സഖ്യ ചർച്ചകള്‍ സജീവമാക്കി ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും

ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സഖ്യ ചർച്ചകള്‍ സജീവമാക്കി ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും. ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി പി സി ചാക്കോയും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി. വരും ദിവസങ്ങളില്‍ സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമായി ഒരുമിച്ച് മത്സരിച്ചാല്‍ ഏഴില്‍ ആറ് സീറ്റ് വരെ ലഭിക്കാമെന്ന കണക്ക് കൂട്ടലിലാണ് പാർട്ടികള്‍. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം പി സി ചാക്കോയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ന്യൂഡല്‍ഹി, ചാന്ദ്നി ചൌക്ക്, വടക്ക്കിഴക്കന്‍ ഡല്‍ഹി എന്നിങ്ങനെ മൂന്ന് സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ച അഭിപ്രായം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പി സി ചാക്കോ അറിയിച്ചുവെന്നാണ് വിവരം. ഹരിയാന,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിന് ആം ആദ്മി പാർട്ടി വിട്ട് നല്‍കുമെന്ന സൂചനയുമുണ്ട്. ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവി നല്‍കുമെന്ന ആം ആദ്മി പാർട്ടി വാഗ്ദാനം കോണ്‍ഗ്രസും ഏറ്റെടുക്കും. മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ നേതാക്കളുമായും കൂടിയാലോചിച്ച ശേഷം സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. എന്നാൽ, ഡല്‍ഹി പി സി സി അധ്യക്ഷ ഷീല ദീക്ഷിത് ഇപ്പോഴും സഖ്യത്തിനെതിരാണ്. ഏപ്രില്‍ രണ്ടിന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷീല ദീക്ഷിത് ഇത് വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top