25 വർഷങ്ങൾക്ക് മുമ്പ് പെയിൻ ആന്റ് പാലിയേറ്റീവ് കെയറിലേക്ക് തന്നെ എത്തിച്ചതിന് പിന്നിലെ കഥ തുറന്ന് പറഞ്ഞ് മമ്മൂട്ടി

ഒരു നടൻ എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തികൂടിയാണ് നടൻ മമ്മൂട്ടി. ‘പെയിൻ ആന്റ് പാലിയേറ്റീവ് കെയർ’ എന്ന സംഘടനയുടെ രക്ഷാധികാരിയായി ആയിരക്കണക്കിന് പേരുടെ ജീവിതയാതനകളും വേദനകളും മാറ്റാൻ മുന്നട്ടിറങ്ങിയ അദ്ദേഹം സംഘനടയുടെ ഭാഗമാകുന്നത് 25 വർഷങ്ങൾക്ക് മുമ്പാണ്. സംഘടനയിൽ എത്തിച്ചേർന്നതെങ്ങനെയെന്ന കഥ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം മലങ്കര ഓർത്തഡോക്‌സ് ബിഷപ്പ് മാത്യൂസ് മാർ സേവേറിയോസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയെന്നോണമായിരുന്നു താരത്തിന്റെ പ്രസംഗം.

‘സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയുംവിധം സഹായിക്കണം. അതിന് വേണ്ടി ചിലതൊക്കെ ചെയ്യണം. അത്രമാത്രം പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ട് ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു.

Read Also : കൈകൊടുത്ത് പിണറായിയും ഉമ്മന്‍ചാണ്ടിയും, ചേര്‍ന്ന് നിന്ന് മമ്മൂട്ടി; ചെന്നിത്തലയുടെ മകന്റെ വിവാഹ വീഡിയോ

ഡോ. രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ട് പേരുടെ ചികിത്സ സഹായത്തിനാണ് വന്നതെന്ന്. സാറിന് അത് ചെയ്തു തരാൻ പറ്റുമോ എന്ന്. അപ്പോഴാണ് പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന സൊസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയിലുള്ള രോഗികൾക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. വേദനയിൽ നിന്നും അവർക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ.

അവരുടെ വാക്കിൽ നിന്നും മഹത്തായ ഈ ആശയം എനിക്ക് വല്ലാത ഇഷ്ടമായി. അവർ പറഞ്ഞ രോഗികളുടെ ചികിത്സ ഞാൻ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാൻ ചോദിച്ചു. ഇതിനപ്പുറം ഞാൻ എന്തെങ്കിലും ചെയ്യണോ എന്ന്. അതിന് അവർ നൽകിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാൻ ആ ആവശ്യം സ്വീകരിച്ചു.

Read Also : പ്രണവിന് ക്രിസ്മസ് കേക്ക് നൽകി മമ്മൂട്ടി; എല്ലാവരും പ്രതീക്ഷിക്കേണ്ടെന്ന് താക്കീതും ! വീഡിയോ

സൊസൈറ്റിയുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കോഴിക്കോട് വച്ച് ഡിന്നർ വിത്ത് മമ്മൂട്ടി എന്ന പേരിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിലൂടെ പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് പിരിഞ്ഞ് കിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളർന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തു പോരുന്നു. ഇതൊന്നും ഞാനാരോടും പറഞ്ഞ് നടന്നില്ല. ഇപ്പോൾ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ഞാൻ ഇത് പറഞ്ഞത്’- മമ്മൂട്ടി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top