മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ 60 കോടിയുടെ കുറവ്

മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് അറുപത് കോടിയുടെ കുറവ്. കഴിഞ്ഞ മുപ്പത്തിയൊൻപത് ദിവസത്തിനിടെ ദർശനത്തിനെത്തിയത് മുപ്പത്തിരണ്ട് ലക്ഷം തീർത്ഥാടകരെന്ന് ദേവസ്വം ബോർഡ്. മുൻ വർഷത്തെ വരുമാനം പെരുപ്പിച്ച് കാട്ടി തെറ്റിദ്ധാരണ പരത്താൻ മുൻ ഭരണ സമിതി ശ്രമം നടത്തുന്നതായി ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാർ ആരോപിച്ചു.
മണ്ഡലകാലത്ത് 39 ആം ദിവസം വരെ മുൻ വർഷം നൂറ്റിയറുപത്തിനാല് കോടി മൂന്ന് ലക്ഷം രൂപ ലഭിച്ചപ്പോൾ, ഇക്കുറി ലഭിച്ചത് നൂറ്റിയഞ്ച് കോടി പതിനൊന്ന് ലക്ഷമാണ്. അറുപത് കോടിയുടെ കുറവ്. അരവണ വിൽപനയിലൂടെ ലഭിച്ച വരുമാനത്തിൽ മുപ്പത് കോടിയുടെ കുറവുണ്ടായി. അപ്പം വിൽപന മൂന്നിലൊന്നായി കുറഞ്ഞു. കാണിക്ക വരുമാനത്തിൽ പതിനാറ് കോടിയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം അറുപത്തിയെട്ട് ലക്ഷം തീർത്ഥാടകർ എത്തിയയിടത്ത് ഇക്കുറി മുപ്പത്തിരണ്ട് ലക്ഷം പേർ ദർശനത്തിനെത്തി. ഭക്തരുടെ കണക്കുകൾ പെരുപ്പിച്ച് കാട്ടാൻ മുൻ ഭരണ സമിതി ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എ പത്മകുമാർ ആരോപിച്ചു.
പ്രളയത്തെയും സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അതീജീവിച്ചാണ് മുപ്പത്തിയൊൻപത് ദിവസത്തെ തീർത്ഥാനട കാലം കടന്നുപോയത്. സർക്കാരും പോലീസും ആത്മാർത്ഥയോടെ പ്രവർത്തിച്ചു. ഹൈക്കോടതി നല്ല രീതിയിൽ ഇടപെടൽ നടത്തി. അരവണ നിർമാണവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾ വിദേശ കമ്പനിക്ക് വേണ്ടിയാണെന്നും, ഇതിനെതിരെ ബോർഡ് നിയമനടപടി സ്വീകരിക്കുമെന്നും പത്കുമാർ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here