Advertisement

സീറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്; ഫാദർ പോൾ തേലക്കാട്ടിന് സമൻസ്

May 5, 2019
Google News 1 minute Read

സീറോ മലബാർ സഭയിലെ വ്യാജ രേഖാ കേസിൽ അന്വേഷണ സംഘം ഫാദർ പോൾ തേലക്കാട്ടിന് സമൻസ് അയച്ചു. ആലുവ ഡിവൈഎസ്പിയാണ് നോട്ടിസ് നൽകിയത്. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം. വ്യാജരേഖാ കേസിൽ കൂടുതൽ വൈദികരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമിച്ചുവെന്ന പരാതിയിൽ പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സഭാ സിനഡിന് വേണ്ടി സഭയുടെ ഇന്റർനെറ്റ് മിഷൻ ഡയറകടറായ ഫാ.ജോബി മാപ്രക്കാവിലാണ് പരാതി നൽകിയത്. പിന്നാലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോൾ തേലക്കാട്ടും ബിഷപ്പ് ജേക്കബ് മനത്തോടത്തും ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് പോൾ തേലക്കാട്ടിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

നാളെ രാവിലെ ആലുവ ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അന്വേഷണ സംഘം നോട്ടീസ് നൽകി. ഇതിന് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപതയിലെ കൂടുതൽ വൈദികരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. വ്യാജരേഖ നിർമ്മിച്ചതിൽ പോൾ തേലക്കാട്ടടക്കം 15-ഓളം വൈദികർക്ക് പങ്കുണ്ടെന്ന് മറ്റൂർ പള്ളി വികാരിയായ ഫാ.ആന്റണി പൂതവേലി ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പണമിടപാട് രേഖകൾ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഇന്നലെ രാത്രി യോഗം ചേർന്നു. വ്യാജരേഖാ കേസിലെ തുടർ നടപടികൾ ചർച്ച ചെയ്യാനായിരുന്നു യോഗം. 18 വൈദികർ യോഗത്തിൽ പങ്കെടുത്തു. അടുത്ത ബുധനാഴ്ച കൊച്ചിയിൽ ചേരുന്ന കെസിബിസി എക്‌സിക്യൂട്ടീവ് യോഗം വ്യാജ രേഖാക്കേസ് ചർച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here