ഇലക്ടറല്‍ ബോണ്ടുവഴിയുള്ള സംഭാവനകള്‍ക്ക് സ്‌റ്റേയില്ല; വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി. നിലവിലെ സ്ഥിതി തുടരാം. എന്നാല്‍ എല്ലാ പാര്‍ട്ടികളും പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മെയ് മുപ്പതിനകം മുദ്രവെച്ച കവറില്‍ പണത്തിന്റെ സ്രോതസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.

എന്താണ് ഇലക്ടറല്‍ ബോണ്ട്?

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി 2017ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇലക്‌റല്‍ ബോണ്ട്. പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ക്കു കണക്കുണ്ടാക്കുക ആയിരുന്നു മുഖ്യ ലക്ഷ്യം. പാര്‍ട്ടികള്‍ക്കു പണമായി സ്വീകരിക്കാവുന്ന സംഭാവന രണ്ടായിരം രൂപയായി നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്.

പ്രോമിസറി നോട്ട് പോലെ ഉപയോഗിക്കാവുന്ന ഒരു ‘സാമ്പത്തിക ഉപകരണ’മാണ് ഇലക്ടറല്‍ ബോണ്ട്. ഏത് ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍നിന്നു ഇതു വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെയാണ് ഇലക്ടറല്‍ ബോണ്ടിന്റെ മൂല്യം. ബാങ്കില്‍നിന്ന് ഈ ബോണ്ട് വാങ്ങി പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കാവുന്നതാണ്. പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ വെരിഫൈ ചെയ്ത അക്കൗണ്ട് വഴി പതിനഞ്ചു ദിവസത്തിനകം ബോണ്ട് പണമാക്കി മാറ്റാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top