Advertisement

വൈദികനിൽ നിന്നും പഞ്ചാബ് പൊലീസ് തട്ടിയെടുത്ത 7 കോടിയിൽ 2.38 കോടി തിരികെ പിടിച്ചെടുത്തു

May 3, 2019
Google News 0 minutes Read

ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് തട്ടിയെടുത്ത 7 കോടി രൂപയിൽ നിന്ന് 2.38 കോടി രൂപ കണ്ടെടുത്തതായി പഞ്ചാബ് പൊലീസ്. പഞ്ചാബിലെ അഞ്ച് ജില്ലകളിൽ നിന്നാണ് പണം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായ പഞ്ചാബ് പൊലീസിലെ എഎസ്‌ഐമാരായ ജോഗീന്ദ്ര സിംഗ്, രാജ് പ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യലിലാണ് പണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കി വീണ്ടും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു.

ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 9.67 കോടി രൂപ മാത്രമാണ് ആദായ നികുതി വകുപ്പിന് പഞ്ചാബ് പൊലീസിന് കൈമാറാനായത്. ഇതിൽ നിന്നും 7 കോടി രൂപ തട്ടിയെടുത്ത പഞ്ചാബ് പൊലീസിലെ എഎസ്‌ഐമാരായ ജോഗീന്ദ്ര സിംഗ്, രാജ് പ്രീത് സിംഗ് എന്നിവർ ഒളിവിൽ പോകുകയായിരുന്നു. സസ്‌പെൻഷനിലായ ഇരുവരും നേപ്പാളിലും ഡൽഹിയിലും മുംബൈയിലുമായാണ് കഴിഞ്ഞത്. ഇതിനിടെ ഫോർട്ട് കൊച്ചിയിൽ നിന്നും ഇരുവരും പൊലീസിന്റെ പിടിയിലായി. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പണം വിദേശത്തേയ്ക്ക് കടത്തിയതായാണ് പ്രതികൾ നൽകിയ മൊഴി. 4.45 കോടി രൂപ പ്രതികളിലൊരാളായ രാജ് പ്രീത് സിംഗിന്റെ അമേരിക്കയിലുള്ള കാമുകിക്കാണ് അയച്ച് നൽകിയത്. 1.75 കോടി രൂപ പാരിസിലേക്കും അയച്ചതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

അതേസമയം താൻ സ്വന്തമായി നടത്തുന്ന ബിസിനസിൽ നിന്നുള്ള വിഹിതം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് വൈദികൻ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കൽ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവർ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here