Advertisement

കര്‍ഷക ആത്മഹത്യകള്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

March 1, 2019
Google News 0 minutes Read

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതു വരെ ഉണ്ടാകാത്ത അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍. സംസ്ഥാനത്ത് ഒരിക്കലുമുണ്ടാകാത്ത വിധം കര്‍ഷക ആത്മഹത്യ വര്‍ധിച്ചു.അടിക്കടിയായി ഇത്രയധികം കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നത് കേരളത്തില്‍ ആദ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജപ്തിഭീഷണിയിലുള്ള കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാമെന്ന് സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നിര്‍ദേശം നല്‍കണം. കര്‍ഷക ആത്മഹത്യയെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന  മന്ത്രി എ.കെ ബാലന് മറുപടി പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി  പറഞ്ഞു.

അതേ സമയം കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കര്‍ഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഇടുക്കിയില്‍ ഏകദിന ഉപവാസസമരം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 6 നാണ് രമേശ് ചെന്നിത്തല ഇടുക്കിയില്‍ ഉപവാസ സമരം നടത്തുക. കര്‍ഷക ആത്മഹത്യയെപ്പറ്റി അറിഞ്ഞില്ലെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. കര്‍ഷകരുടെ ബുദ്ധിമുട്ട് അറിയാത്ത മന്ത്രിമാര്‍ യഥാസ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്നും പി ടി തോമസ് കട്ടപ്പനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മാളയിലാണ് കടബാധ്യതയെത്തുടര്‍ന്ന് ഇന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ആണ് മരിച്ചത്. ജിജോയെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങളുടെ കടബാധ്യത ഇയാള്‍ക്കുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മാള പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏഴു കര്‍ഷകരാണ് ഇടുക്കി ജില്ലയില്‍ മാത്രം ജീവനൊടുക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here