പൊലീസ് അന്വേഷണം കാര്യക്ഷമമല്ല; നിലക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശിവദാസന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു

നിലയ്ക്കലില്‍ അയ്യപ്പഭക്തന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി. പന്തളം സ്വദേശി ശിവദാസന്റെ കുടുംബമാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചാണ് ഹര്‍ജി.

സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ശിവദാസന്റെ മകന്‍ ശരത്താണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലോ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് ആവശ്യം. നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും
കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടയെല്ലുപൊട്ടി രക്തം വാര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇത് ശക്തമായ അടിയേറ്റതിനാലോ മറ്റെന്തെങ്കിലും ആക്രമണത്തിലൂടെയോ സംഭവിച്ചതാകാം. സംഭവത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നിലയ്ക്കലില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് ലാത്തി ചാര്‍ജ്ജ് നടന്നതിന് തൊട്ടടുത്ത ദിവസമാണ് ശിവദാസനെ കാണാതായെന്ന പരാതി ഉയര്‍ന്നത്. പിന്നീട് ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്നുും ശിവദാസന്റെ മൃതദേഹം കണ്ടെത്തി. നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും ആരോപിച്ചു. അതേസമയം, ശിവദാസന്റെ മരണത്തിന് നിലക്കലില്‍ നടന്ന പൊലീസ് നടപടിയുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് കഴിഞ്ഞിരുന്നില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top