ഓട്ടോ-ടാക്‌സി തൊഴിലാളികൾ നവംബർ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും

auto strike

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികൾ നവംബർ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗമാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

ഓട്ടോ-ടാക്‌സി നിരക്കുകൾ പുനർനിർണയിക്കണം എന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഇ.നാരായണൻ നായർ പറഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് നിലവിൽ 20 രൂപയാണ്. ഇത് 30 ആക്കി വർധിപ്പിക്കണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ടാക്സി നിരക്ക് 150ൽ നിന്ന് 200 ആക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ധന വില വർധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷൻ ശുപാർശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിച്ചത്.

നിലവിൽ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാർജ് ഈടാക്കുന്നത്. മിനിമം കിലോമീറ്ററിൽ മാറ്റം വരുത്തില്ല. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കുന്നത്. ഇത് 12 ആക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യുന്നു. 15 ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ടാക്സിക്ക് മിനിമം നിരക്കായ 150 രൂപയ്ക്ക് 5 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഇത് 200 രൂപയാക്കാനാണ് ശുപാര്‍ശ. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top