പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാ ചുമതലയേറ്റു. സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിന്‍ ധവാലിക്കറും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും ഉപമുഖ്യമന്ത്രിമ്മാരായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ബി ജെ പിയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ചർച്ചകള്‍ക്കൊടുവില്‍ യുവനേതാവും നിയമസഭാ സ്പീക്കറുമായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. മനോഹർ പരീക്കറുടെ വിയോഗത്തെ തുടർന്ന് സംസ്ഥാന ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി വളരെ പെട്ടെന്ന് മറികടക്കാന്‍ ബി ജെ പിക്കായി. പ്രമോദ് സാവന്തിനെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയെയും ഗോവ ഫോർവേഡ് പാർട്ടിയെയും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി കൊണ്ടാണ് ബി ജെ പി തൃപ്തിപ്പെടുത്തിയത്.

ആദ്യം ഘട്ടം മുതല്‍ ബി ജെ പിയുടെ താത്പര്യം സാവന്തിനെ മുഖ്യമന്ത്രിയാക്കുകയെന്നതായിരുന്നു. സഖ്യ കക്ഷികളുടെ എതിർപ്പ് ഉയർന്നപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറുടെ പേരും പാർട്ടി പരിഗണിച്ചു. സാന്‍ക്യൂലിം മണ്ഡലത്തിലെ എം എല്‍ എയായ പ്രമോദ് സാവന്ത് മനോഹർ പരീക്കറുടെ വിശ്വസ്തനായിരുന്നു. പരിചയ സന്പന്നരായ എം എല്‍ എമ്മാർ ഉണ്ടായിരുന്നപ്പോഴും സ്പീക്കർ പദവി സാവന്തിന് നല്‍കിയത് അത് കൊണ്ടായിരുന്നു. ആർ എസ് എസിന്‍റെ പിന്തുണയുള്ള സാവന്തിന് ഗോവയിലെ ഹിന്ദു വിഭാഗത്തിലും കത്തോലിക്ക വിഭാഗത്തിലും സ്വാധീനമുണ്ട്.

പതിനാല് എം എല്‍ എമ്മാരുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സർക്കാരുണ്ടാക്കാന്‍ അവകാശ വാദമുന്നയിച്ചെങ്കിലും സ്പീക്കറുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമുണ്ടായിരുന്നില്ല. പന്ത്രണ്ട് എം എല്‍ എമ്മാരുളള ബി ജെ പിക്ക് എം ജി പി, ജി എഫ് പി പാർട്ടികളുടെ മൂന്ന് വീതം എം എല്‍ എമ്മാരുടെയും മൂന്ന് സ്വതന്ത്ര എം എല്‍ എമ്മാരുടെയും അടക്കം 21പേരുടെ പിന്തുണയുണ്ട്. വേഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിഞ്ഞെങ്കിലും ബി ജെ പിക്ക് ഗോവ ഭരണം വരും ദിവസങ്ങളില്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top