Advertisement

കുറവിലങ്ങാട് മഠത്തില്‍ തുടരും; ജലന്തര്‍ രൂപതയുടെ കത്ത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ

February 10, 2019
0 minutes Read
anupama

ജലന്തര്‍ രൂപത പിആര്‍ഒയുടെ കത്ത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ. കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരും. സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്നായിരുന്നു ജലന്തര്‍ പിആര്‍ഒയുടെ കത്ത്. പുതിയ സാഹചര്യത്തിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ശക്തനാണെന്ന് തെളിയിക്കുകയാണെന്നും അനുപമ പറഞ്ഞു.

ജലന്തര്‍ രൂപതയുടെ സുപ്രീം ആയിട്ടുള്ള അതോറിറ്റി സിസ്റ്റര്‍ ആഗ്നലോയാണ്. അതിന്റെ ഇടയില്‍ ഇത്തരത്തിലൊരു കത്ത് എങ്ങനെയാണെന്ന് അറിയില്ല. ബിഷപ്പ് ഫ്രാങ്കോ തന്നെയാണോ അവിടെ അധികാരി എന്ന ചേദ്യമാണ് ഇതിലൂടെ ഉയരുന്നത്. തങ്ങള്‍ക്കെതിരേയും വീട്ടുകാര്‍ക്കെതിരേയും കേസ് കൊടുത്തത് ജലന്തര്‍ രൂപത പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുംപുറമാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ് പീറ്റര്‍ കാവുംപുറം. കത്തിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല. കേസ് തീരുന്നതുവരെ കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്നും അനുപമ പറഞ്ഞു. രൂപതയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക നല്‍കിയ കത്തില്‍ മറുപടിക്കായി കാത്തിരിക്കുകയാണ്. രൂപത കൈവിട്ടതോടെ സര്‍ക്കാരില്‍ മാത്രമാണ് പ്രതീക്ഷയെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാമെന്ന് കാണിച്ച് മദര്‍ സുപ്പീരിയര്‍ ആഗ്നലോയുടെ കത്ത് ലഭിച്ചതായി സിസ്റ്റര്‍ അനുപമ ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പരിപാടിയില്‍ ഉള്‍പ്പെടെ അനുപമ ഇക്കാര്യം വ്യക്തമാക്കി. ഇതിന് പിന്നാലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ച് പീറ്റര്‍ കാവുംപുറം വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്ന് പീറ്റര്‍ കാവുംപുറം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം നല്‍കുകയല്ല, മറിച്ച് മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തതെന്നാണ് പിആര്‍ഒയുടെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top