വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല; പരോക്ഷ വിമർശനവുമായി അദ്വാനി

ബിജെപിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളെല്ലെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി. രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ ബിജെപി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ലെന്നും വിയോജിപ്പുകളും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അദ്വാനി വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് അദ്വാനി രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്വാനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു ശേഷം ഇതാദ്യമായാണ് അദ്വാനി പരസ്യമായി പ്രതികരിച്ചത്.

രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. പാർട്ടിക്ക് രണ്ടാം സ്ഥാനവും വ്യക്തിപരമായ കാര്യങ്ങൾക്ക് മൂന്നാം സ്ഥാനവും മാത്രമേ നൽകാവൂ. രാഷ്ട്രീയ എതിരാളികളെ ബി ജെ പി ഒരിക്കലും ശത്രുക്കളായി കണ്ടിട്ടില്ല. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പിലൂടെ എല്ലാവരും ശ്രമിക്കണമെന്നും അദ്വാനി ബ്ലോഗിലെ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതുവരെയും തനിക്കൊപ്പം നിന്ന ഗാന്ധി നഗർ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി അറിയിക്കുന്നതായും അദ്വാനി ബ്ലോഗിൽ കുറിച്ചു. അദ്വാനി ആറു തവണയായി മത്സരിച്ചുകൊണ്ടിരുന്ന ഗാന്ധി നഗർ മണ്ഡലത്തിൽ ഇത്തവണ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് മത്സരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top