Advertisement

തിരക്കൊഴിഞ്ഞ് സന്നിധാനം

February 13, 2019
Google News 0 minutes Read

കുംഭമാസ പൂജയുടെ ആദ്യ ദിനം തിരക്കൊഴിഞ്ഞ് സന്നിധാനം. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലും എത്തിയത്. കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോലീസ് നിരീക്ഷണം ശക്തമാണ്.മാസപൂജാ വേളയില്‍ മുന്‍കാലങ്ങളില്‍  ഉണ്ടാകാറുള്ള തിരക്ക് ഇക്കുറി സന്നിധാനത്തില്ല.

സാധാരണ മലയാളി തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് തെരഞ്ഞെടുക്കുന്ന സമയമായിട്ടും ഇതര സംസ്ഥാനക്കാരാണ് ഭക്തരില്‍ ഏറെയും. മണ്ഡലകാലത്ത് സംഘര്‍ഷം മൂലം യാത്ര ഒഴിവാക്കിയ ഭക്തരും മാസപൂജയ്ക്ക് എത്തിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയനടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ ഭക്തര്‍ വിരി വയ്ക്കുന്നുണ്ടെങ്കിലും പോലീസ് ഇടപെട്ടിട്ടില്ല. ആള്‍ത്തിരക്ക് കുറവായതിനാല്‍ വിശേഷാല്‍ പൂജകള്‍ ചെയ്യാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.

അതേസമയം യുവതീ പ്രവേശനം നടത്തുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മയും തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിരിക്കെ പോലീസ് നിരീക്ഷണം ശക്തമാണ്. ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ മതിയെന്നാണ് പോലീസ് നിലപാട്. യുവതികളെത്തിയാല്‍ സംഘര്‍ഷമൊഴിവാക്കാന്‍ പമ്പയില്‍ തന്നെ ആവരെ തിരിച്ചയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

അതേസമയം സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ യുവതികൾ ശബരിമലയിലെത്താനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്. ഇവരെ തടയാനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സുരക്ഷ ചുമതല 3 എസ്പി മാർക്കാണ്. പമ്പയിലും നിലക്കലും വനിത പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. യുവതീ പ്രവേശ സാധ്യതയുണ്ടായാൽ പ്രതിഷേധം മുന്നിൽ കണ്ട് മടക്കി അയക്കുന്ന തന്ത്രമാകും പോലീസ് സ്വീകരിക്കുക. ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, യോഗം ചേര്‍ന്നിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here