Advertisement

രക്ഷിതാക്കളോട് അസഭ്യം പറഞ്ഞ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ നടപടി; സസ്‌പെന്‍ഡ് ചെയ്യും

February 2, 2019
Google News 1 minute Read

വാളകത്ത് രക്ഷിതാക്കള്‍ക്ക് നേരെ മോശമായി പെരുമാറിയ പ്രിന്‍സിപ്പലിനേയും അധ്യാപകനേയും സസ്‌പെന്‍ഡ് ചെയ്യും. മാനേജ്‌മെന്റ് കമ്മിറ്റികൂടിയാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രക്ഷിതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മയും ഭര്‍ത്താവും അധ്യാപകനുമായ ജോര്‍ജും ഉപയോഗിച്ചുവെന്ന് വ്യക്തമായതോടെയാണ് നടപടിയെന്ന് മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ കെ ട്വന്റി ഫോറിനോട് പ്രതികരിച്ചു. രക്ഷിതാക്കളെ വിളിച്ചു വരുത്തിയത് പ്രിന്‍സിപ്പലാണ്. അതില്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തമില്ല. സംഭവം പറഞ്ഞു തീര്‍ക്കാമെന്നാണ് കരുതിയത്. പൊലീസ് കേസെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം ചര്‍ച്ചയാകുകയും ചെയ്തതോടെ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്നും സുനില്‍ വ്യക്തമാക്കി.

പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് കമ്മിറ്റി കൂടിയത്. പതിനൊന്നു പേര്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തു. അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ ഉറച്ചു നിന്നുവെന്ന് സുനില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ലീലാമ്മ മാനേജ്‌മെന്റ് കമ്മിറ്റി അംഗമാണ്. പതിനഞ്ച് വര്‍ഷമായി അവര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുണ്ട്.
അധ്യാപകനായ ഭര്‍ത്താവിന് സ്‌കൂളില്‍ ഷെയറുണ്ട്. മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങള്‍ക്കെതിരെയും അധ്യാപകന്‍ നിലപാടെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ മാതാപിതാക്കളില്‍ നിന്നും മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.

സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഗൂഢാലോചന നടത്തി എന്നത് തെറ്റായ വാര്‍ത്തയാണ്. പ്രിന്‍സിപ്പലിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണവും വ്യാജമാണ്. പ്രിന്‍സിപ്പല്‍ നേരിട്ടാണ് ഒരു കുട്ടിയുടെ അച്ഛനേയും മറ്റൊരു കുട്ടിയുടെ അമ്മയേയും വിളിച്ചു വരുത്തിയത്. ഇവരുടെ കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ടിയിരുന്ന പുസ്തകങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നിരുന്നില്ല. രണ്ട് മൂന്ന് വര്‍ഷമായി ഉപയോഗിക്കാനായിരുന്നു കുട്ടികള്‍ക്ക് പുസ്തകം നല്‍കിയത്. ഇത് ചോദിക്കാനാണ് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള സംസാരം തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകനും വളരെ മോശമായി രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നുവെന്നും സുനില്‍ പറഞ്ഞു.

1600 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇതുവരെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ സ്‌കൂള്‍ ഒരുക്കിയിട്ടുണ്ടെന്നും സ്‌കൂലിന്റെ ഷെയര്‍ ഹോള്‍ഡറില്‍ ഒരാള്‍കൂടിയായ സുനില്‍ വ്യക്തമാക്കി.

വാളകത്തെ ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നതും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി. ‘നീ എന്തുചെയ്യുമെടി, പിടിച്ച് വിഴുങ്ങുമോ എന്നിങ്ങനെ ആയിരുന്നു ഏഴാം ക്ലാസുകാരന്റെ അമ്മയോട് സ്‌കൂളിലെ അധ്യാപകര്‍ തട്ടിക്കയറിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ട ഏഴാം ക്ലാസുകാരനേയും അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here