിയിട്ടില്ലെന്ന് കാര്‍ത്ത്യായനിയമ്മ തെളിയിച്ചിരിക്കുകയാണ്. കാര്‍ത്ത്യായനിയമ്മയുടെ നേട്ടത്തില്‍ അഭിമാനം തോന്നുന്നു. എല്ലാ ആശംസകളും” – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

98 മാര്‍ക്കെന്നത് നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് സാക്ഷരതാ മിഷന്‍ പറയുന്നു. പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഇന്ന് നല്‍കും. സാക്ഷരതാ മിഷന്റെ അക്ഷരഫലം പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരീക്ഷ. 99.08 ശതമാനമാണ് വിജയശതമാനം. 43,330 പേര്‍ പരീക്ഷയെഴുതിയതില്‍ 42,933 പേരും വിജയിച്ചു. നൂറാം വയസ്സില്‍ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷ പാസ്സാവണമെന്ന മോഹമാണ് കര്‍ത്ത്യായനിയമ്മയ്ക്ക് ഇനിയുള്ളത്. കര്‍ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ രാമചന്ദ്രന്‍പിള്ളയ്ക്ക് 88 മാര്‍ക്കാണ് ലഭിച്ചത്. നേരത്തെ പരീക്ഷയെഴുതാന്‍ എത്തിയ കര്‍ത്യായനിയമ്മയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റിസള്‍റ്റ് വന്നതോടെ വീണ്ടും തരംഗമായിരിക്കുകയാണ് കര്‍ത്യായനിയമ്മ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top