വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി

വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിനെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി. കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ നിരന്തരം ഇടുന്നു എന്ന് ചൂണ്ടിക്കാട്ടി ബിആര്‍സിഎസ് സംസ്ഥാന പ്രസിഡന്റ് നൗഷാദ് തെക്കയിലാണ് ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ പരാതി നല്‍കിയത്.

വനിത കമ്മീഷന്‍ അംഗമെന്ന നിലയില്‍ ഗുരുതര കൃത്യവിലോപമാണ് ഷാഹിദ കമാല്‍ നടത്തിയതെന്ന് നൗഷാദ് ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 21 പ്രകാരം സര്‍ക്കാര്‍ ചട്ടം ബാധകമായ ഉദ്യോഗസ്ഥയാണ് ഷാഹിദ കമാല്‍. സര്‍ക്കാര്‍ ചുമതല വഹിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാന്‍ പാടില്ലെന്നിരിക്കെ ഫെയ്‌സ്ബുക്കിലൂടെ അവര്‍ സ്വീകരിച്ചത് അത്തരത്തിലുള്ള നടപടികളാണ്. ഷാഹിദയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൗഷാദ് ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നൗഷാദ് പരാതിക്കൊപ്പം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top