Advertisement

ഭീമമായ തുകയ്ക്ക് ജോബിയെ റാഞ്ചി എടികെ; ഇനി ഐഎസ്എല്ലിൽ ബൂട്ടണിയും

April 4, 2019
Google News 1 minute Read

 

ഈസ്റ്റ് ബംഗാളിൻ്റെ മലയാളി താരം ജോബി ജസ്റ്റിൻ ഇനി എടികെയ്ക്കു വേണ്ടി ബൂട്ടണിയും. ഐലീഗിൽ മിന്നും ഫോമിലുള്ള സ്ട്രൈക്കറെ സ്വന്തമാക്കാൻ ഏകദേശം 90 ലക്ഷം രൂപ എടികെ ചെലവഴിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിരവധി ഐഎൽഎൽ ക്ലബുകൾ ജോബിക്കായി വല വീശിയെങ്കിലും കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ക്ലബിലേക്ക് ചേക്കേറാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

താൻ ഈസ്റ്റ് ബംഗാൾ വിട്ട് എടികെയിലേക്ക് പോവുകയാണെന്ന് ജോബി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ എടികെ ജോബിക്ക് വൻ ഓഫർ മുന്നോട്ടു വെച്ചെങ്കിലും സീസൺ കഴിഞ്ഞ് മാത്രമേ ആ ഓഫർ താൻ സ്വീകരിക്കൂ എന്ന് ജോബി വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകളാണ് ജോബി സ്കോർ ചെയ്തത്. ഈസ്റ്റ് ബംഗാളിൻ്റെ ഈ സീസണിലെയും ഐലീഗിലെ ഇന്ത്യൻ കളിക്കാരിലെയും ടോപ്പ് സ്കോറർ ആയാണ് ജോബി ക്ലബിൽ നിന്നും പടിയിറങ്ങുന്നത്. ക്ലബ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന ജോബി ടീം വിടുന്നതിൽ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. നേരത്തെ സ്റ്റേഡിയത്തിൽ സ്ഥിരമായി താൻ എത്തുന്ന സൈക്കിൾ മോഷണം പോയതിനെതുടർന്ന് ആരാധകർ ജോബിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകിയിരുന്നു.

കേരള സന്തോഷ് ട്രോഫി ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക് ചുവടു വെച്ച തിരുവനന്തപുരം സ്വദേശി ജോബി കെഎസ്ഇബിയിലൂടെയാണ് ക്ലബ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രഥമ കേരള പീമിയർ ലീഗിൽ കെഎസ്ഇബിക്കായി ബൂട്ട് കെട്ടിയ ജോബിയുടെ മികവിൽ അക്കൊല്ലത്തെ ചാമ്പ്യൻ പട്ടം കെഎസ്ഇബി സ്വന്തമാക്കി. പുതിയ താരങ്ങളെ കണ്ടെത്താൻ പ്രീമിയർ ലീഗ് മത്സര വേദിയിലെത്തിയ ഈസ്റ്റ് ബംഗാൾ സ്കൗട്ട് ജോബിയുടെ കളി മികവ് ശ്രദ്ധിച്ചു. കേരള പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ജോബിയെ തൊട്ടടുത്ത കൊല്ലം, 2017ൽ ഈസ്റ്റ് ബംഗാൾ ടീമിലെത്തിച്ചു. 2017-18 സീസണിൽ 9 തവണ ക്ലബിനായി കളത്തിലിറങ്ങിയ ജോബി രണ്ട് ഗോളുകൾ നേടിയിരുന്നു. ഇന്ത്യയുടെ ഭാവി താരമെന്ന് കരുതപ്പെടുന്നയാളാണ് ഈ 25കാരൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here