Advertisement

ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകള്‍

March 3, 2019
Google News 0 minutes Read

ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകള്‍. വിവിധ സഭകളുടെ നേതൃത്വത്തില്‍ ഇന്ന് പള്ളികളില്‍ സര്‍ക്കുലറുകളും ഇടയ ലേഖനങ്ങളും വായിച്ചു. വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികളും യോഗങ്ങളും ചേര്‍ന്നു. ഭീമ ഹര്‍ജി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്താണ് സഭകള്‍ സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞ ദിവസം ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനമെടുത്തിരുന്നു. യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ സഭകളുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്രൈസ്തവ സഭകളുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്ന ചര്‍ച്ച് ആക്ട് ബില്ല് സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടും, വിശ്വാസികളുടെ ഒപ്പു ശേഖരിച്ച് ഭീമ ഹര്‍ജി തയ്യാറാക്കാനും ആഹ്വാനം ചെയ്യുന്ന സര്‍ക്കുലറുകള്‍ പള്ളികളില്‍ വായിച്ചു.

വിവിധ പള്ളികളില്‍ പ്രതിഷേധ പ്രമേയങ്ങളും വായിച്ചു. ബില്ല് കത്തിച്ചും യോഗങ്ങള്‍ നടത്തിയും വിശ്വാസികള്‍ പ്രതിഷേധിച്ചു. കത്തോലിക്ക സഭകള്‍ക്ക് കീഴിലുള്ള പള്ളികളിലും, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ സഭകള്‍ക്ക് കീഴിലെ പള്ളികളിലും സര്‍ക്കുലര്‍ വായിച്ചു. ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണെന്നും, നിയമത്തിനായി വാദിക്കുന്നവരുടെ ന്യായീകരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും കെസിബിസി ആരോപിച്ചു. പൂര്‍ണമായും ബില്ല് പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ സമരത്തിലേക്ക് കടക്കാനാണ് ക്രൈസ്തവ സഭകളുടെ തീരുമാനം.സഭാ സ്വത്തിന്മേല്‍ കൈകടത്താനുള്ള നിക്ഷിപ്ത താല്‍പര്യമാണ് ചര്‍ച്ച് ആക്ട് ബില്ലിനു പിന്നിലെന്ന് ക്രൈസ്തവ സഭകളുടെ സംയുക്ത സമ്മേളനം നേരത്തെ ആരോപിച്ചിരുന്നു.

സഭാ സ്വത്തുക്കള്‍ കൈാര്യം ചെയ്യാന്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നും ബില്ല് പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടിരുന്നു. എട്ട് ക്രൈസ്തവ സഭ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ ദിവസം സഭാ നേതൃത്വങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്.ചര്‍ച്ച് ആക്ട് ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വൈരുദ്ധ്യാത്മക നിലപാടാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭകളുടെ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ബില്ല് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടത്. ബില്ലിനു പിന്നില്‍ സഭാ സ്വത്തുക്കളില്‍ കൈകടത്താനുള്ള നിക്ഷിപ്ത താല്‍പര്യമാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here